Connect with us

Kozhikode

ക്വട്ടേഷന്‍ ആക്രമണം: കൂടുതല്‍ പ്രതികള്‍ പിടിയിലാകും

Published

|

Last Updated

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ സഹോദരിയെ തിരിച്ചുകൊണ്ടുവരാനായി കോളജ് വിദ്യാര്‍ഥിയായ സഹോദരന്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ പോലീസ് പിടിയിലാകും. 

മൊത്തം 35 പ്രതികള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവരില്‍ 17 പേരെ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ പിടിയിലായതിനെ തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി വീടുകളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും പോലീസ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തി. എന്നാല്‍ ആരെയും പിടികൂടാന്‍ സാധിച്ചിട്ടില്ല. എല്ലാവരും നഗരപരിധി വിട്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരിച്ചറിഞ്ഞ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന നഗരത്തിലെ ഒരു പ്രമുഖ കോളജിലെ രണ്ട് വിദ്യാര്‍ഥികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഇവരുടെ വീടുകളിലും കോളജിലും പോലീസ് എത്തിയിരുന്നു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെ പിടികൂടാനായാല്‍ കോളജിലെ മറ്റു വിദ്യാര്‍ഥികള്‍ ആരെങ്കിലുമുണ്ടോയെന്ന് പോലീസ് പരിശോധിക്കും. നേരത്തെ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുണ്ടകളും ആക്രമികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.
ഫാത്തിമ ഷേഹ (19)യുടെ അകന്ന ബന്ധുക്കളില്‍ നിന്ന് ഇന്നലെ അന്വേഷണ സംഘം മൊഴിയെടുത്തു. ഫാത്തിമ ഷേഹയുടെ പിതാവ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. സഹോദരനും കോളജ് വിദ്യാര്‍ഥിയുമായ ഫ്രാന്‍സിസ് റോഡില്‍ മനന്തലപ്പാലം പി വി എം കോളനിയില്‍ അനോനാസ് ഹൗസില്‍ മുഹമ്മദ് ഷഹീന്‍ (21) ആണ് ക്വട്ടേഷന്‍ നല്‍കിയത്.
ക്വട്ടേഷന്‍ കൊടുത്ത കാര്യങ്ങളൊന്നും പിതാവ് അറിയില്ലെന്നാണ് ഷഹീന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഷഹീന്റെ പിതാവിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 30ന് വൈകുന്നേരം അഞ്ച് മണിക്ക് ബാങ്ക് റോഡില്‍ വെച്ചായിരുന്നു സംഭവം.

Latest