മാവോയിസ്റ്റ് പോസ്റ്റര്‍: അന്വേഷണം വയനാട്ടിലേക്ക്‌

Posted on: November 4, 2014 12:54 am | Last updated: November 3, 2014 at 11:54 pm

നീലേശ്വരം: കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്ററുകളുടെ ഉറവിടം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം വയനാട്ടിലേക്ക് വ്യാപിപ്പിച്ചു.
ഭരണകൂടത്തിനെതിരെ സായുധ കലാപം നടത്തണമെന്ന ആഹ്വാനവുമായി കാഞ്ഞങ്ങാട്, നീലേശ്വരം നഗരങ്ങളിലും പരിസരങ്ങളിലും മാവോയിസ്റ്റ് പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നീലേശ്വരം സി ഐ. യു പ്രേമന്റെയും ഹൊസ്ദുര്‍ഗ് സി ഐ. ടി പി സുമേഷിന്റെയും മേല്‍നോട്ടത്തിലുള്ള സ്‌ക്വാഡുകള്‍ വയനാട്ടിലേക്ക് പോയത്. സംസ്ഥാനത്തെ മറ്റു പലഭാഗങ്ങളിലും ഈ രീതിയിലുള്ള പോസ്റ്ററുകള്‍ ഒരേ സംഘടനയുടെ പേരില്‍ പ്രത്യക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.
സി പി ഐ (മാവോയിസ്റ്റ്) എന്ന സംഘടനയുടെ പേരിലാണ് നീലേശ്വരത്തും കാഞ്ഞങ്ങാട്ടും പോസ്റ്ററുകള്‍ പതിച്ചത്. കേരളത്തില്‍ വയനാട് ജില്ല കേന്ദ്രീകരിച്ചാണ് പ്രധാനമായും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയിലും മാവോയിസ്റ്റുകള്‍ സജീവമാണ്. വയനാട്-പാലക്കാട് ജില്ലകളിലെ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഈയിടെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കാസര്‍കോട് ജില്ല ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന് നിരവധിപേര്‍ വയനാട്ടിലും പാലക്കാട്ടും സംഘടിപ്പിച്ച മാവോയിസ്റ്റ് സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ സമ്മേളനങ്ങളില്‍ നീലേശ്വരം-കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ നിന്ന് ആരൊക്കെ പങ്കെടുത്തുവെന്നതാണ് പോലീസ് അന്വേഷണ വിധേയമാക്കുന്നത്.