സൗത്ത് മണ്ഡലം സമ്പൂര്‍ണ ശുചിത്വം: കര്‍മപരിപാടികള്‍ തയ്യാറായി

Posted on: November 4, 2014 10:09 am | Last updated: November 4, 2014 at 10:09 am

കോഴിക്കോട്: സമ്പൂര്‍ണ ശുചിത്വമുള്ള മണ്ഡലമായി കോഴിക്കോട് സൗത്തിനെ മാറ്റിയെടുക്കാന്‍ മന്ത്രി ഡോ എം കെ മുനീറിന്റെ നേതൃത്വത്തില്‍ കര്‍മപരിപാടികള്‍ തയ്യാറായി. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകരുടെയും പി ടി എ പ്രസിഡന്റ്, മാനേജര്‍മാര്‍ തുടങ്ങിയവരുടെയും ഏകദിന ശില്‍പ്പശാല വെസ്റ്റ്ഹില്‍ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസില്‍ നടന്നു.
നഗരസഭ, സാമൂഹികനീതി വകുപ്പ്, ശുചിത്വ മിഷന്‍, കുടുംബശ്രീ, വ്യാപാരി, വ്യവസായി, തൊഴിലാളി സംഘടനകള്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, കേരള സ്‌റ്റേറ്റ് വനിതാ വികസന കോര്‍പറേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണമടക്കമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ മണ്ഡലത്തില്‍ വരും ദിവസങ്ങളില്‍ ക്യാമ്പയിനുകള്‍ നടത്തും.
എന്‍ എസ് എസ് യൂനിറ്റുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഒന്നാം ഘട്ടത്തില്‍ വിദ്യാലയങ്ങളെ സമ്പൂര്‍ണമായി ശുചീകരിക്കാനും ശുചിത്വ സന്ദേശം വിദ്യാര്‍ഥികളിലൂടെ പ്രചരിപ്പിക്കുന്നതിനും വിദ്യാലയങ്ങളില്‍ ശുചിത്വ സേന രൂപവത്കരിക്കുന്നതിനും തീരുമാനമായി. വിദ്യാലയത്തിലെ ഒരു അധ്യാപകന്റെ മേല്‍നോട്ടത്തിലായിരിക്കും ശുചിത്വ സേന.
ശില്‍പ്പശാല കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ ഉദ്ഘാടനം ചെയ്തു. ഡോ. റോഷന്‍ ബിജ്‌ലി അധ്യക്ഷത വഹിച്ചു. സിറ്റി ഉപജില്ലാ എ ഇ ഒ. ഇ ശ്യാമള, റൂറല്‍ ഉപജില്ലാ എ ഇ ഒ. വി പി മിനി, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കോര്‍ഡിനേറ്റര്‍ പി കെ രാജന്‍, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ സി ഫസലുല്‍ ഹഖ്, പി ടി എ പ്രതിനിധി എന്‍ എ റസാഖ്, മാനേജര്‍മാരുടെ പ്രതിനിധി പി വി ഹസന്‍കോയ, ഡയറ്റ് ലക്ചറര്‍ ഡോ. വാസുദേവന്‍, ടി കെ മുഹമ്മദ് യൂനുസ്, ജോസഫ് റിബല്ലോ സംസാരിച്ചു. നാസര്‍ എസ്‌റ്റേറ്റ്മുക്ക് സ്വാഗതവും നിസാര്‍ കാടേരി നന്ദിയും പറഞ്ഞു.
എന്‍ എസ് എസ് മേഖല കോര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി പി രാജഗോപാലന്‍ ക്ലാസെടുത്തു.