മുഹര്‍റം വീണ്ടുവിചാരത്തിന്റെ മാസം

Posted on: November 2, 2014 11:41 am | Last updated: November 2, 2014 at 11:41 am

moonഈ വര്‍ഷം എന്റെ ഹിജ്‌റ പുതുവര്‍ഷാരംഭം യമനിലെ ഹളര്‍മൗത്തിലായിരുന്നു. കേരളത്തില്‍ നിന്ന് മഅ്ദിന്‍ നോളജ് ഹണ്ട് വഴിയും അല്ലാതെയുമെത്തിയ എഴുപതിലധികം സഹോദരങ്ങള്‍ക്കൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി, അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നെത്തിയ കൂട്ടുകാരോടു കൂടെ. കാഴ്ചയിലും ജീവിതത്തിലും പച്ചപ്പില്ലാത്ത യമനിലെ ഈ വരണ്ടയറ്റത്തേക്ക് ആയിരങ്ങളെത്തിയിരിക്കുന്നു, ഒറ്റക്കും കൂട്ടായും. കലര്‍പ്പില്ലാത്ത ദീനിന്റെ പാരമ്പര്യം അനുഭവിച്ചറിയാന്‍, ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലുള്ള പണ്ഡിതരുടെ കൂട്ടായ്മയില്‍ നിന്ന് അറിവും അവബോധവും നേടാന്‍.
മുഹര്‍റം ഹളര്‍മൗത്തിന് രണ്ടാം റമളാനാണ്. വിശ്വാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ അരയും തലയും മുറുക്കി അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിക്കുന്നു. മുഹര്‍റം ഒമ്പതിന് വൈകുന്നേരം തരീം പട്ടണം ഒന്നാകെ ബാ അലവി പള്ളിയിലേക്ക് ഒഴുകുന്നു. തരീമിലേക്കെത്തിയ ആദ്യ സയ്യിദായ സയ്യിദ് അലി ഖാലെ ഖസം (റ) ആണ് ഈ പള്ളി നിര്‍മിച്ചത്. ഇവിടുത്തെ ആദ്യ മസ്ജിദും ഇതു തന്നെ. പതിനായിരങ്ങള്‍ ഈ പുരാതന നഗര വീഥികളെ നിറയ്ക്കുന്നു. രാത്രിയോടെ ഖിറാഅത്ത് ആശൂറാഅ് തുടങ്ങുകയായി. മുഹര്‍റം പത്തിന്റെ പുണ്യങ്ങള്‍ വിശദീകരിക്കുന്ന പ്രഭാഷണങ്ങളാണിത്. മുഹര്‍റം പത്തിന്റെ നന്മയിലേക്ക് ആളുകളെ ഒരുക്കുകയാണിതിലൂടെ. ഹള്‌റമി സയ്യിദ് പരമ്പരയിലെ പ്രോജ്വലിക്കുന്ന താരമായ, ഫഖീഹുല്‍ മുഖദ്ദം (റ) ഉള്‍പ്പെടെയുള്ളവര്‍ ഈ ചടങ്ങിനു നേതൃത്വം നല്‍കിയിരുന്നു. ഈ വിശദീകരണം കേട്ടതോടെ സദസ്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ നാട്ടിലെ മുഹര്‍റം പരിപാടികളെപ്പറ്റി പറഞ്ഞു തുടങ്ങി. മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും യൂറോപ്യന്മാരും ലാറ്റിനമേരിക്കയില്‍ നിന്നുമെത്തിയ പ്രതിനിധികളുമെല്ലാം തങ്ങളുടെ പാരമ്പര്യ മുഹര്‍റം വേദികള്‍ വിശദീകരിച്ചു. കഴിഞ്ഞ യൂറോപ്യന്‍ പര്യടന വേളയില്‍ പാരീസില്‍ എന്റെ പരിപാടികള്‍ ക്രമീകരിച്ചിരുന്ന സയ്യിദ് മുഹ്‌യിദ്ദീന്‍ ജമലുല്ലൈലി അവരുടെ നാടായ, ഫ്രാന്‍സിന്റെ തീരദേശപട്ടണമായ മുര്‍സീലിലെ മുഹര്‍റം പ്രാര്‍ത്ഥനാ പരിപാടിയെപ്പറ്റി പറഞ്ഞത് ഞാനോര്‍ത്തു.
