ബലാത്സംഗ കേസില്‍ കുറ്റവിമുക്തനായ ആളെ ‘കേസില്‍ നിന്ന് രക്ഷപ്പെട്ടയാള്‍’ എന്ന് വിളിക്കണം: കോടതി

Posted on: November 4, 2014 2:13 am | Last updated: November 4, 2014 at 8:31 pm

court-hammerന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നിന്ന് കുറ്റവിമുക്തനായ ആളെ ‘ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെട്ടയാള്‍’ എന്ന് വിളിക്കണമെന്ന് ഡല്‍ഹി കോടതി. ബലാത്സംഗ ശ്രമം അതിജീവിച്ച സ്ത്രീയെ അങ്ങനെ വിശേഷിപ്പിക്കുന്ന സ്ഥിതിക്ക് കേസില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ക്കും ഈ വിശേഷണം വേണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നിവേദിതാ അനില്‍ ശര്‍മ നിരീക്ഷിച്ചു. ഡല്‍ഹി സ്വദേശിയെ കുറ്റവിമുക്തനാക്കിയ ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. ഇര പിന്‍വലിഞ്ഞതോടെയാണ് കേസില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്.
‘കോടതി പരിഗണിച്ച കേസില്‍ പ്രതി രക്ഷപ്പെട്ടത് വാദി പിന്‍വാങ്ങിയത് കൊണ്ടാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാന്യമായ കുറ്റവിമുക്തി പ്രതിക്ക് നല്‍കുന്നത് ശരിയാണോ? കുറ്റവിമുക്തനെ ബലാത്സംഗ കേസില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ എന്ന് വിളിക്കേണ്ടതല്ലേ? കേസുകളില്‍ കോടതി കര്‍ശനമായ ശിക്ഷ വിധിക്കുന്നില്ലെന്ന് നിരന്തരം പരാതിയുയരാറുണ്ട്. എന്നാല്‍, വാദിയും സാക്ഷിയും തെളിവുകളുമായി പ്രോസിക്യൂഷനോടൊത്ത് സഹകരിക്കാതിരുന്നാല്‍ എങ്ങനെ ശിക്ഷ വിധിക്കാനാകുമെന്നും കോടതി ചോദിച്ചു.