Connect with us

Gulf

അഞ്ചു വര്‍ഷം വരെ ഉപയോഗിക്കാത്ത കാര്‍ഡുകളിലെ തുക നഷ്ടമാകും

Published

|

Last Updated

ദുബൈ: നഗരത്തിലെ ഇലക്‌ട്രോണിക് ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്കുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
13/2014 ആയി രേഖപ്പെടുത്തിയ നിയമം സാലിക്കുമായി ബന്ധപ്പെട്ട 2006ലെ 22-ാം നിയമത്തിന്റെ ഭേദഗതിയായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ നിയമ പ്രകാരം സാലിക് കാര്‍ഡില്‍ മിച്ചം വരുന്ന തുക ഏറ്റവും അവസാനം റീ ചാര്‍ജ് ചെയ്തത് മൂതലോ അല്ലെങ്കില്‍ അവസാനം ഉപയോഗിച്ചത് മുതലോ അഞ്ച് വര്‍ഷത്തിനകം ഉപയോഗിച്ചിരിക്കണം. അഞ്ചു വര്‍ഷത്തിനകം ഉപയോഗിക്കാത്ത പക്ഷം കാര്‍ഡിലുള്ള തുക നഷ്ടപ്പെടുന്നതും ഉപയോഗ ശൂന്യവുമായിമാറുമെന്നും ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ മൂന്നാം അനുഛേദം വ്യക്തമാക്കുന്നു. ദീര്‍ഘകാലമായി ഉപയോഗം നടക്കാത്ത സാലിക് കാര്‍ഡുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ശരിപ്പെടുത്താനാണ് പുതിയ നിയമം കൈക്കൊണ്ടതെന്നാണ് വിശദീകരണം. 2006ലാണ് ദുബൈ നഗരത്തില്‍ ഇലക്‌ട്രോണിക് ടോള്‍ ഗേറ്റായ സാലിക് സമ്പ്രദായം നിലവില്‍ വന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസം കണ്ടെത്തുകയെന്നതായിരുന്നു പുതിയ ടോള്‍ ഗേറ്റിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
നഗരത്തിലെ നിരത്തുകള്‍ ഉപയോഗിക്കുന്ന ഏതൊരു വാഹനത്തിനും ടോള്‍ ഗേറ്റ് വഴി കടന്നുപോകണമെങ്കില്‍ നാല് ദിര്‍ഹം നല്‍കണമെന്നാണ് നിയമം. പെട്രോള്‍ പമ്പുകളിലും ആര്‍ ടി എയുടെ ആസ്ഥാനങ്ങളില്‍ നിന്നും സ്വന്തമാക്കാവുന്ന പ്രത്യേക തരം കാര്‍ഡുകള്‍ വഴിയാണ് സംഖ്യ വസൂലാക്കുക. നഗരത്തിലോടുന്ന ടാക്‌സികളെ നേരത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും അടുത്ത കാലത്തായി ടാക്‌സികളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയായിരുന്നു. നിശ്ചിത മീറ്റര്‍ വാടകക്ക് പുറമെ സാലികിന്റെ നാല് ദിര്‍ഹം കൂടി യാത്രക്കാരന്‍ നല്‍കണമെന്നാണ് നിയമം.

 

Latest