Connect with us

Gulf

2020 ഓടെ സ്തനാര്‍ബുദം നിയന്ത്രണ വിധേയമാക്കും

Published

|

Last Updated

ദുബൈ: സ്തനാര്‍ബുദത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബ്രസ്റ്റ് കാന്‍സര്‍ കോയലീഷന്‍ എന്ന സംഘടന നടത്തിവരുന്ന ലോകവ്യാപകമായ കാമ്പയിന്‍ വിജയത്തിലെത്താന്‍ കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ലോക പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വിവേക് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. “കാന്‍സറിനെതിരെയുള്ള പോരാട്ടം” എന്ന വിഷയത്തില്‍ അസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയറിന്റെ സി എം ഇ ഡിവിഷനായ സിനര്‍ജ് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ജനുവരി ഒന്ന്, സ്തനാര്‍ബുദമില്ലാത്ത ലോകത്തിന്റെ ആദ്യ ദിവസമാകും എന്ന പ്രതീക്ഷയിലാണ് ഇതിനെതിരെ പൊരുതുന്ന വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാം. ശക്തമായ മുന്‍കരുതലുകളും ഫലവത്തായ പ്രതിരോധ മാര്‍ഗങ്ങളും വഴി ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്തനാര്‍ബുദം തടയുന്നതിനുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയാണിപ്പോള്‍ എന്‍ ബി സി സി. സ്തനാര്‍ബുദത്തിന്റെ വ്യാപനം തടയാന്‍ തീര്‍ച്ചയായും ഈ പരിഷ്‌കരണം വലിയ പങ്കുവഹിക്കും.
മാമോഗ്രഫി വഴിയുള്ള ചികിത്സാരീതി രോഗം നേരത്തേ കണ്ടെത്തുവാന്‍ ഏറെ ഫലപ്രദമാണ്. 40-74 വരെ പ്രായമുള്ളവരില്‍ അസുഖം 15 മുതല്‍ 20 ശതമാനം വരെ കുറച്ചുകൊണ്ടുവരാന്‍ ഇതുവഴി സാധിക്കും.
ഈ വര്‍ഷം രണ്ടര ലക്ഷം സ്ത്രീകളും രണ്ടായിരം പുരുഷന്മാരും സ്തനാര്‍ബുദ പരിശോധനക്ക് വിധേയരായതായി അമേരിക്ക ആസ്ഥാനമായ പഠനസമിതി അഭിപ്രായപ്പെട്ടു. ഇത് അമേരിക്കയില്‍ മാത്രം 40,000 വരെയും ലോകമാസകലം അഞ്ചുലക്ഷം വരെയുമാകാം. കൊച്ചിയിലെ അസ്റ്റര്‍ മെഡിസിറ്റിയില്‍ പുതുതായി ആരംഭിച്ച ന്യൂക്ലിയര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് കാന്‍സര്‍ പരിശോധനക്ക് പരിരക്ഷയുള്ള ആധുനിക സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നു. വ്യത്യസ്ത കാന്‍സര്‍ രോഗങ്ങളെ നേരിടാനുള്ള സാങ്കേതികതയും വിഭവസമ്പത്തും വൈഭവവും ഇവിടെ ലഭ്യമാണ്. ഡോക്ടര്‍ വിവേകിന്റെ സേവനങ്ങള്‍ അര്‍ബുദ ചികിത്സാ രംഗങ്ങളില്‍, വിശിഷ്യ രക്താര്‍ബുദത്തിലും മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മുതലായ സങ്കീര്‍ണ ചികിത്സകളിലും ലഭ്യമാണെന്നും ഡോ. വിവേക് പറഞ്ഞു.

Latest