Connect with us

International

2016ലെ ആണവ സുരക്ഷാ സമ്മേളനം റഷ്യ ബഹിഷ്‌കരിച്ചു

Published

|

Last Updated

വിയന്ന : 2016ല്‍ നടത്താന്‍ പദ്ധതിയിട്ട ആണവ സുരക്ഷാ സമ്മേളനം റഷ്യ ബഹിഷ്‌കരിച്ചതായി അമേരിക്കയും യൂറോപ്യന്‍ ഉദ്യോഗസ്ഥരും. റഷ്യയുടെ ഈ നീക്കം സ്ഥാനമേറ്റെടുത്ത ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തുന്ന ആണവ തീവ്രവാദത്തിനെതിരായ ഗൗരവതരമായ നടപടികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. സമ്മേളനത്തില്‍ റഷ്യ പങ്കെടുക്കില്ലെന്നതുകൊണ്ടു അര്‍ഥമാക്കുന്നത് ബഹിഷ്‌കരണമെന്നാണോ എന്ന് വ്യക്തമായിട്ടില്ലെന്നും ഉക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യ ഇടപെടുന്നത് സംബന്ധിച്ച് അമേരിക്കയുടെ കര്‍ക്കശ നിലപാടും ഇത് പാശ്ചാത്യ ശക്തികളുടെ റഷ്യക്കെതിരായ ഉപരോധത്തിലേക്ക് നയിച്ചതുമാണ് ഇപ്പോഴത്തെ റഷ്യയുടെ നിലപാടിന് പിന്നിലെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറിയ കാലത്തേക്കാണെങ്കില്‍പോലും റഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. 2016 ലെ സമ്മേളനത്തിനു മുന്നോടിയായി മൂന്നോ നാലോ സമ്മേളനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ട്. എന്നാല്‍ ഇതിലെ അജണ്ട നിശ്ചയിക്കുന്നതില്‍ ലോകത്തിലെ അംഗീകൃതമായ അഞ്ച് ആണവ ശക്തികളിലൊന്നായ റഷ്യയുടെ സാന്നിധ്യം സുപ്രധാനമായാണ് കരുതുന്നത്.
ആണവായുധങ്ങള്‍ നിര്‍മിച്ച രാജ്യങ്ങളില്‍നിന്ന് ഇവ തീവ്രവാദികളുടെ കൈകളില്‍ എത്തിപ്പെടാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് 2010 മുതല്‍ തുടര്‍ച്ചയായി ആണവ സുരക്ഷാ സമ്മേളനങ്ങള്‍ക്ക് മുന്‍കൈയെടുത്തുവരികയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ഹേഗില്‍ നടന്ന സമ്മേളനത്തില്‍ 35 രാഷ്ട്രങ്ങള്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ റഷ്യക്ക് പുറമെ ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ആണവ രാജ്യങ്ങളും പങ്കെടുത്തിരുന്നില്ല.

Latest