മലയാളികളെ വീഴ്ത്താന്‍ എറണാകുളം കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ്‌

Posted on: November 5, 2014 12:30 am | Last updated: November 5, 2014 at 12:30 am

കോട്ടയം: സദാചാര പോലീസും ചുംബന സമര കോലാഹലങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍ എറണാകുളം കേന്ദ്രീകരിച്ച് വന്‍ സെക്‌സ് റാക്കറ്റ് മലയാളികളെ വലവീശാന്‍ രംഗത്ത്. മലയാളത്തിലെ പ്രമുഖ ദിനപത്രത്തില്‍ ദിവസങ്ങളായി പത്യക്ഷപ്പെടുന്ന പരസ്യത്തിലൂടെയാണ് സെക്‌സ് റാക്കറ്റ് ആളുകളെ വലയില്‍ വീഴ്ത്തുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ഈ റാക്കറ്റിന് രാജ്യമെമ്പാടും ഓഫീസുകളുണ്ടെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്ന 8089802573 എന്ന നമ്പറില്‍ വിളിക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറുന്ന സ്ത്രീ പറയുന്നത്.
എറണാകുളം കലൂരിലെ ഓഫീസില്‍ നേരിട്ടെത്തി വിവരം അന്വേഷിക്കാന്‍ കഴിയില്ലെന്നും ഇവര്‍ സൂചിപ്പിച്ചു. ക്ലബില്‍ അംഗത്വം എടുക്കുന്നതിന് നേരില്‍ കണ്ട് വിവരം തേടേണ്ടെന്നാണ് ഏജന്റ് പറയുന്നത്. 5000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റും 750 രൂപ രജിസ്‌ട്രേഷന്‍ ഫീസും അടച്ചാല്‍ ക്ലബ്ബില്‍ അംഗത്വം ലഭിക്കും. പിന്നീട് സമൂഹത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിതം നയിക്കുന്ന സ്ത്രീ പുരുഷന്മാരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ചുകൊടുക്കാന്‍ അംഗങ്ങള്‍ക്ക് റാക്കറ്റ് സംഘം വഴിതുറന്നുനല്‍കും. കോളജ് വിദ്യാര്‍ഥിനികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാരെ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാഗ്ദാനം. പിന്നീട് ഇവര്‍ നല്‍കുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് സംഘം നിര്‍ദേശിക്കുന്ന ആണ്‍ പെണ്‍ സുഹൃത്തുക്കളുമായി യഥേഷ്ടം ഇഷ്ടങ്ങളും സൗഹൃദങ്ങളും പങ്കുവെക്കാം. സൗഹൃദ കൂട്ടായ്മകളും ഇവന്റ് മാനേജ്‌മെന്റ് പാര്‍ട്ടികളും സംസ്ഥാനത്ത് എവിടെയും തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞുള്ള പരസ്യത്തില്‍ വി ഐ പി സര്‍വീസും ഇവര്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും ആവശ്യക്കാര്‍ക്ക് ഉറപ്പു നല്‍കുന്നു. സമാനമായ രീതിയില്‍ ഒന്നര മാസം മുമ്പ് മലയാള പത്രത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ സ്വദേശിയായ യുവാവായിരുന്നു പരസ്യത്തില്‍ സൂചിപ്പിക്കുന്ന നമ്പറില്‍ വിളിച്ചാല്‍ ഫോണെടുത്ത് വിവരങ്ങള്‍ കൈമാറിയിരുന്നത്.
ഇതുസംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ അവിഹിത ഇടപെടലുകളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് എ ഡി ജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, റാക്കറ്റുകളെ കണ്ടെത്തുന്ന കാര്യത്തില്‍ പോലീസ് യാതൊരു തുടര്‍ നടപടികളും കൈക്കൊണ്ടില്ല. രാഷ്ട്രീയ- ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരുടെ തണലിലാണ് സെക്‌സ് റാക്കറ്റ് സംഘം സംസ്ഥാനത്ത് വേരുറപ്പിക്കുന്നതെന്നാണ് സൂചന. ഒളികാമറയില്‍ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുന്ന സംഘത്തെ അടുത്തിടെയാണ് എറണാകുളത്ത് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വലയില്‍ നിരവധി രാഷ്ട്രീയക്കാരും വ്യവസായികളും സമൂഹത്തിലെ ഉന്നതന്മാരും അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, സമാനമായ രീതിയിലുള്ള സെക്‌സ് റാക്കറ്റ് സംഘം സംസ്ഥാനത്ത് പ്രവര്‍ത്തനം ശക്തമാക്കിയിട്ടും ഇവരെ കണ്ടെത്താനോ അന്വേഷണം നടത്താനോ പോലീസ് തയാറായിട്ടില്ല.