കിഴക്കന്‍ ഉക്രൈനില്‍ വോട്ടെടുപ്പ് തുടങ്ങി; അംഗീകരിക്കില്ലെന്ന് പാശ്ചാത്യന്‍ രാജ്യങ്ങള്‍

Posted on: November 3, 2014 5:55 am | Last updated: November 2, 2014 at 10:56 pm

കീവ്: കിഴക്കന്‍ ഉക്രൈനിലെ രണ്ട് പ്രദേശങ്ങളില്‍ റഷ്യന്‍ വിമതര്‍ നടത്തുന്ന വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫലം നിരസിക്കുമെന്ന് കീവും പാശ്ചാത്യന്‍ രാജ്യങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് പ്രദേശത്തെ പ്രതിസന്ധിക്ക് ആഴം കൂട്ടി കിഴക്കന്‍ ഉക്രൈനില്‍ വോട്ടെടുപ്പിന് റഷ്യന്‍ വിമതര്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഡൊണെട്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്, ലുഗന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് എന്നിവിടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്. വിമതരുടെ ശക്തി കേന്ദ്രങ്ങളായ നഗരങ്ങളാണ് ഇവ. രണ്ട് പ്രദേശങ്ങളിലും പുതിയ പ്രസിഡന്റിനെയും പാര്‍ലിമെന്റിനെയും തിരഞ്ഞെടുക്കും. എന്നാല്‍ നിലവില്‍ ഇവിടെ അധികാരത്തിലിരിക്കുന്നവരെ എന്തുചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇവരെ നിലവിലെ സ്ഥാനത്ത് തന്നെ തുടരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കീവ് അധികൃതര്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഭരണഘടനാപരമായ കീഴ്‌വഴക്കങ്ങളെ നിര്‍ബന്ധിച്ച് മാറ്റം വരുത്താന്‍ ശ്രമം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഉക്രൈന്‍ സുരക്ഷാ വിഭാഗം(എസ് ബി യു) അവരുടെ ഫേസ്ബുക്ക് പോജിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം പ്രഖ്യാപിത റിപ്പബ്ലിക് ഭീകരസംഘടനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര നിരീക്ഷകരൊന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മേല്‍നോട്ടത്തിന് എത്തിയിട്ടില്ല.
പാശ്ചാത്യന്‍ ശക്തികള്‍ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ഫലം തള്ളിക്കളയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം മാനിക്കുമെന്നാണ് റഷ്യയുടെ നിലപാട്. യൂറോപ്യന്‍ യൂനിയനും നാറ്റോയും തിരഞ്ഞെടുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.