നില്‍പ്പുസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചുംബന പ്രതിഷേധം

Posted on: November 3, 2014 12:15 am | Last updated: November 3, 2014 at 12:15 am

തിരുവനന്തപുരം: ചുംബനസമരത്തില്‍ പങ്കെടുക്കാതെ നില്‍പ്പുസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ചുംബനപ്രതിഷേധം. തേവര സേക്രട് ഹാര്‍ട്ട് കോളജിലെ മാധ്യമ വിദ്യാര്‍ഥികളാണ് നില്‍പ്പുസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. നില്‍പ്പുസമരത്തില്‍ പങ്കെടുക്കുന്നവരുടെ കാല്‍ ചുംബിച്ചായിരുന്നു ഐക്യദാര്‍ഢ്യ പ്രഖ്യാപനം. കൊച്ചിയില്‍ നടക്കുന്ന ചുബന സമരത്തിനു മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യത്തെ വിമര്‍ശിച്ചാണ് നില്‍പ്പുസമരത്തിനു ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ഥികളെത്തിയത്.
ചുംബനസമരത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും നില്‍പ്പുസമരത്തിനാണ് പ്രാധാന്യം കിട്ടേണ്ടതെന്ന നിലപാടിലാണിവര്‍ തലസ്ഥാനത്തെത്തി ആദിവാസികളുടെ കാലില്‍ ചുംബിച്ചത്. നില്‍പ്പുസമരത്തില്‍ പങ്കെടുക്കുന്ന ആദിവാസികളെ ചുംബിക്കാന്‍ തയ്യാറായാണ് ഇന്നലെ രാവിലെ 11 മണിയോടെ ഇവരെത്തിയത്. എന്നാല്‍, എങ്ങനെ ചുംബിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലായി. അവസാനം പാദത്തില്‍ ചുബിക്കാന്‍ ധാരണയാവുകയായിരുന്നു. അങ്ങനെ 116 ദിവസമായി നില്‍പ്പുതുടരുന്ന പാദങ്ങളില്‍ വിദ്യാര്‍ഥികള്‍ ചുംബിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചുംബനസമരത്തിന് നല്‍കുന്ന പ്രാധാന്യത്തിന്റെ പകുതിപോലും നില്‍പ്പ് സമരത്തിന് കേരളസമൂഹമോ മാധ്യമങ്ങളോ നല്‍കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.