ശക്തികേന്ദ്രത്തില്‍ മുസ്‌ലിം ലീഗിന് തിരിച്ചടി; കുറ്റിച്ചിറയില്‍ ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മ

Posted on: November 3, 2014 10:51 am | Last updated: November 3, 2014 at 10:51 am

leagueകോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ കുറ്റിച്ചിറയില്‍ ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മ. ഇതിന് വേദിയായത് ലീഗിന്റെ പരമ്പരാഗത തറവാടും പാര്‍ട്ടിയുടെ സംസ്ഥാനതല പരിപാടികള്‍ക്ക് പലതവണ വേദിയുമായ കുറ്റിച്ചിറ കുഞ്ഞിത്താന്‍ മാളികയും. വര്‍ഷങ്ങളായി ഈ മേഖലയെ അവഗണിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

ഗ്രീന്‍ സ്റ്റാര്‍ കുറ്റിച്ചിറയുടെ പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. ഇന്നലെ വൈകുന്നേരം ഏഴിന് നടന്ന കണ്‍വെന്‍ഷന്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇരുനൂറോളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. കുറ്റിച്ചിറ മേഖലയിലെ വികസനത്തില്‍ സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി എം കെ മുനീര്‍ കാണിക്കുന്ന അവഗണനയും യു ഡി എഫ് കൗണ്‍സിലര്‍മാരുടെ തെറ്റായ നിലപാടുകളും വികസന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുമായി കൂടിയാലോചന നടത്താത്തതുമാണ് കുറ്റിച്ചിറയിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതൃത്വത്തെയും ചൊടിപ്പിച്ചത്.
യു ഡി എഫിന്റെ എക്കാലത്തെയും തട്ടകമായ കുറ്റിച്ചിറ മേഖലയില്‍ നാല് വര്‍ഷത്തിനിടെ എന്തെങ്കിലും വികസനം കൊണ്ടുവരാന്‍ എം എല്‍ എക്ക് സാധിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നഗരത്തിലെ മിക്ക ലൈബ്രറികള്‍ക്കും എം എല്‍ എ ഫണ്ട് അനുവദിച്ചപ്പോള്‍ പിന്നാക്ക പ്രദേശത്ത് നിലകൊള്ളുന്ന എ ക്ലാസ് ലൈബ്രറികളായ സിയസ്‌കോ, യുവസാഹിതി എന്നിവക്ക് ഒരു തുകയും നല്‍കാത്തതും പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്. റോഡുകളുടെയും ഓടകളുടെയും പുനരുദ്ധാരണത്തിലും കുളം നവീകരണത്തിനും മാലിന്യ നിര്‍മാര്‍ജന പ്രക്രിയയിലുമെല്ലാം കൗണ്‍സിലര്‍മാര്‍ തികഞ്ഞ പരാജയമാണ്. മേഖലയില്‍ ലീഗിന്റെ ഉന്നത നേതാക്കളുണ്ടെങ്കിലും പ്രാദേശിക വികാരത്തിനൊപ്പം നില്‍ക്കാന്‍ ഇവര്‍ക്കാകുന്നില്ലെന്നാണ് പരാതി.
കോര്‍പറേഷന്‍ കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മാഈലിനെ സ്ഥലം മാറ്റിയതാണ് വിവാദത്തിന് മറ്റൊരു കാരണം. ലീഗ് പ്രവര്‍ത്തകനായ റംസി ഇസ്മാഈലിനെ ശാഖാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ശിപാര്‍ശ ചെയ്താണ് ഡെപ്യൂട്ടേഷനില്‍ ഈ സ്ഥാനത്ത് നിയോഗിച്ചത്. എന്നാല്‍ ലീഗ് കൗണ്‍സില്‍ പാര്‍ട്ടിയിലെ ചിലര്‍ ഈ നിയമനത്തിന് എതിരായിരുന്നു. പിന്നീട് ഉണ്ടായ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി മുനീറിന്റെ ഒത്താശയോടെ റംസിയെ കുടുംബശ്രീയില്‍ നിന്നും പിന്നീട് തിരുവല്ലയിലേക്കും മാറ്റിയ നടപടി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം ജില്ലാ നേതൃത്വങ്ങള്‍ക്ക് കത്ത് നല്‍കിയെങ്കിലും രണ്ട് മാസമായിട്ടും പരിഹാരമാകാത്തതാണ് ഇപ്പോഴത്തെ നീക്കത്തിന് മറ്റൊരു കാരണം.
ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി നജീബ് കാന്തപുരം കഴിഞ്ഞയാഴ്ച മേഖലയില്‍ വിളിച്ചുചേര്‍ത്ത യോഗം നടത്താന്‍ പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. വേണ്ടിവന്നാല്‍ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ നിലപാടെടുക്കാനും പ്രവര്‍ത്തകര്‍ തയ്യാറായിട്ടുണ്ട്.