Connect with us

Malappuram

പട്ടര്‍നടക്കാവ്-ആതവനാട് റോഡില്‍ ദുരിതയാത്ര

Published

|

Last Updated

തിരുന്നാവായ: പട്ടര്‍നടക്കാവ്-ആതവനാട് റോഡ് തകര്‍ന്നത് യാത്രക്കാരെ വലക്കുന്നു. പട്ടര്‍ നടക്കാവ് മുതല്‍ ആതവനാട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരം റോഡില്‍ നിറയെ ചെറുതും വലുതുമായ ധാരാളം കുഴികള്‍ രൂപപ്പെട്ടത് മൂലം യാത്രാ ദുരിതം രൂക്ഷമായിട്ടുണ്ട്.
കുണ്ടലങ്ങാടി, നമ്പിയാംകുന്ന്, തങ്ങള്‍പടി, കാവുങ്ങല്‍, ആതവനാട്, പാറപ്പുറം എന്നിവിടങ്ങളില്‍ പല ഭാഗത്തും റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചെറിയൊരു മഴ പെയ്താല്‍ റോഡിലൂടെ ചെളിവെള്ളം പരന്നൊഴുകുകയാണ്. ഇക്കാരണത്താല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമായിട്ടുണ്ട്.
മഴക്കാലത്തിന് മുമ്പ് റോഡ് ടാറിംഗ് നടത്താത്തതും കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡ് പൊളിക്കേണ്ടി വന്നതുമെല്ലാം റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടി. തകര്‍ന്ന റോഡിലൂടെ സ്ഥിരമായ യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും ബസുകള്‍ ട്രിപ്പ് മുടക്കുന്നതുമെല്ലാം യാത്രക്കാരെ വലക്കുന്നുണ്ട്. റോഡിന്റെ തകര്‍ച്ച മൂലം നിശ്ചിത സമയത്തിനകം ഓടിയെത്താന്‍ കഴിയാത്തത് മൂലം ബസുകള്‍ക്ക് ട്രിപ്പ് മുടക്കേണ്ടി വരുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. പലപ്പോഴും ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടി വരുന്ന ഈ പ്രദേശത്തുകാര്‍ക്ക് റോഡിന്റെ ശോചനീയാവസ്ഥ മൂലം അമിത വാടക നല്‍കേണ്ട അവസ്ഥയാണുള്ളത്. എത്രയും പെട്ടെന്ന് റോഡ് ഗതാഗത യോഗ്യമാക്കി യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest