മദ്യം നിരോധം: ഫലം കണ്ടെത്താനാകാതെ വയനാട്‌

Posted on: November 4, 2014 12:01 am | Last updated: November 3, 2014 at 11:01 pm

കല്‍പ്പറ്റ: മാനന്തവാടി അങ്ങാടിയില്‍ ബിവ്‌റേജസ് ഔട്ട്‌ലെറ്റും ഒരു ബാറുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് തുറക്കുന്ന ദിവസങ്ങളിലൊന്നും ഇത്രത്തോളം മദ്യപരെ കണ്ടിട്ടില്ല. എന്നാല്‍ ഡ്രൈ ഡേയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ മാസം ഒന്നിനും രണ്ടാം തീയതിയായ ഞായറാഴ്ചയും ലക്കും ലഗാനുവുമില്ലാതെ നടക്കുന്ന മദ്യപരുടെ പൂരമായിരുന്നു. മാനന്തവാടിയിലും പരിസരത്തും. ശേഷിയിലേറെ കുടിച്ച് തലക്കുപിടിച്ചവര്‍ മാനന്തവാടി ബസ് സ്റ്റാന്‍ഡ്, മൈസൂര്‍ റോഡ്, ബാവലിയിലെ ആല്‍ത്തറ എന്നിവടങ്ങലിലെല്ലാം തലങ്ങും വിലങ്ങും കിടക്കുന്നത് കണ്ടാണ് അന്വേഷണം തുടങ്ങിയത്.കേരളത്തില്‍ ഡ്രൈ ഡേ ആയ ഒന്നാം തീയതിയും ഞായറാഴ്ചയും സംസ്ഥാനാതിര്‍ത്തിയായ ബാവലയില്‍ എത്തിയ കുടിയന്മാര്‍ക്ക് കയ്യും കണക്കുമില്ല.
എല്ലാ വഴികളും ബാവലിയിലേക്കും തോല്‍പ്പെട്ടിയിലേക്കുമായിരുന്നു. യാത്രക്കാര്‍ കൂടുതല്‍ ഉണ്ടായപ്പോള്‍ കെ എസ് ആര്‍ ടി സി ബാവലിയിലേക്ക് കൂടുതല്‍ സര്‍വീസും നടത്തി. ഓടിയ ബസുകളിലെല്ലാം നല്ല വരുമാനമായിരുന്നു. പതിവായി ഓടുന്ന മൂന്ന് സ്വകാര്യ മിനി ബസുകളും കര്‍ണാടകയുടെ നാല് ബസുകളും ഇതുവഴിയുണ്ട്. എല്ലാത്തിലും വലിയ തരക്ക് അനുഭവപ്പെട്ടു. കേരളത്തിനും കര്‍ണാടകയ്ക്കും അതിരിട്ട് ഒഴുകുന്ന ബാലവി പുഴയിലെ പാലം ബ്രിട്ടീ,ഷുകാര്‍ നിര്‍മിച്ചതാണ്. പാലം കടന്നാല്‍ കര്‍ണാടകയായി. അതിനടുത്തു തന്നെ ഒരു വിദേശ മദ്യ ഷാപ്പും പുതുതായി അധികം പഴക്കമില്ലാത്ത ബാറും. മാനന്തവാടിക്കാര്‍ മാത്രമല്ല, പനമരവും പടിഞ്ഞാറത്തറയും മുതലുള്ളവര്‍ ഇവിടേയ്ക്ക് ഡ്രൈ ഡേ ദിനങ്ങളില്‍ രാവിലെ തന്നെ എത്തി. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിയില്‍പ്പെട്ട പാല്‍ച്ചുരം, അമ്പായത്തോട്, കൊട്ടിയൂര്‍ ഭാഗങ്ങളില്‍ നിന്നും കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ പക്രന്തളം, കുറ്റിയാടി ഭാഗങ്ങളില്‍ നിന്നുള്ളവരും ഇവിടേയ്ക്ക് എത്തിയപ്പോള്‍ ബാലവയില്‍ ഉല്‍സവത്തിന്റെ ആളായി. ഇടത്തരക്കാര്‍ നാലും അഞ്ചും പേര്‍ ചേര്‍ന്ന് പ്രത്യേകം വാഹനങ്ങള്‍ വാടകക്ക് വിളിച്ചാണ് എത്തിയത്. കൂലിവേലക്കാരും കുറഞ്ഞ വരുമാനക്കാരും ബസിനെ തന്നെ ആശ്രയിച്ചു.
മദ്യപിക്കാന്‍ വന്നവരുടെ വാഹനങ്ങളെല്ലാം കേരള അതിര്‍ത്തിയിലെ റോഡ് വക്കിലും വനം വകുപ്പിന്റെ തടി ഡിപ്പോ വളപ്പിലുമായി നിര്‍ത്തിയിട്ടു. ഡ്രൈ ഡേയില്‍ യഥേഷ്ടം മദ്യപിച്ച ശേഷം ബാക്കിയുള്ളത് കയ്യില്‍ കരുതിയുമാണ് ഓരോരുത്തരും സ്ഥലംവിട്ടത്. പൊട്ടിച്ച് ഉപയോഗിച്ച കുപ്പിയിലെ ശേഷിക്കുന്ന മദ്യം കൈവശം വെയ്ക്കുന്നത് കുറ്റകരമല്ല. അതിനാല്‍ ആരേയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയതുമില്ല. 20 രൂപയുടെ സിപ്പ്അപ്പ് മാതൃകയിലുള്ള പ്ലാസ്റ്റിക് കവറില്‍ മുതല്‍ മികച്ച മോഡല്‍ കുപ്പികളില്‍ ലഭിക്കുന്ന 1200 രൂപ വരെയുള്ള മദ്യങ്ങള്‍ ബാവലിയില്‍ സുലഭം. രണ്ടുദിവസത്തെ ബാവലി കച്ചവടം ഇരുപത് ലക്ഷം കവിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്ക്. 20 രൂപയുടെ സിപ്പ്അപ്പ് മാതൃകയിലുള്ള പ്ലാസ്റ്റിക് കവറും ഫ്രൂട്ടി കവര്‍ പോലെ 40 രൂപ വിലയുള്ളതുമായ മദ്യവും വില്‍ക്കുന്നത് കുട്ടികളാണ്. അവര്‍ സഞ്ചിലാക്കി ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു. ഫ്രീയായി കടല മിഠായിയും കടലയും. രണ്ടും മൂന്നും പാക്കറ്റ് അടിച്ചപ്പോള്‍ തന്നെ പലരും സൈഡായി. ബാറിലും ഇതുതന്നെയായിരുന്നു അവസ്ഥ. ബോധം നഷ്ടപ്പെട്ട് വീണവരെ ബാര്‍ ഉടമയുടെ ചെലവില്‍ വാഹനത്തില്‍ പാലം കടത്തി കേരള അതിര്‍ത്തിയിലെ ആല്‍ത്തറയിലും മരം ഡിപ്പോയിലുമൊക്കെ കിടത്തി. ബോധം വന്നപ്പോള്‍ ഇവരില്‍ പലരും ബസില്‍ കയറി മാനന്തവാടിയിലേക്ക് എത്തി. മാനന്തവാടിയില്‍ നിന്ന് 13 രൂപയാണ് ബാലവിയിലേക്ക് ബസ് ചാര്‍ജ്. കാട്ടിക്കുളത്ത് നിന്ന് ഏഴ് രൂപയും. വണ്ടിക്കൂലി മുടക്കിയാലും കേരളത്തില്‍ നിന്ന് മദ്യപിക്കുന്നതിനേക്കാള്‍ ആദായമാണെന്ന് മദ്യപരുടെ സാക്ഷ്യം. ശീഘ്രം തലയ്ക്ക് പിടിയ്ക്കുന്ന സാധനങ്ങളായതിനാല്‍ പണച്ചെലവു കറയുകയാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബാറിന് സമീപം ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ ഇടപെടാന്‍ ബാറില്‍ തന്നെ കര്‍ണാടക പോലീസും ഉണ്ട്. ഇവര്‍ ഊണും ഉറക്കവുമെല്ലാം ബാറില്‍ തന്നെ. ബാവലിയിലെ ബാര്‍ പൂട്ടണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും നടത്തിപ്പുകാര്‍ അത് പരിഗണിച്ചിട്ടുപോലുമില്ലെന്ന് ഈ പ്രദേശം ഉള്‍പ്പെടുന്ന ഡി ബി കുപ്പ പഞ്ചായത്ത് പ്രസിഡന്റ് ജാനകി പറഞ്ഞു. കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കര്‍ണാടകയുടെ മറ്റൊരു അതിര്‍ത്തി പ്രദേശമായ കുട്ടയിലെ സ്ഥിതിയും വ്യത്യസ്തമല്ല.കുട്ടത്ത് അഞ്ച് വിദേശമദ്യശാലകളാണുള്ളത്. എല്ലാത്തിലും ഇരുന്നോ കിടന്നോ മദ്യപിക്കാനുള്ള സൗകര്യവും ഉണ്ട്. കേരളത്തിലെ ഡ്രൈ ഡേയിലും തുറന്ന് പ്രവര്‍ത്തിക്കുന്നവയാണ് കര്‍ണാട അതിര്‍ത്തിയിലെ സ്ഥാപനങ്ങള്‍. മാനന്തവാടിയില്‍ നിന്ന് രാവിലെ ആറ് മുതല്‍ ഇവിടേക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ ഓരോ കാല്‍ മണിക്കൂര്‍ കൂടുമ്പോഴും ഉണ്ട്. രാത്രി എട്ടേമുക്കാലിന് മാനന്തവാടിയിലേക്കുള്ള ലാസ്റ്റ് ഓര്‍ഡിനറി ബസ് അഥവാ മിസായാലും പ്രശ്‌നമില്ല. ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ദീര്‍ഘദൂര ബസുകളില്‍ കയറിയാലും മാനന്തവാടിയില്‍ ഇറങ്ങാം. ഇവിടേക്കും മദ്യപരുടെ ഒഴുക്കാണ് പല ഇനം മദ്യങ്ങള്‍ക്കും കേരളത്തേക്കാള്‍ ലിറ്ററിന് 50 മുതല്‍ 100 രൂപ വരെ കുറവും ഉണ്ട്. അതിനാല്‍ ബസ് ചാര്‍ജായി 28 രൂപ മുടക്കുന്നത് നഷ്ടമല്ലെന്ന് മദ്യപരുടെ പക്ഷം. വയനാടിനോട് ചേര്‍ന്ന് തമിഴ്‌നാട്ടിലെ പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, എരുമാട്, ചേരമ്പാടി എന്നിവിടങ്ങളിലേക്ക് പോയാലും വിദേശ മദ്യത്തിന് ക്ഷാമമില്ല. എങ്കില്‍ പിന്നെ കേരളത്തിലെ മദ്യനിരോധം കൊണ്ട് വയനാട്ടുകാര്‍ക്ക് എന്തു ഗുണമെന്നതാണ് പൊതുജനത്തിന്റെ ചോദ്യം.