Connect with us

Kozhikode

തടസ്സം നീങ്ങി; ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ ഉടന്‍

Published

|

Last Updated

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങി. വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട സാങ്കേതികത്വമാണ് നീങ്ങിയത്. ഇതോടെ നഗരത്തിന്റെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാകും. 

പെരുവണ്ണാമൂഴിയിലെ പ്ലാന്റിന്റെയും പവര്‍ഹൗസിന്റെയും പ്രവര്‍ത്തനം തിരുവനന്തപുരത്തുനിന്നുള്ള വൈദ്യുതി വകുപ്പ് ഉദ്യാഗസ്ഥര്‍ പരിശോധിച്ചു. നാളെ തന്നെ കണക്ഷന്‍ ലഭ്യമാക്കാനാണ് ആലോചന. പ്ലാന്റിലെ ഓരോ യൂനിറ്റിലും വൈദ്യുതി കടത്തിവിട്ട് പ്രവര്‍ത്തനം പരിശോധിക്കും. പാനല്‍ ബോര്‍ഡിലെ മുഴുവന്‍ സ്വിച്ചുകളും പ്രവര്‍ത്തിപ്പിച്ചാണ് പരിശോധിക്കുക. എവിടെയെങ്കിലും എന്തെങ്കിലും തകരാറുണ്ടോ എന്ന കാര്യം സൂക്ഷ്മമായി വിലയിരുത്തും. അതിനുശേഷമാണ് ട്രയല്‍ റണ്‍ നടത്തുക.
ചക്കിട്ടപാറയിലെ കെ എസ് ഇ ബി സബ് സ്റ്റേഷനില്‍ നിന്ന് 11 കെ വി ലൈന്‍ വഴിയാണ് ജപ്പാന്‍ പദ്ധതിയുടെ പ്ലാന്റിലേക്കും പവര്‍ഹൗസിലേക്കും വൈദ്യുതി എത്തിക്കുന്നത്. 11 കെ വിയുടെ രണ്ട് ലൈന്‍ വലിച്ചിട്ടുണ്ടെങ്കിലും ഒന്നു മാത്രമേ ഉപയോഗിക്കുകയുള്ളു. മറ്റൊന്ന് സ്റ്റാന്‍ഡ് ബൈ ആയി നിര്‍ത്തും. 3,000 കെ വി എ വൈദ്യുതിയാണ് പദ്ധതിക്ക് ആവശ്യമുള്ളത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് മൂന്ന് തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് വൈദ്യുതി കണക്ഷന്‍ നല്‍കുന്ന നടപടിയിലേക്ക് നീങ്ങുന്നത്. ട്രയല്‍ റണ്‍ 15 ന് നടത്താനും 2015 മാര്‍ച്ചില്‍ പ്രോജക്ട് കമ്മീഷന്‍ ചെയ്യാനുമാണ് ആലോചിക്കുന്നത്.
റിസര്‍വോയറിലെ ജലം സംഭരിച്ച കിണറില്‍ നിന്ന് വിവിധ പഞ്ചായത്തുകളിലേക്ക് പൈപ്പുകള്‍ വഴി എത്തിക്കുന്നതിന്റെ ഭാഗമായുള്ള പമ്പിംഗ് ഭാഗികമായ വിധത്തില്‍ പല സ്ഥലങ്ങളിലും ഇതിനകം നടത്തിയിട്ടുണ്ട്. ഫറോക്ക് വരെയുള്ള പ്രധാന പൈപ്പുകളില്‍ വെള്ളം ഫഌഷ് ചെയ്തിരുന്നു. പൈപ്പിനകത്തെ ചളിയും മറ്റും മാറ്റുകയാണ് ആദ്യഘട്ടത്തിലെ പമ്പിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. പെരുവണ്ണാമൂഴിയില്‍ വെള്ളം സംഭരിക്കുന്ന കിണറിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ട് ഒരു മാസമായി. വിവിധ സ്ഥലങ്ങളിലായി 20 ടാങ്കുകളാണ് നിര്‍മിക്കുന്നത്.
1800 മി മീറ്റര്‍ വ്യാസമുള്ള മൈല്‍ഡ് സ്റ്റീല്‍ പൈപ്പാണ് മെയിന്‍ ലൈനിനായി ഉപയോഗിച്ചിട്ടുള്ളത്. മെയിന്‍ ലൈനില്‍ നിന്ന് ഡിസ്ട്രിബ്യൂഷന്‍ ലൈനിലേക്ക് വെള്ളം എത്തിക്കുന്നതിന്റെ ജോലിയും വീടുകളിലേക്കുള്ള കണക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇനി പൂര്‍ത്തിയാക്കാനുണ്ട്.
ആദ്യഘട്ട കമ്മീഷനിംഗില്‍ ചേളന്നൂര്‍ ഭാഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് സൂചന. ഇവിടെ എസ് എന്‍ കോളജ് വളപ്പിലൂടെ കടന്നുപോകുന്ന റോഡിലൂടെ 182 മീറ്റര്‍ പൈപ്പിടാന്‍ അനുമതിയായിട്ടില്ല. പെരുവണ്ണാമൂഴിയില്‍ നിന്ന് കടലുണ്ടി വരെ 1,865 കിലോമീറ്റര്‍ നീളത്തിലാണ് മെയിന്‍ ലൈന്‍ പോകുന്നത്. ഇതില്‍ 1,160 കിലോമീറ്റര്‍ പൈപ്പിടല്‍ പൂര്‍ത്തിയായിട്ടുണ്ട്. പമ്പിംഗ് സ്റ്റേഷനില്‍ ആറ് മോട്ടോറുകളാണുള്ളത്. വിവിധ എച്ച് പികളിലുള്ള മോട്ടോറുകളാണ് ഉപയോഗിക്കുന്നത്.
കോഴിക്കോട് കോര്‍പറേഷന് പുറമെ ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, കക്കോടി, നരിക്കുനി, ചേളന്നൂര്‍, കുന്ദമംഗലം, കുരുവട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, തലക്കുളത്തൂര്‍, ഒളവണ്ണ, കടലുണ്ടി എന്നി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം പമ്പു ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും 24 മണിക്കൂറും കുടിവെള്ളം ലഭിക്കും.