ഇടിമിന്നലില്‍ വ്യാപക നാശം; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു

Posted on: November 3, 2014 10:57 am | Last updated: November 3, 2014 at 10:57 am

lightningമലപ്പുറം: ഇടിമിന്നലില്‍ ജില്ലയാല്‍ വ്യാപക നാശനഷ്ടം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു.
പെരുവള്ളൂര്‍: ഇന്നലെയുണ്ടായ ഇടിമിന്നലില്‍ പറമ്പില്‍പീടിക പറച്ചിനപ്പുറായയില്‍ വീടു തകര്‍ന്നു. അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു.
തൊപ്പാശ്ശേരി ബീരാന്‍ കുട്ടിയുടെ വീട്ടില്‍ ഇന്നലെ രാത്രി ഒന്‍പതിനായിരുന്നു സംഭവം. അപകടത്തില്‍ വീടിന്റെ മേല്‍ക്കുര തകരുകയും വൈദ്യുതി മീറ്റര്‍ സംവിധാനമടക്കം വയറിംഗ് പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. വൈദ്യുതി ഉപകരണങ്ങളും വീടിനു സമീപത്തെ ടോയ്‌ലെറ്റും രണ്ടു തെങ്ങും നശിച്ചവയില്‍ ഉള്‍പ്പെടുന്നു. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്‍ തൊപ്പാശ്ശേരി ബീരാന്‍ കുട്ടി (65) ഭാര്യ ഫാത്തിമ (55), മരുമകള്‍ റുബീന (28) പേരക്കുട്ടികളായ ഫാത്തിമ ഹിബ (4) ഫാത്തിമ ഇഷ (2) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പരുക്ക് ഗുരുതരമല്ല. പഞ്ചായത്ത് പ്രസിഡന്റ്, റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
എടപ്പാള്‍: കനത്ത ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ബാറ്ററി കട പൂര്‍ണമായും കത്തി നശിച്ചു. എടപ്പാള്‍ കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്ന കണ്ടംപുള്ളി സുജിത്ത് രാജന്റെ ഉടമസ്ഥതയിലുള്ള എകസൈഡ് ബാറ്ററി ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. വാഹനങ്ങളുടെയും, ഇന്‍വര്‍ട്ടറുകളുടെയുമായി 38 ബാറ്ററികളാണ് കത്തി നശിച്ചത്. തീപിടുത്തത്തില്‍ കടയിലെ മറ്റ് സാധനങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് തീപിടുത്തത്തം നടന്നതായി അറിഞ്ഞത്. തീപിടുത്തത്തില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.