ചരിത്രത്തെ നെഞ്ചേറ്റിയ മാസം
‘ആശുറാഅ് ‘ മുഹര്‍റം മാസത്തിലെ അവിസ്മരണിയ ദിവസമാണ്. മുഹര്‍റം പത്തിനാണ് ആശൂറാഅ് എന്ന് പറയുന്നത്. ഒന്‍പതിന് ‘താസുആഉം’.
പ്രപഞ്ചോല്‍പത്തിയുടെ ആരംഭം മുതല്‍ തുടങ്ങുന്നതാണ് മുഹര്‍റത്തിന്റെ ചരിത്രം. മനുഷ്യകുലത്തിന്റെ നിലനില്‍പിന്റെയും വീണ്ടെടുപ്പിന്റെയും പല ഘട്ടങ്ങള്‍ക്കും മുഹര്‍റം സാക്ഷിയായി. ആദ്യ പിതാവ് ആദം നബിയുടെ തേട്ടം അല്ലാഹു സ്വീകരിച്ചതും, ഇദ്‌രീസ് നബിയെ സ്വര്‍ഗസ്ഥനാക്കിയതും, നൂഹ് നബിയേയും വിശ്വാസികളേയും കപ്പലില്‍നിന്ന് പുറത്തിറക്കിയതും മുഹര്‍റം പത്തിനായിരുന്നു. ഇബ്‌റാഹീം നബിയെ അഗ്‌നി കുണ്ഡാരത്തില്‍ നിന്ന് മോചിപ്പിച്ചതും, മൂസാനബിയേയും സത്യ വിശ്വാസികളേയും ഫിര്‍ഔനില്‍ നിന്നും സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയതും ആശുറാഇന്റെ പവിത്രതക്ക് മാറ്റു കൂട്ടുന്നുണ്ട്.
പ്രപഞ്ച സൃഷ്ടിപ്പിന്റെ ആദ്യ ദിനം മുഹര്‍റം പത്ത് ആയിരുന്നു. അവസാനവും അതേ ദിവസമായിരിക്കുമെന്ന് കിതാബുകളില്‍ കാണാം.
അബുഹുറൈറയെ(റ)നെ തൊട്ട് ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ വിശുദ്ധ റമളാന്‍ മാസത്തിലെ നോമ്പിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം മാസത്തിലേതാണെന്നു കാണാം. മുഹര്‍റം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ള ദിവസം ആശുറാഅ് ആണ്. കാരണം, മുന്‍കഴിഞ്ഞ പ്രവാചകന്മാരും സമുദായവും ഈ ദിവസത്തെ ആദരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.
അബൂ ഹുറൈറ(റ) വില്‍ നിന്നു തന്നെ നിവേദനം: ആശുറാ നാളില്‍ അമ്പിയാക്കളെല്ലാം നോമ്പെടുത്തിരുന്നു, അതുകൊണ്ട് നിങ്ങളും നോമ്പെടുക്കുക. അഥവാ, പ്രവാചകര്‍ (സ്വ) തങ്ങളുടെ മുന്‍പു തന്നെ ആശുറാഇനെ ബഹുമാനിക്കപ്പെട്ടിരുന്നു.
ജൂത-ക്രൈസ്തവ വിശ്വാസികളും തങ്ങളുടെ പുണ്യദിനങ്ങളിലൊന്നായിട്ടാണ് ആശുറാഇനെ കണ്ടിരുന്നത്. കാരണം, മൂസാ നബി (അ)മിനെയും അനുയായികളെയും ഫിര്‍ഔനില്‍ നിന്നും അവന്റെ കൂട്ടരില്‍ നിന്നും സ്രഷ്ടാവ് രക്ഷപ്പെടുത്തിയത് ഈ ദിവസമാണ്. ക്രൈസ്തവര്‍ക്ക് മൂസാ നബിയുടെ ശരീഅത്തില്‍ നിന്ന് ചില വിഷയങ്ങളില്‍ മാത്രമേ വ്യതിയാനമുള്ളൂ എന്നതിനാല്‍ അവരും ഈ ദിവസത്തെ ആദരിച്ചിരുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍ ഖുറൈശികളും ആശുറാഅ് ദിനത്തില്‍ നോമ്പെടുത്തിരുന്നു എന്ന് ആയിശാ(റ) നെ തൊട്ട് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ചുരുക്കത്തില്‍ പ്രാചീനകാലം തൊട്ടെ ആശുറാഅ് പുണ്യ ദിനങ്ങളിലൊന്നാണ്.
