വി പി എസ് ഹെല്‍ത് കെയര്‍ പത്തു ലക്ഷവും ആംബുലന്‍സും നല്‍കി

Posted on: November 2, 2014 6:18 pm | Last updated: November 2, 2014 at 6:18 pm

അബുദാബി: യുഎഇ കേന്ദ്രമായ വി പി എസ് ഹെല്‍ത് കെയര്‍ ഗ്രൂപ്പ്, ബംഗളൂരുവിലെ സര്‍വജ്ഞ ഹെല്‍ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് പത്തു ലക്ഷം രൂപയും ആംബുലന്‍സും നല്‍കി. കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് ചെയര്‍മാനായി, സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രസ്റ്റാണിത്.
ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍, മുഖ്യാതിഥിയായി പങ്കെടുത്ത വി പി എസ് ഹെല്‍ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ സഹായം കൈമാറി. ചടങ്ങില്‍ ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വി പി എസ് ഗ്രൂപ്പിന്റെ, സാമൂഹിക പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാമ്പത്തിക സഹായം. നേരത്തെ, നൂറ് പേര്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ എന്ന പദ്ധതി നടപ്പാക്കിയും വി പി എസ് ഗ്രൂപ്പ് ശ്രദ്ധ നേടിയിരുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശൈലം, ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണര്‍ വസ്ത്രാദ്, ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍ അതുല്‍ കുമാര്‍ തിവാരി, ദുബൈയിലെ ബര്‍ജീല്‍ ഹോസ്പ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് സര്‍ജറി സി ഇ ഒ ഡോ. ഷാജീര്‍ ഗഫാര്‍, ബംഗഌര്‍ ബാപ്റ്റിസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലക്‌സ് തോമസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.