വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ റോഡില്‍ വീണു; ഹോട്ടലുടമക്കെതിരെ കേസ്

Posted on: November 5, 2014 12:01 am | Last updated: November 4, 2014 at 9:04 pm

നീലേശ്വരം: ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ റോഡിലേക്ക് ചിതറിവീണു. കഴിഞ്ഞ ദിവസം നീലേശ്വരത്തെ പുഴയോരത്ത് നിക്ഷേപിക്കാന്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയായിരുന്ന ഹോട്ടലിലെ മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് റോഡിലേക്ക് വീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നീലേശ്വരം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ നഗരസഭ സെക്രട്ടറിയെ വിവരമറിച്ചു. സെക്രട്ടറിയുടെ പരാതിയില്‍ നീലേശ്വരത്തെ കേരള ഹോട്ടലിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹോട്ടലില്‍ നിന്ന് സാംക്രമിക രോഗങ്ങള്‍ പടരാന്‍ ഇടയാക്കുന്ന മാലിന്യങ്ങള്‍ കയറ്റിയ വണ്ടി അലക്ഷ്യമായി ഓടിച്ചുപോയതാണ് അവശിഷ്ടങ്ങള്‍ റോഡില്‍ വീഴാന്‍ കാരണമായത്. നീലേശ്വരത്തെ വിവിധ ഭാഗങ്ങളില്‍നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങള്‍ പുഴയോരങ്ങളില്‍ തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇടവരുത്തുന്നത്.