അരുണാചല്‍ മന്ത്രി പറഞ്ഞത്

Posted on: November 3, 2014 6:00 am | Last updated: November 2, 2014 at 7:51 pm

ചൈനയുമായും പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന മേഖല ഈയിടെയായി കൂടുതല്‍ അശാന്തമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നില്ലെന്നേ ഉള്ളൂ. നുഴഞ്ഞ് കയറ്റങ്ങളും വെടിനിര്‍ത്തല്‍ ലംഘനങ്ങളും വാഗ്‌യുദ്ധങ്ങളും നിരന്തരം അരങ്ങേറുന്നു. ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ച് സൗഹാര്‍ദം ‘ഊട്ടിയുറപ്പിച്ച്’ മടങ്ങിയതിന്റെ തൊട്ടുപിറകേയാണ് അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി മേഖലയില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് കയറി താമസം തുടങ്ങിയത്. നയതന്ത്ര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അവര്‍ പിന്‍വാങ്ങിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗരൂകരാകാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നു. കൂടുതല്‍ കൂടുതല്‍ സൈനിക സാമഗ്രികളും ആയുധങ്ങളും വാങ്ങിക്കൂട്ടുന്നു. 80,000 കോടി രൂപയുടെ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷക്കും വിദ്യാഭ്യാസത്തിനും പാര്‍പ്പിടത്തിനും അടിസ്ഥാന സൗകര്യത്തിനും ചെലവിടേണ്ട തുകയാണ് ബഹുരാഷ്ട്ര ആയുധക്കമ്പനികള്‍ കൊണ്ടുപോകുന്നത്. ഈ പശ്ചാത്തലത്തില്‍ അങ്ങേയറ്റം പ്രസക്തമായ വസ്തുതകളാണ് അരുണാചല്‍ പ്രദേശ് ആരോഗ്യ, ഗോത്രകാര്യ മന്ത്രി കലിഖോ പുല്‍ മുന്നോട്ട് വെക്കുന്നത്.
ചൈനയുടെ കടന്നുകയറ്റത്തിന്റെ അടിസ്ഥാനകാരണം അതിര്‍ത്തിയില്‍ ജനങ്ങള്‍ കുടിയൊഴിഞ്ഞു പോകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ ജനസംഖ്യ കുറഞ്ഞ സംസ്ഥാനമാണ്. നല്ലൊരു ശതമാനം ഗോത്രവര്‍ഗക്കാര്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വാരിക്കോരി ചെലവാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സത്യം നേരെ വിപരീതമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ വന്നാല്‍ ഇത് ബോധ്യപ്പെടും. ഇവിടെ വെള്ളമില്ല, വെളിച്ചമില്ല, റോഡും പാലവുമില്ല. മനുഷ്യര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള ഒന്നും ഇവിടെയില്ല. ഏഴ്, എട്ട് വരികളുള്ള അതിവേഗ പാതകളെയും മെട്രോ ട്രെയിനുകളെയും കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് നടക്കാന്‍ പോലും പാതകളില്ല. ജീവിതമാര്‍ഗം തേടി ജനങ്ങള്‍ ഇവിടെ നിന്ന് പട്ടണങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അങ്ങനെ അതിര്‍ത്തി ജനശൂന്യമാകുന്നു. ഈ പഴുതിലേക്കാണ് ചൈന നുഴഞ്ഞ് കയറുന്നത്. ഇവിടെ പട്ടാളക്കാരല്ല, ജനങ്ങളാണ് വേണ്ടത്. ജനസാന്നിധ്യമാണ് ഒരു പ്രദേശത്തെ രാഷ്ട്രത്തിന്റെ ഭാഗമാക്കുന്നത്. ഈ മേഖലയില്‍ വികസനത്തിന്റെ വെളിച്ചമെത്തിക്കാതെ എന്ത് സൈനിക സന്നാഹം നടത്തിയിട്ടും കാര്യമില്ല. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന ഗതികേടില്‍ നിന്ന് ഈ മനുഷ്യരെ രക്ഷിക്കുകയാണ് ഏറ്റവും വലിയ പ്രതിരോധം- ഇങ്ങനെ പോകുന്നു കലിഖോ പുലിന്റെ വാക്കുകള്‍. ഗോത്രവര്‍ഗ മന്ത്രിമാരുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
അതിര്‍ത്തി സംരക്ഷണത്തിന്റെയും സൈനിക സന്നാഹത്തിന്റെയും രാഷ്ട്ര അഖണ്ഡതയുടെയും ഇരുള്‍ മൂടിക്കിടക്കുന്ന തലങ്ങളിലേക്കാണ് പുലിന്റെ വാക്കുകള്‍ വെളിച്ചമടിക്കുന്നത്. വികസന മുന്‍ഗണനകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു. തലസ്ഥാനനഗരിയില്‍ നിന്നാണ് മുന്‍ഗണനകള്‍ തുടങ്ങുന്നത്. നഗരങ്ങളിലൂടെ, പട്ടണങ്ങളിലൂടെ, പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ, കൂറ്റന്‍ വ്യാപാര കേന്ദ്രങ്ങളിലൂടെ അത് വിദൂരസ്ഥ ഗ്രാമങ്ങളിലും അതിര്‍ത്തിയിലും എത്തുമ്പോഴേക്കും മങ്ങി മങ്ങിയില്ലാതാകുന്നു. നമ്മുടെ നയരൂപവത്കരണക്കാരുടെയും മാധ്യമങ്ങളുടെയും വിമര്‍ശകരുടെയും ശ്രദ്ധ അവിടേക്ക് ചെല്ലുന്നേയില്ല. അവിടെയുള്ള മനുഷ്യര്‍ പുറമ്പോക്കുകാരാണ്. അവര്‍ക്ക് പൗരത്വം ഒരു അലങ്കാരം മാത്രമാണ്. മുറതെറ്റാതെയുള്ള വോട്ടെടുപ്പ് മഹോത്സവത്തില്‍ പങ്കെടുക്കാം. അത്രമാത്രം. അതിര്‍ത്തി പ്രദേശങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് ഒരു വിലയുമില്ല. പ്രത്യേക അധികാരങ്ങളാല്‍ ആയുധമണിയിക്കപ്പെട്ട സൈനികര്‍ക്ക് വേണ്ടിയാണ് അവിടെ സര്‍വസ്വവും. സൈന്യത്തിന്റെ അമിതാധികാര പ്രയോഗത്തെ വെല്ലുവിളിക്കാന്‍ ഇറോം ശര്‍മിളക്ക് സ്വയം പട്ടിണികിടക്കേണ്ടി വരുന്നത് അതുകൊണ്ടാണ്. ദേശീയോദ്ഗ്രഥനം പോലുള്ള ചന്തമുള്ള വാക്കുകള്‍ക്ക് അര്‍ഥമുണ്ടാകണമെങ്കില്‍ ഈ മനുഷ്യരെ കൂടി രാഷ്ട്രത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. സൈനിക സാമഗ്രികള്‍ വാങ്ങാനായി ചെലവിടുന്ന കോടികളുടെ ചെറിയൊരു അംശം മതി അതിര്‍ത്തിയിലെ മനുഷ്യര്‍ക്ക് സുഭിക്ഷമായ ജീവിതം സാധ്യമാക്കാന്‍. യഥാര്‍ഥ പ്രതിരോധം സാധ്യമാകേണ്ടത് ഈ മനുഷ്യര്‍ അവിടെ നിന്ന് പിഴുതെറിയപ്പെടുന്നത് തടഞ്ഞ് കൊണ്ടായിരിക്കണമെന്നും പുലിന്റെ വാക്കുകള്‍ ഓര്‍മപ്പെടുത്തുന്നു.
അതിര്‍ത്തിയില്‍ ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന പ്രഖ്യാപനത്തിനെതിരെ ചൈന രംഗത്തെത്തിയത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അവരുടെ അതിര്‍ത്തി വ്യാപന അവകാശവാദങ്ങളുടെ മാത്രം ഭാഗമല്ല ഈ എതിര്‍ സ്വരം. അവര്‍ക്കറിയാം ഈ പ്രദേശങ്ങളില്‍ വികസനമെത്തിയാല്‍ ഭൂപടം മാറ്റി വരക്കുന്ന ഏര്‍പ്പാട് നടക്കാന്‍ പോകുന്നില്ലെന്ന്. ആ അര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടി അത്യന്തം ഉചിതമായി. ഇന്ത്യ- ചൈന അതിര്‍ത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതില്‍ നിന്നും ആര്‍ക്കും രാജ്യത്തെ തടയാനാകില്ലെന്നുമാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. നല്ലത്. പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമായെങ്കില്‍ വളരെ നല്ലത്.