Connect with us

Kerala

കോഴക്കുരുക്കില്‍ അടവുനയം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ബാറുടമയുടെ ആരോപണത്തിന് പിറകേ, തന്ത്രപരമായ നിലപാടുകളുമായി ഇടത് വലത് മുന്നണികള്‍. കെ എം മാണി അഞ്ച് കോടി ആവശ്യപ്പെട്ടെന്നും ഇതില്‍ ഒരു കോടി രൂപ കൈമാറിയെന്നുമാണ് ബാറുടമകളുടെ പ്രധാന ഭാരവാഹിയായ ബിജു രമേശ് ഉന്നയിച്ചത്. വെളിപ്പെടുത്തലിനെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും ഘടകകക്ഷി മന്ത്രിമാരും കെ എം മാണിയെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍, സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നെങ്കിലും, കെ എം മാണിക്കെതിരെ മൃദുസമീപനമാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. കെ എം മാണിയെ കടന്നാക്രമിക്കാതെയായിരുന്നു പിണറായിയുടെ പ്രതികരണം. കെ എം മാണിക്കെതിരെ മാത്രമല്ല, മുഖ്യമന്ത്രിക്കെതിരെയും, വകുപ്പുമന്ത്രിക്കെതിരെയും സമഗ്ര അന്വേഷണം വേണമെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. ഇതിനിടെ ആരോപണം രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഇന്നലെ വൈകീട്ട് കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
ആരോപണം പുറത്തുവന്ന ഉടനെ പ്രതിപക്ഷത്തെ മറികടന്ന് പ്രതിരോധവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ആദ്യം രംഗത്തെത്തിയത്. പൊതുചടങ്ങിന് ശേഷം സെക്രട്ടേറിയറ്റ് കവാടത്തില്‍ വെച്ചാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ഇതേകുറിച്ച് സംസാരിച്ചത്. മാണിക്കെതിരായ ആരോപണത്തെ പാടേ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, ബിജു രമേശിനെ കണ്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തില്ലെന്നും വ്യക്തമാക്കി. അര നൂറ്റാണ്ടുകാലമായി ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച മാണിയുടെ പൊതുപ്രവര്‍ത്തനം ഇരുമ്പുമറക്കുള്ളിലായിരുന്നില്ലെന്നും, ഇത്തരം വെളിപ്പെടുത്തലുകള്‍ കേരളത്തിലെ ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മാണിയോട് വിശദീകരണം ചോദിക്കണമെന്നാവശ്യപ്പെട്ട ടി എന്‍ പ്രതാപനെ ശക്തമായി ശാസിച്ച മുഖ്യമന്ത്രി പ്രതാപന്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു. മാണിയോട് വിശദീകരണം ചോദിക്കാന്‍ ആരാണ് പ്രതാപനെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് തുടര്‍ മറുപടിയുമായി രംഗത്തെത്തിയ ബാറുടമ ബിജു രമേശ് തന്റെ ആരോപണത്തില്‍ ഉറച്ചുനിന്നു. സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കില്‍ സ്വന്തം നിലയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആരോപണത്തില്‍നിന്ന് ഒരിക്കലും പിന്നോട്ടുപോകില്ലെന്നും ആവര്‍ത്തിച്ചു. ആദ്യം 15 ലക്ഷം രൂപയും പിന്നീട് 85 ലക്ഷം രൂപയുമാണ് നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.
എന്നാല്‍, ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളിയ കെ എം മാണി, ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും പ്രതികരിച്ചു. തന്നെയും കേരളാ കോണ്‍ഗ്രസിനെയും നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണമെന്നും മാണി പറഞ്ഞു.
ബാര്‍ വിഷയത്തില്‍ എല്ലാ മന്ത്രിമാരും കോഴ വാങ്ങിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ചൂണ്ടിക്കാട്ടിയ വി എസ്, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് ഈ വിഷയത്തില്‍ പങ്കുണ്ടെന്ന് തുറന്നടിച്ചു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചിട്ടുണ്ട്.
എന്നാല്‍, കെ എം മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം നിലനില്‍ക്കെ ആരോപണം രാഷ്ട്രീയമായി ഗുണം ചെയ്യുന്നത് മുഖ്യമന്ത്രിക്കാണെന്നും ഇതിനാല്‍ വിവാദത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍, ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണെന്നും കെ എം മാണിയുടെ രാഷ്ട്രീയ മാറ്റത്തിന് തടയിടലാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയാതെ എ ഗ്രൂപ്പ് ