Connect with us

National

ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിവഴിയുള്ള വിപണനം നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ വാഗാ അതിര്‍ത്തിയിലുണ്ടായ ശക്തമായ ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിവഴിയുള്ള വിപണനം നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. 100ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഇന്നലെ ഇരുഭാഗത്തും വ്യാപാര പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ലെന്ന് അത്താരിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ- പാക് അതിര്‍ത്തികളുടെ ഗേറ്റുകള്‍ക്ക് സമീപമാണ് കഴിഞ്ഞ ദിവസം ചാവേര്‍ ആക്രമണം നടന്നിരുന്നത്.
ഇനി രണ്ട് ദിവസം കൂടി അതിര്‍ത്തി വഴിയുള്ള വിപണനം നിര്‍ത്തിവെക്കേണ്ടിവരുമെന്ന് അത്താരിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദിനേന ഇരുരാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറി, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ വഹിച്ച് നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിവഴി കടന്നുപോകാറുണ്ട്. ഇതാണ് സ്‌ഫോടനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്ത്യയുടെ സുരക്ഷാ സൈനികര്‍ അതിര്‍ത്തിയിലുടനീളം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ കര്‍മം നടക്കുന്നതിനിടെയാണ് സ്‌ഫോടനം സംഭവിച്ചിരുന്നത്. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേനയും (ബി എസ് എഫ്)ഉം പാക്കിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സുമാണ് ഈ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്നാല്‍, ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് ഈ ആചാരം നിര്‍ത്തിവെച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ താത്കാലികമായി ഈ ചടങ്ങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Latest