എസ് വൈ എസ് അറുപതാം വാര്‍ഷികം; സമ്മേളന കാഴ്ചകള്‍ തൊട്ടറിയാന്‍ നേതാക്കളുടെ പര്യടനം

Posted on: November 5, 2014 12:52 am | Last updated: November 5, 2014 at 12:52 am

കോഴിക്കോട്: സുന്നി കൈരളിയുടെ സമ്മേളന കാഴ്ചകള്‍ തൊട്ടറിയാന്‍ നേതാക്കള്‍ പ്രവര്‍ത്തകരിലേക്ക്. പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഗതിവേഗത്തിന് ഊര്‍ജം പകരുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ആരവങ്ങളിലേക്കാണ് നേതാക്കളെത്തുന്നത്. സമ്മേളന പ്രഖ്യാപനം തൊട്ട് നടപ്പിലാക്കിയ പ്രചാരണ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള സമ്മേളന ചുവടുകള്‍ വിലയിരുത്താനാണ് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കിയ പദ്ധതികളും രണ്ടാം ഘട്ട പദ്ധതികളുടെ പുരോഗതിയും നേതാക്കള്‍ നേരിട്ട് വിലയിരുത്തും. ഈ മാസം ഏഴിന് വൈകുന്നേരം 3 മണിക്ക് മാനന്തവാടിയിലാണ് ആദ്യപര്യടനം. 7, 8 9 തീയതികളില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നേതാക്കളെത്തും. 14, 15, 16, 21, 22 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാംകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, ജില്ലകളില്‍ പര്യടനം നടത്തും. 23 ന് തിരുവനന്തപുരത്താണ് നേതാക്കളുടെ പര്യടനം സമാപിക്കുന്നത്.
പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ വിവിധ ഘടകങ്ങള്‍ക്കായി നിര്‍ദേശിച്ച മുഴുവന്‍ പരിപാടികളും മല്‍സരബുദ്ധിയോടെ അതാത് ഘടകങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിളംബരം, നേതൃ പരിശീലനം, ഇ സി ശില്‍പ്പശാല, ആദര്‍ശ പഠനം, ഉലമാ സംഗമം, പ്രാദേശിക പരിശീലനം, ഫാമിലി സ്‌കൂള്‍, നിധി ശേഖരണം, നാടുണര്‍ത്തല്‍, പ്രാദേശിക പ്രചാരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ നടന്ന പ്രധാന പരിപാടികള്‍. പരസ്യപ്രചാരണത്തിന്റെ ഭാഗമായി സമ്മേളനനാള്‍ വരെ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികള്‍ ലീഡേഴ്‌സ് ക്യാമ്പില്‍ പ്രഖ്യാപിച്ചിരുന്നു. ഇവ വ്യക്തമാക്കുന്ന കര്‍മപദ്ധതികളുടെ രണ്ടാമത് ഗൈഡും ഘടകങ്ങള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇവയെല്ലാം നേതാക്കളുടെ പര്യടനത്തില്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടും.
പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി സൈതലവി മാസ്റ്റര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, സയ്യിദ് ത്വാഹാ തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സംസ്ഥാന തല പര്യടനത്തിന് നേതൃത്വം നല്‍കും.