Kerala
മാലിന്യ നിര്‍മാര്‍ജനത്തിന് പിന്നാലെ സി പി എം പച്ചക്കറി കൃഷിയിലേക്ക്

തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനത്തിന് പിന്നാലെ കാര്‍ഷിക രംഗത്തേക്കും സി പി എം. കേരളത്തിന് ആവശ്യമായ പച്ചക്കറികള്‍ വീടുകളിലും പറമ്പുകളിലും വിളയിച്ചെടുക്കുക എന്ന ലക്ഷ്യമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ പൊതു അവബോധം ഉണ്ടാക്കാനുള്ള ശ്രമം നടന്നുവരികയാണ്. അതിനൊപ്പമാണ് പച്ചക്കറി കൃഷി സംബന്ധിച്ച് പൊതു അവബോധം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായി നവംബര്‍ 28, 29, 30 തീയതികളില്‍ വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ ശില്‍പ്പശാല സംഘടിപ്പിക്കും. ഇതിനൊപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിചെയ്യുന്ന മാരാരിക്കുളത്ത് നവംബര്‍ 30ന് ശില്‍പ്പശാല സംഘടിപ്പിക്കും. ശുചിത്വ കേരളം സുന്ദര കേരളം പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചുകഴിഞ്ഞുവെങ്കിലും വരുന്ന ആറ്മാസം കൊണ്ട് മാത്രമേ അതിന്റെ പ്രയോജനം തലസ്ഥാന നഗരത്തിന് ലഭിക്കൂ. ഏതെങ്കിലും തരത്തില്‍ ഇതിനെ സി പി എം പരിപാടിയായി കാണുന്നില്ല. എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാറിന്റെ വന്‍കിട പദ്ധതികള്‍ പ്രയോഗികമാകുന്നില്ല. ജനങ്ങളുടെ എതിര്‍പ്പുകള്‍ കാരണം വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല. അക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് പാര്‍ട്ടി ഈ വിഷയം ഏറ്റെടുത്തതെന്നും പിണറായി പറഞ്ഞു.
നാടിന്റെ വികസനകാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. വികസന രംഗം പിറകോട്ട് നീങ്ങുന്നു. എന്നാല്‍ ചില വകുപ്പുകളില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാവൂ. മാലിന്യത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അത് അവബോധത്തിന്റെയും സംസ്‌കാരത്തിന്റേയും കൂടി പ്രശ്‌നമാണ്.
എങ്കിലും ആത്യന്തികമായി മാലിന്യ നിര്‍മാര്‍ജനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ കടമ തന്നെയാണ്. അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി സഹകരിക്കും. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുക എന്നത് തന്നെയാണ് കൂടുതല്‍ പ്രായോഗികം. അതിന് വിജയകരമായ ഒട്ടേറെ മാതൃകകള്‍ ഇന്നുണ്ട്. പാര്‍ട്ടി ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തില്‍ എല്ലാവരെയും ഭാഗമാക്കുമെന്നും സംസ്ഥാന വ്യാപകമായി പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.