വാഗാ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണം: 55 പേര്‍ കൊല്ലപ്പെട്ടു

Posted on: November 3, 2014 8:42 am | Last updated: November 3, 2014 at 9:53 am

wagah-blast-AFP-650ലാഹോര്‍: പാക്കിസ്ഥാനിലെ വാഗാ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കുട്ടികളും സുരക്ഷാ സൈനികരും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്. വാഗയിലെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലുള്ള പാര്‍ക്കിംഗ് പ്രദേശത്താണ് സ്‌ഫോടനം നടന്നത്. മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുള്ളതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക നിഗമനം അനുസരിച്ച്, സിലിന്‍ഡറാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. പരേഡ് കണ്ടുകഴിഞ്ഞ ശേഷം ജനങ്ങള്‍ പിരിഞ്ഞുപോകാന്‍ നേരത്താണ് ആക്രമണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് ജനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും കടത്തിവിടുന്നില്ല. 18 വയസ്സിന് താഴെയുള്ള ചാവേറുകളാകാം ആക്രമണത്തിന് പിന്നിലെന്ന് പഞ്ചാബ് പ്രവിശ്യ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു.