Connect with us

Gulf

20 മിനുട്ട് കൊണ്ട് ഒട്ടകങ്ങളിലെ കൊറോണ കണ്ടെത്താന്‍ സംവിധാനം

Published

|

Last Updated

അബുദാബി: ആഗോള തലത്തില്‍ ആരോഗ്യ രംഗത്ത് ഭീഷണിയായി മാറിയ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധേയമായ കാല്‍വെപ്പുമായി യു എ ഇ. കേവലം 20 മിനുട്ടുകൊണ്ട് ഒട്ടകങ്ങളിലെ കൊറോണ കണ്ടെത്താനുള്ള പരിശോധനകളാണ് യു എ ഇയില്‍ വിജയകരമായി പരീക്ഷിച്ചത്.
ലോകത്തിലെ തന്നെ ആദ്യ സംരംഭമായ ഈ പരിശോധന, അബുദാബി ഫുഡ് കണ്‍ട്രോള്‍ സിസ്റ്റത്തിനു കീഴിലെ അല്‍ വത്ബ വെറ്റിനറി ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് പരീക്ഷിച്ച് വിജയിപ്പിച്ചത്. ഒട്ടകങ്ങളില്‍ നിന്നാണ് കൊറോണ രോഗം മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്നതെന്ന നിഗമനം നിലനില്‍ക്കെ, ശാസ്ത്രീയമായി ഏറെ സ്വീകാര്യത ലഭിക്കാനിടയുള്ള കാല്‍വെപ്പാണ് യു എ ഇ മൃഗ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്.
രാജ്യത്തെ ജൈവ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതികളുമായി മുമ്പോട്ടുപോകുന്നതിന്റെ ഭാഗമാണ് ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന് കീഴിലെ ശാസ്ത്രജ്ഞര്‍ ഇത്തരമൊരു കണ്ടുപിടുത്തത്തിലെത്തിയതെന്ന് സിസ്റ്റം കമ്യൂണിക്കേഷന്‍ ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റഈസി പറഞ്ഞു.
പൊതുജനാരോഗ്യത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കളെ കണ്ടെത്താന്‍ ലഭ്യമായ മുഴുവന്‍ ശാസ്ത്രീയ ഉപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും ഭക്ഷ്യ സുരക്ഷാ സംവിധാനം ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും അല്‍ റഈസി അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കൊറോണ കണ്ടെത്താനുള്ള പുതിയ പരിശോധനാ സൗകര്യങ്ങള്‍ സിസ്റ്റത്തിനുകീഴിലെ മുഴുവന്‍ ക്ലിനിക്കുകളിലും ലഭ്യമാക്കുമെന്നും അല്‍ റഈസി അറിയിച്ചു. രാജ്യത്തെ മറ്റു ലാബുകള്‍ക്കും പുതിയ ഈ പരിശോധനാ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും അല്‍ റഈസി പറഞ്ഞു.