Connect with us

Gulf

മഴക്കെടുതി: കാരണക്കാരെ വിചാരണ ചെയ്യുമെന്ന് ശൈഖ് സുല്‍ത്താന്‍

Published

|

Last Updated

ഖോര്‍ഫുകാന്‍: കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പെയ്ത മഴയില്‍ ജീവഹാനിയുള്‍പ്പെടെ പലതരം നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്വദേശികളുടെ വീടുകളിലേക്ക് വെള്ളം കയറിയത് ജീവിതം ദുസ്സഹമാക്കിയതായി പരാതികള്‍ ഉയര്‍ന്നു.
ഖോര്‍ഫുകാനിലെ അല്‍ മുദൈഫി ഭാഗത്തെ സ്വദേശി വീടുകളില്‍ പലതിനും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. വീട്ടുകാര്‍ പരാതികളുമായി അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. പല വീട്ടുകാര്‍ക്കും വീടുപേക്ഷിച്ച് നഗരത്തിലെ ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളെ അഭയം പ്രാപിക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, വീടുനിര്‍മാണത്തില്‍ വന്ന സാങ്കേതിക തകരാറുകള്‍ കാരണം ചോര്‍ച്ചയും മറ്റു കെടുതികളും സംഭവിച്ചതിന് ഉത്തരവാദികളായവരെ നിയമപരമായി വിചാരണ ചെയ്യുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു. ഷാര്‍ജ ടെലിവിഷനും റേഡിയോയും നടത്തിയ ലൈവ് ടെലി-ഇന്‍ പരിപാടിയില്‍ ചില പരാതിക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ശൈഖ് സുല്‍ത്താന്‍ ഇക്കാര്യം പറഞ്ഞത്. ദുരിതബാധിത പ്രദേശത്ത് വൈകാതെ നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസ്സിലാക്കുമെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമുണ്ടായ മഴയില്‍ വീടിനു സംഭവിച്ച കേടുപാടുകള്‍ മാറ്റിയെടുക്കാന്‍ വന്‍തുക മുടക്കി വീടു മൊത്തം അറ്റക്കുറ്റപ്പണി നടത്തി ദിവസങ്ങള്‍ക്കകമാണ് വീണ്ടും മഴ പെയ്തത് കാരണം കേടുപാടുകള്‍ സംഭവിച്ചതെന്ന് അല്‍ മുദൈഫിയിലെ ഒരു വീട്ടമ്മ തന്റെ പരാതിയില്‍ പറഞ്ഞു. ഏതായാലും പ്രശ്‌നങ്ങള്‍ക്ക് വൈകാതെ തന്നെ അന്തിമ പരിഹാരം കാണുമെന്ന് ഷാര്‍ജ ഭരണാധികാരി തന്നെ പ്രഖ്യാപിച്ചതില്‍ ഏറെ പ്രതീക്ഷയിലാണ് ജനങ്ങള്‍.

Latest