ഡോക്ടര്‍മാരെ സ്ഥലം മാറ്റാന്‍ നീക്കം; പ്രക്ഷോഭത്തിനൊരുങ്ങി കെ ജി എം സി ടി എ

Posted on: November 5, 2014 1:06 am | Last updated: November 5, 2014 at 1:06 am

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുതായി ആരംഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് സ്ഥലം മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ ജി എം സി ടി എ) പ്രക്ഷോഭത്തിലേക്ക്.
ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോവുമെന്ന് ചൂണ്ടിക്കാട്ടി കെ ജി എം സി ടി എ ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പ് സെക്രട്ടറിക്കും നോട്ടീസ് നല്‍കി. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന സംഘടനയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സര്‍ക്കാരിന്റെ നടപടിക്കെതിരേ നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ചത്. സൂചനാസമരമെന്ന നിലയില്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകള്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തും.
ഡോക്ടര്‍മാരെ അന്യായമായി സ്ഥലം മാറ്റാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ഒ പി ബഹിഷക്കരണം അടക്കമുള്ള സമര പരിപാടികളിലേക്ക് പോകാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. നിലവിലെ മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഡോക്ടര്‍മാരെ സര്‍ക്കാര്‍ സ്ഥലംമാറ്റിയാല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം. ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്ന ദിവസം മുതല്‍ സമരം ആരംഭിക്കുമെന്ന് കെ ജി എം സി ടി എ പ്രസിഡന്റ് ഡോ. കെ മോഹനന്‍ അറിയിച്ചു. ഡോക്ടര്‍മാരെ സ്ഥലം മാറ്റുന്നതിലൂടെ നിലവിലെ മെഡിക്കല്‍ കോളജുകളിലുണ്ടായിരുന്ന തസ്തികകള്‍ ഇല്ലാതാവുകയാണ്. ഇത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനവും വിദ്യാര്‍ഥികളുടെ പഠനവും പ്രതിസന്ധിയിലാക്കും. തസ്തിക സൃഷ്ടിക്കാതെ പുതുതായി തുടങ്ങിയ മെഡിക്കല്‍ കോളജുകളിലേക്ക് സര്‍ക്കാര്‍ വ്യാജമായി ഡോക്ടര്‍മാരെ നിയമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിനാല്‍ അംഗീകാരം നഷ്ട്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെ ജി എം സി ടി എ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 88 തസ്തികകള്‍ ആവശ്യമുള്ള ഇടുക്കി മെഡിക്കല്‍ കോളജില്‍ 15 ഡോക്ടര്‍മാരെ മാത്രമാണ് നിയമിച്ചിരിക്കുന്നതെന്നും മഞ്ചേരി മെഡിക്കല്‍ കോളജില്‍ 217 ജീവനക്കാര്‍ വേണ്ടിടത്ത് 106 പേര്‍ മാത്രമാണുള്ളതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.