Connect with us

International

തട്ടിക്കൊണ്ടുപോയി കൊല: ബംഗ്ലാദേശില്‍ ഒരു ജമാഅത്ത് നേതാവിന് കൂടി വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ മറ്റൊരു മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവിന് കൂടി കോടതി വധശിക്ഷ വിധിച്ചു. 1971ല്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് വേണ്ടിയുള്ള സമരത്തിനിടെ മനുഷ്യത്വ വിരുദ്ധമായ കുറ്റങ്ങള്‍ ചെയ്തിനാണ് കോടതി ഇയാള്‍ക്ക് വധ ശിക്ഷ വിധിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ജമാഅത്ത് നേതാവിനും ഇതേക്കുറ്റത്തിന്റെ പേരില്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.
ജമാഅത്ത് നേതാവ് മിര്‍ ഖാസിം അലിക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണല്‍ ആറ് മാസത്തെ വിചരണക്ക് ശേഷം വിധി പ്രഖ്യാപനം നടത്തിയത്.
ഇദ്ദേഹത്തിനെതിരെ പത്ത് കേസുകളില്‍ മിര്‍ ഖാസിം അലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതില്‍ രണ്ടെണ്ണം വധശിക്ഷക്ക് അര്‍ഹമായവയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്‌ലാമിയുടെ ബംഗ്ലാദേശിലെ അറിയപ്പെടുന്ന നേതാവാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ സാമ്പത്തികകാര്യങ്ങള്‍ നോക്കി നടത്തുന്നതും ഇദ്ദേഹമാണ്. രാജ്യവ്യാപകമായി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അല്‍ ബദ്ര്‍, ആന്റി ലിബറേഷന്‍ പാര്‍ട്ടി എന്നിവയുടെ തലപ്പത്തും ഇദ്ദേഹം സജീവമായിരുന്നു.
വിധിക്കെതിരെ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോടതി പുറത്തും അകത്തും ശക്തമായ സുരക്ഷകള്‍ ഒരുക്കിയിരുന്നു. വിധിയില്‍ പ്രകോപിതരായി ജമാഅത്തെ ഇസ്‌ലാമി, രണ്ട് ദിവസത്തെ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിന് പുറമെ പുതിയ സമരപരിപാടികളുമായി രംഗത്തെത്തുമെന്നും ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Latest