കൊല്‍ക്കത്ത തുറമുഖത്ത് ഭീകരാക്രമണ ഭീഷണി; കനത്ത ജാഗ്രത

Posted on: November 5, 2014 4:41 am | Last updated: November 5, 2014 at 12:42 am

കൊല്‍ക്കത്ത: കൊല്‍ക്കത്ത തുറമുഖത്ത് ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം തുറമുഖത്ത് പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്രവാദികള്‍ തുറമുഖം ആക്രമിക്കുവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച രാത്രി സുരക്ഷാ ഏജന്‍സികള്‍ക്ക് തുടര്‍ച്ചയായി ലഭിക്കുകയായിരുന്നു.
ഭീഷണിയെ തുടര്‍ന്ന് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഐ എന്‍ എസ് ഖുക്്‌റി, ഐ എന്‍ എസ് സുമിത്ര എന്നീ യുദ്ധക്കപ്പലുകള്‍ തീരത്ത് നിന്ന് മാറ്റി. നാവിക വാരാചരണത്തോട് അനുബന്ധിച്ച് തുറമുഖത്ത് എത്തിയതായിരുന്നു ഇരു യുദ്ധകപ്പലുകളും.
നിലവില്‍ പുറം കടലിലേക്ക് കപ്പലുകള്‍ മാറിയതായാണ് റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍, തീരദേശ സേന, സി ഐ എസ് എഫ്, നാവിക സേന, കരസേന എന്നിവയുടെ അടിയന്തര യോഗം ചേര്‍ന്നു. തീരത്ത് കോസ്റ്റ് ഗാര്‍ഡിന്റെ ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.