ബാര്‍ കോഴയില്‍ അന്വേഷണം: സി പി എം രണ്ട് തട്ടില്‍

Posted on: November 4, 2014 7:38 am | Last updated: November 5, 2014 at 12:28 am

vs..pinarayiതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ അന്വേഷണ വിഷയത്തില്‍ സി പി എം രണ്ട് തട്ടില്‍. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെ തള്ളി സി ബി ഐ അന്വേഷണം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. 

മന്ത്രി കെ എം മാണി കോഴ വാങ്ങിയത് സംബന്ധിച്ച കേസ് മാണി ഉള്‍പ്പെട്ട സംസ്ഥാന ഭരണത്തിന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരില്ല എന്നതുകൊണ്ടാണ് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്ന് വി എസ് വ്യക്തമാക്കി. അഴിമതിയാരോപണം വന്നയുടന്‍ വി എസ് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുകയും വിജിലന്‍സ് അന്വേഷണത്തിന് രേഖാമൂലം വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വി എസിന്റെ നിലപാടിനെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തള്ളിയിരുന്നു. സി പി എം പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും പിണറായിയുടെ നിലപാട് ശരിവെച്ചു. സി ബി ഐയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയുമെന്നും അതിനാല്‍ സി ബി ഐ അന്വേഷണം ഫലപ്രദമാകില്ലെന്നുമാണ് പിണറായി പറഞ്ഞിരുന്നത്. ഈ നിലപാടിനെ പാടെ തള്ളിയാണ് സി ബി ഐ അന്വേഷണത്തിനായി ശക്തമായ ആവശ്യം ഉന്നയിച്ച് വി എസ് ഇന്നലെ വാര്‍ത്താക്കുറിപ്പിറക്കിയത്. സി ബി ഐ അന്വേഷണം വേണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. കേസ് സി ബി ഐക്ക് വിടണമെങ്കില്‍ തന്നെ പ്രാഥമികമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചത്.
എന്നാല്‍, മുഖ്യമന്ത്രിയും യു ഡി എഫ് നേതാക്കളും മാണി കുറ്റക്കാരനല്ലെന്ന് അവര്‍ക്കെല്ലാം പൂര്‍ണ ബോധ്യമുണ്ടെന്ന് ആവര്‍ത്തിച്ച് പ്രസ്താവന ഇറക്കിയപ്പോള്‍ അന്വേഷണം പ്രഹസനമാകുമെന്ന് ബോധ്യമായി. മാത്രമല്ല, നേരത്തെ പാമോയില്‍ കേസില്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ് അദ്ദേഹത്തിന്റെ തന്നെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ എങ്ങനെ സത്യം പുറത്തുവരുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെ ചോദിക്കുകയുണ്ടായി. ഇതുകൂടി കണക്കിലെടുത്താണ് ഈ കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മാണിയെയും ഉമ്മന്‍ ചാണ്ടിയെയും അടക്കമുള്ള മന്ത്രിമാരെ ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഏജന്‍സി സി ബി ഐ ആണ്. അതുകൊണ്ടാണ് കേസന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നത്. സി ബി ഐ എന്തിനെന്ന് ചോദിക്കുന്നത് ഭരണക്കാരെ സഹായിക്കാനാണെന്ന നിലയിലാണ് വി എസ് ഇപ്പോള്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നത്. എന്നാല്‍ ഇതേപ്പറ്റി പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ തയ്യാറായിട്ടില്ലെന്നും ഈ വിദ്വാന്മാരെയൊക്കെ ചോദ്യം ചെയ്യാന്‍ കഴിയുന്ന അന്വേഷണ സംവിധാനമുണ്ടായാല്‍ കോഴയുടെ കാര്യങ്ങളൊക്കെ കിറുകൃത്യമായി വെളിച്ചത്തുവരുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.