മഅ്ദിന്‍ മുഹര്‍റം സംഗമം സമാപിച്ചു

Posted on: November 3, 2014 11:58 pm | Last updated: November 3, 2014 at 11:58 pm

മലപ്പുറം: മുഹര്‍റം പത്തിന്റെ വിശുദ്ധിയില്‍ ഒരു പകല്‍ മുഴുവന്‍ പ്രാര്‍ഥനയിലും ഇലാഹീ സ്തുതികളിലും മുഴുകിയ വിശ്വാസികള്‍ക്ക് ദിവ്യാനുഭൂതി പകര്‍ന്ന് മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹര്‍റം ആത്മീയ സംഗമം സമാപിച്ചു. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച് നോമ്പുതുറയോടെ സമാപിച്ച ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. മുഹര്‍റം പത്തിന് പാരായണം ചെയ്യല്‍ പുണ്യമുള്ള ഖുര്‍ആന്‍ ഭാഗങ്ങള്‍, ദിക്‌റുകള്‍, ദുആകള്‍, സ്വലാത്ത്, തഹ്‌ലീല്‍ എന്നിവയാല്‍ മുഖരിതമായിരുന്നു സ്വലാത്ത് നഗര്‍. ലോകജനതയുടെ ഐശ്വര്യത്തിനും രക്ഷക്കും വേണ്ടിയുള്ള പ്രാര്‍ഥന, പാപമോചനത്തിനായുള്ള തേട്ടം, മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥന എന്നിവയും നടന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 313 സയ്യിദുമാര്‍ വിവിധ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹറം പുതുപ്രതീക്ഷയും പുതിയ ഊര്‍ജവും നല്‍കുന്നതാണെന്ന് മുഖ്യ പ്രഭാഷണത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. അല്ലാഹുവിന്റെ കരുതലും കാവലും എക്കാലവും അവന്റെ സൃഷ്ടികള്‍ക്കുമേല്‍ ഉണ്ടാകുമെന്നതിന്റെ ഉത്തമ തെളിവാണ് മുഹര്‍റത്തിലെ സംഭവ വികാസങ്ങള്‍.
പ്രതിസന്ധികളുണ്ടാകുമ്പോഴേക്കും ലഹരിയിലും ആത്മഹത്യയിലും അഭയം തേടല്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. തിരിച്ചടികളില്‍ തളരാതെ, നിരാശകളില്‍ നിന്നും മടുപ്പില്‍ നിന്നും മാറി പുതിയ ജീവിതത്തിനായുള്ള പ്രതിജ്ഞ പുതുക്കേണ്ട വേളയാണ് മുഹറം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്ക് വേണ്ടി രാവിലെ പത്ത് മുതല്‍ പ്രത്യേക മുഹര്‍റം വിജ്ഞാന സദസ്സും സംഘടിപ്പിച്ചിരുന്നു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, മുസ്തഫ ദാരിമി കൊല്ലം, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.