പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം: സംഘത്തിലെ പ്രധാനിക്ക് കോണ്‍ഗ്രസിലെ ഉന്നതരുമായി അടുത്ത ബന്ധം

Posted on: November 2, 2014 12:53 am | Last updated: November 2, 2014 at 1:54 pm

കോഴിക്കോട്: കാമുകന്റെകൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരിച്ചുപിടിക്കാന്‍ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം നടത്തിയ സംഭവത്തിലെ പ്രധാനപ്രതിക്ക് കോണ്‍ഗ്രസ് നേതൃത്വുമായി അടുത്തബന്ധമെന്ന് ആരോപണം. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ ആയൂര്‍മന വി എം നവാസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഡി സി സി പ്രസിഡന്റ് കെസി അബുവിനും കെ പി സി സി ജന. സെക്രട്ടറി ടി സിദ്ദീഖിനും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നു. കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ നവാസ് ഒളവണ്ണ മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ 137-ാം ബൂത്ത് പ്രസിഡന്റുമാണ്. ഇയാളുടെ സഹോദരനും ക്വട്ടേഷന്‍ സംഘത്തലവനുമായ നിസാര്‍ പഠനകാലം മുതല്‍ തന്നെ കെ എസ് യു യൂനിറ്റ് ഭാരവാഹിയായിരുന്നു.
കഴിഞ്ഞ തവണത്തെ കെ എസ് യു തിരഞ്ഞെടുപ്പില്‍ ഐ വിഭാഗത്തെ ഒതുക്കാന്‍ നവാസിന്റെ സഹോദരന്‍ നിസാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമണം നടത്തിയതെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായും അടുത്തബന്ധമാണ് ഇരുവര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനും ബോക്‌സറുമായ നിസാര്‍ കോണ്‍ഗ്രസിന്റെ സമര വേദികളിലെല്ലാം സജീവമാണ്.
നഗരത്തില്‍ അടുത്തകാലത്ത് നടന്ന സംഘട്ടനങ്ങളില്‍ ഏറെ കേസിലും പ്രതിയായ ഇയാളെ നേരത്തെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും നവാസിനെ പുറത്താക്കിയതായി കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പി പി നൗഷീര്‍ അറിയിച്ചു.