ഗോവക്ക് ആദ്യ ജയം

Posted on: November 2, 2014 12:19 am | Last updated: November 2, 2014 at 12:21 pm

sheikhjewelrajaമഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എഫ്.സി ഗോവയ്ക്ക് ആദ്യ ജയം. ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകില്‍ നിന്ന ഗോവ ഇഞ്ചുറി ടൈമലാണ് ജയം പിടിച്ചെടുത്തത്. അഞ്ച് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഗോവ ആറാം സ്ഥാനത്തേക്ക് കയറി. എഫ് സി ഗോവയുടെ ഷെയ്ക് ജുവെല്‍ രാജ ഹീറോ ഓഫ് ദ മാച്ചായി. ഗോവയുടെ റോമിയ ഫെര്‍നാണ്ടസാണ് എമെര്‍ജിംഗ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിലെ മികച്ച നിമിഷം ടോള്‍ഗെ ഓസ്‌ബെയുടെ വിജയഗോളാണ്. വിജയം അനിവാര്യമെന്ന നിലയില്‍ ഇറങ്ങിയ ഗോവയെ ഞെട്ടിച്ച് ഡല്‍ഹിയാണ് ആദ്യ ഗോള്‍ നേടിയത്. ഏഴാം മിനിട്ടില്‍ മാറ്റ്‌സ് ജങ്കറാണ് ഗോവന്‍ വല ചലിപ്പിച്ചത്. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ഗോവ 73 ാം മിനിട്ടില്‍ ഷെയ്ഖ് ജുവല്‍ രാജയിലൂടെ ഗോള്‍ മടക്കി. പിന്നീട് ഇഞ്ചുറി ടൈമിലാണ് ടൊള്‍ഗെ ഒസ്‌ബെ വിജയ ഗോള്‍ നേടിയത്.
മുംബൈ-കേരള പോരാട്ടം
മുംബൈ: തകര്‍ന്നു നില്‍ക്കുന്ന മുംബൈ സിറ്റി എഫ് സിയും ജയിച്ചു നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് മുഖാമുഖം. ചെന്നൈയിന്‍ എഫ് സിയോട് 5-1ന് തകര്‍ന്നുപോയ മുംബൈ ഹോംഗ്രൗണ്ടില്‍ തിരിച്ചുവരവിന് കഠിനാധ്വാനം ചെയ്യും.
പൂനെ എഫ് സിയെ അഞ്ച് ഗോളുകള്‍ക്ക് തരിപ്പണമാക്കിയതിന്റെ ആവേശം മുംബൈയില്‍ നിന്ന് ചോര്‍ന്നു പോയിരിക്കുന്നു. തുടരെ രണ്ട് തോല്‍വികള്‍ അവരെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിട്ടത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 2-0ന് തോറ്റതിന് പിന്നാലെയാണ് ചെന്നൈയിന്‍ എഫ് സിക്ക് മുന്നില്‍ തകര്‍ന്നത്. മാര്‍ക്വു താരം ഫ്രെഡറിക് ല്യുംഗ്ബര്‍ഗിന് പരുക്കേറ്റതാണ് മുംബൈക്ക് തിരിച്ചടിയായത്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ നികോളാസ് അനെല്‍ക കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കിയില്ല. ക്യാപ്റ്റന്‍ സഈദ് റഹീം നബി ചെന്നൈക്കെതിരെ ആശ്വാസ ഗോള്‍ നേടിയത് മാത്രമാണ് എടുത്തുപറയാനുള്ളത്.
പൂനെക്കെതിരെ ഹാട്രിക്ക് നേടിയ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ മോറിറ്റ്‌സും ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുഭാഷ് സിംഗും ഫോമിലേക്കുയര്‍ന്നാല്‍ മുംബൈക്ക് ഇന്ന് മികച്ച ജയം സ്വന്തമാക്കാം.
എന്നാല്‍, ടൂര്‍ണമെന്റിലുടനീളം മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച കേരളം വിജയത്തിന്റെ ട്രാക്കിലേക്കെത്തിയത് മുംബൈക്ക് ഭീഷണിയാണ്.
മുന്നേറ്റ നിര അവസരം തുലക്കുന്നതായിരുന്നു കേരളത്തിന്റെ പ്രധാന പ്രശ്‌നം. മലയാളി താരം സബീത്തും ആഫ്രിക്കന്‍ സ്‌ട്രൈക്കര്‍ പെന്‍ ഓര്‍ജിയും സ്‌കോറിംഗ് പാടവം വീണ്ടെടുത്തത് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കനേഡിയന്‍ രാജ്യാന്തര താരം ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഫോം കേരളത്തിന്റെ ആക്രമങ്ങള്‍ക്ക് മൂര്‍ച്ചയേറ്റുന്നു.
നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള കേരളം ടേബിളില്‍ അഞ്ചാമതും മൂന്ന് പോയിന്റുള്ള മുംബൈ ഏഴാം സ്ഥാനത്തുമാണ്.