കാവതികളം- മാറാക്കര റോഡ് നന്നാക്കാത്തതില്‍ ലീഗ് അണികളില്‍ പ്രതിഷേധം

Posted on: November 3, 2014 10:54 am | Last updated: November 3, 2014 at 10:54 am

കോട്ടക്കല്‍: കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന കാവതികളം- മാറാക്കര റോഡ് നന്നാക്കാത്ത നടപടിയില്‍ മുസ്‌ലിം ലീഗ് അണികളില്‍ പ്രതിഷേധം. ആമപ്പാറ, മദ്‌റസത്തുംപടി ഭാഗങ്ങളിലെ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുളളത്.
അടുത്ത തിരഞ്ഞെടുപ്പില്‍ സഹകരിക്കില്ലെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തി. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് ഏത് വകുപ്പിന് കീഴിലാണെന്ന അവ്യക്തതയാണ് ഇപ്പോഴും പാതയുടെ കാര്യത്തില്‍ തുടരുന്നത്. ഒട്ടേറെ ആളുകള്‍ ഉപയോഗിക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നിരവധി പ്രാവശ്യം അണികള്‍ നേതൃത്വത്തെ സമീപിച്ചിട്ടും അനുകൂല നിലപാടില്ലാതെ വന്നതാണ് ഇപ്പോള്‍ നേതൃത്വത്തിനെതിരെ തിരിയാന്‍ കാരണം.
പ്രതിഷേധം ശക്തമായതോടെ നേതൃത്വം കഴിഞ്ഞ ദിവസം പ്രദേശത്തുകാരുടെ യോഗം വിളിച്ചിരുന്നു. നഗരസഭ വൈസ് ചെയര്‍മാര്‍ പി മൂസകുട്ടി ഹാജി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നേരത്തെ സി പി എം ഉപരോധ സമരമടക്കമുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെ ലീഗ് അണികളില്‍ തന്നെ ശക്തമായ വികാരം ഉയര്‍ന്നു.
കാലങ്ങളായുള്ള ആവശ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റില്‍ റോഡ് നവീകരണത്തിനായി തുക വകയിരുത്തിയതല്ലാതെ ഒന്നും ചെയ്യാനായില്ല. മുനിസിപ്പല്‍ ലീഗില്‍ തന്നെ പ്രശ്‌നങ്ങള്‍ തലപൊക്കി നില്‍ക്കെ പ്രാദേശിക തലങ്ങളില്‍ മറ്റു പ്രശ്‌നങ്ങളും കൂടി ഉടലെടുക്കുന്നത് നേതൃത്വം ഭയക്കുന്നുണ്ട്. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ റോഡ് നന്നാക്കുന്നതിനായി തുടര്‍ന്ന് നടപടികള്‍ കൈകൊളളുമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതെ തുടര്‍ന്ന് അണികളുടെ പ്രതിഷേധം താത്കലികമായി തണുപ്പിക്കാനായെന്ന ആശ്വാസത്തിലാണ് ലീഗ് നേതൃത്വം.