Connect with us

International

ഗാസാ അതിര്‍ത്തി ഇസ്‌റാഈല്‍ വീണ്ടും തുറന്നു

Published

|

Last Updated

ജെറൂസലം: ഗാസ മുനമ്പിലെ അതിര്‍ത്തി വീണ്ടും ഇസ്‌റാഈല്‍ തുറന്നു. രണ്ട് ദിവസമായി അതിര്‍ത്തികള്‍ ഇസ്‌റാഈല്‍ അടിച്ചിടുകയായിരുന്നു. എര്‍സ ഉള്‍പ്പെടെയുള്ള എല്ലാ അതിര്‍ത്തികളും തുറന്നുകൊടുത്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കെറം ശാലൂം, എര്‍സ് എന്നീ രണ്ട് പ്രമുഖ അതിര്‍ത്തിയിലൂടെയുള്ള യാത്രയാണ് ഞായറാഴ്ച മുതല്‍ ഇസ്‌റാഈല്‍ തടഞ്ഞത്. ഇതിലൂടെ ചരക്കുകള്‍ കടത്തുന്നതും യാത്രയുമാണ് വിലക്കിയത്. ഇസ്‌റാഈലിലെ ഇഷ്‌കോല്‍ ലക്ഷ്യമാക്കി ഗാസയില്‍ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അതിര്‍ത്തി മുറിച്ച് കടക്കുന്നത് തടഞ്ഞതെന്ന് പോലീസ് വക്താവ് പറഞ്ഞു. റോക്കറ്റ് ആക്രമണത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരമാണ് 50 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിച്ചത്. ഗാസ മുനമ്പില്‍ ഹമാസ് അധികാരത്തിലേറിയ 2007 മുതല്‍ അതിര്‍ത്തി അടച്ചിരുന്നു. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ മാനുഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ചതിനെ തുടര്‍ന്നാണ് ഇസ്‌റാഈല്‍ അതിര്‍ത്തികള്‍ ഭാഗികമായി തുറന്നത്. ഗാസയിലേക്കുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ മാര്‍ഗങ്ങള്‍ അടഞ്ഞതോടെ ഫലസ്തീനിലെ ജനങ്ങള്‍ ദുരിതത്തിലകപ്പെട്ടിരുന്നു.