ഇമാം ബുഖാരി(റ) ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസ്: നബി (സ)മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ജൂതന്മാര്‍ ആശുറാഅ് ദിനത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇന്നെന്താണൊരു പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യ ദിനമാണ്. ബനൂ ഇസ്‌റാഈലിനെ അവരുടെ ശത്രുക്കളില്‍ നിന്ന് അല്ലാഹു മോചിപ്പിച്ചത് ഇന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂസാ നബി (അ) നോമ്പ് അനുഷ്ഠിച്ചിരുന്നു. അപ്പോള്‍ നബി (സ്വ) ഇപ്രകാരം പറഞ്ഞു: എങ്കില്‍ നിങ്ങളെക്കാള്‍ മൂസാ നബിയുമായി കൂടുതല്‍ കടപ്പെട്ടവര്‍ ഞാനാണ്. പിന്നീട് നബി(സ്വ) തങ്ങള്‍ ആ ദിവസത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. ചുരുക്കത്തില്‍, ലോകത്തിലെ പ്രബല വിഭാഗങ്ങളെല്ലാം ഈ മാസത്തിന്റെയും അതിലെ ദിനരാത്രങ്ങളുടെയും മാഹാത്മ്യം അറിയുന്നവരും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചവരുമായിരുന്നു.
വേദനയെ ജയിച്ച മാസം
മുഹര്‍റം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങിയ മാസമാണ്. എങ്കിലും മുസ്‌ലിം ഹൃദയങ്ങളെ വേദനയിലാഴ്ത്തിയ കര്‍ബല നടന്നതും ഈ മാസം തന്നെയായിരുന്നു. പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) ഹിജ്‌റ അറുപത്തിയൊന്നാം വര്‍ഷം മുഹര്‍റം പത്തിന് ജുമുഅ ദിവസം കൊല ചെയ്യപ്പെട്ടു. ഈ സംഭവത്തില്‍ മുസ്‌ലിം ലോകത്തിന് അതിയായ ഹൃദയ വേദനയുണ്ട്. ഈ ദിവസത്തെ ദുഖത്തിന്റെയും വേദനയുടെയും മൂടുപടമിട്ട് മാറ്റിനിര്‍ത്തണമെന്ന് ഇതിനര്‍ത്ഥമില്ല.
കര്‍ബലയില്‍ അഹ്‌ലുബൈത്തിനുണ്ടായ ദുരന്തത്തെ അതിജീവിച്ചു കൊണ്ട്, ഹുസൈന്‍(റ)വിന്റെ മകന്‍ സൈനുല്‍ ആബിദീന്‍ (റ)വിലൂടെ തിരുപരമ്പര ശക്തമാവുന്നതാണ് ചരിത്രത്തില്‍ പിന്നീട് നാം കാണുന്നത്. മദീനയില്‍ ഒതുങ്ങിയിരുന്ന അഹ്‌ലുബൈത്ത് അങ്ങിനെയാണ് രാജ്യങ്ങളുടെ അതിരുകള്‍ കടന്ന് ലോകത്തിന്റെ മുക്കുമൂലകളില്‍ വെളിച്ചം നിറച്ചത്.
പുതു വര്‍ഷാരംഭമെന്ന നിലയില്‍ മുഹര്‍റത്തെ കാണുകയോ പരിഗണിക്കുകയോ ചെയ്യാന്‍ മറന്നവര്‍ക്കു പോലും ഏറ്റവും നല്ലൊരു അവസരമാണ് മുഹര്‍റം ഒന്‍പതും പത്തും. അന്ന് നോമ്പനുഷ്ഠിക്കുക. കുടുംബത്തിനും കൂട്ടുകാര്‍ക്കും ഈ മാസത്തിന്റെ, ദിനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക. ഈ വര്‍ഷാരംഭം എല്ലാവര്‍ക്കും നല്ലതു വരുത്തട്ടെ. അല്ലാഹുവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന മുഹര്‍റത്തിന്റെ ധന്യതയില്‍ തുടങ്ങുന്ന പുതുവര്‍ഷം അവസാനിക്കാത്ത ഒരുപാട് നന്മകള്‍ വര്‍ഷിക്കുന്ന കാലത്തേക്കുള്ള കവാടമാവട്ടെ.