Connect with us

Ongoing News

രണ്ട് ദശകത്തിന് ശേഷം ഓസീസിനെതിരെപാക്കിസ്ഥാന് പരമ്പര

Published

|

Last Updated

197037

അബൂദബി: രണ്ടാം ടെസ്റ്റില്‍ ആസ്‌ത്രേലിയക്കെതിരെ പാക്കിസ്ഥാന്‍ അവരുടെ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയത്തോടെ ടെസ്റ്റ് പരമ്പര (2-0) സ്വന്തമാക്കി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്‌ത്രേലിയക്കെതിരെ പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് 356 റണ്‍സ് ജയത്തോടെ. ദുബൈയിലെ ആദ്യ ടെസ്റ്റ് 221 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ജയിച്ചത്. ഷെയ്ഖ് സയദ് സ്റ്റേഡിയത്തിലെ രണ്ടാം ടെസ്റ്റില്‍ 602 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്‌ത്രേലിയയുടെ രണ്ടാമിന്നിംഗ്‌സ് 246 റണ്‍സിന് അവസാനിപ്പിച്ചാണ് പാക്കിസ്ഥാന്‍ പരമ്പര സ്വന്തമാക്കിയത്. 1994 ലായിരുന്നു ഇതിന് മുമ്പ് പാക്കിസ്ഥാന്‍ ആസ്‌ത്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര (1-0) ജയിച്ചത്.
രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടിയ പാക് ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖ് മാന്‍ ഓഫ് ദ മാച്ചായപ്പോള്‍ രണ്ട് ടെസ്റ്റുകളിലായി മൂന്ന് തുടര്‍ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും നേടിയ യൂനിസ് ഖാന്‍ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ടെസ്റ്റ് ചരിത്രത്തില്‍ ആസ്‌ത്രേലിയയുടെ മൂന്നാമത്തെ വലിയ തോല്‍വിയാണിത്. 1928 ല്‍ ബ്രിസ്ബനില്‍ ഇംഗ്ലണ്ടിനോട് 675 റണ്‍സിന് തോറ്റതാണ് വന്‍ പരാജയം. 1980 ല്‍ വെസ്റ്റിന്‍ഡീസിനോട് അഡലെയ്ഡില്‍ 408 റണ്‍സിന് പരാജയപ്പെട്ടത് രണ്ടാം സ്ഥാനത്ത്. റണ്‍സടിസ്ഥാനത്തില്‍ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ജയമായി ഇത്. 2006 ല്‍ കറാച്ചിയില്‍ ഇന്ത്യക്കെതിരെ നേടിയ 341 റണ്‍സിന്റെ ജയം രണ്ടാം സ്ഥാനത്തായി.
സ്പിന്നര്‍മാരായ സുല്‍ഫീഖര്‍ ബാബര്‍ (5-120), യാസിര്‍ ഷാ (3-44) എന്നിവരാണ് ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ പൊരുതാനനുവദിക്കാതെ അനായാസ ജയമൊരുക്കിയത്. ഒന്നാമിന്നിംഗ്‌സില്‍ ആറ് വിക്കറ്റിന് 570 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയാണ് പാക്കിസ്ഥാന്‍ ടെസ്റ്റ് വരുതിയിലാക്കിയത്. ആസ്‌ത്രേലിയയെ 261ന് ആള്‍ ഔട്ടാക്കിയ പാക്കിസ്ഥാന്‍ 309 റണ്‍സിന്റെ ലീഡെടുക്കുകയും രണ്ടാമിന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ മിസ്ബാ ഉല്‍ ഹഖിന്റെ അതിവേഗ സെഞ്ച്വറി (57 പന്തില്‍ 101 നോട്ടൗട്ട്) ബലത്തില്‍ മൂന്ന് വിക്കറ്റിന് 293 എന്ന നിലയില്‍ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. 602 റണ്‍സ് ലക്ഷ്യം ആസ്‌ത്രേലിയക്ക് വെല്ലുവിളി തന്നെയായിരുന്നു. ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (58) അര്‍ധസെഞ്ച്വറി നേടിയ ഉടനെ മടങ്ങിയതോടെ ചിത്രം വ്യക്തമായി. ക്രിസ് റോജേഴ്‌സ് (2), ഗ്ലെന്‍ മാക്‌സ്‌വെല്‍ (4), ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് (5) എന്നിവര്‍ പെട്ടെന്ന് മടങ്ങി. സ്റ്റീവന്‍ സ്മിത്തായിരുന്നു പാക്കിസ്ഥാന്റെ ജയം വൈകിപ്പിച്ചത്. 97 റണ്‍സെടുത്ത സ്മിത്ത് 249 മിനുട്ട് ക്രീസില്‍ ചെലവഴിച്ചു. 204 പന്തുകള്‍ നേരിട്ട സ്മിത്തിനെ യാസിര്‍ ഷാ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സ്മിത്തും ഷോണ്‍ മാര്‍ഷും അഞ്ചാം വിക്കറ്റില്‍ 107 റണ്‍സിന്റെ സഖ്യമുണ്ടാക്കി. 47 റണ്‍സെടുത്ത മാര്‍ഷിനെ മുഹമ്മദ് ഹഫീസ് അസാദ് ശഫീഖിന്റെ കൈകളിലെത്തിച്ചതോടെ പാക്കിസ്ഥാന്‍ വീണ്ടും പിടിമുറുക്കി. ബ്രാഡ് ഹാഡിന്‍ (13), മിച്ചല്‍ ജോണ്‍സന്‍ (0), മിച്ചല്‍ സ്റ്റാര്‍ച് (2), നഥാന്‍ ലിയോന്‍ (0) എന്നിവര്‍ക്കും പ്രതിരോധിക്കാനായില്ല. പീറ്റര്‍ സിഡില്‍ (4) നോട്ടൗട്ട്.

Latest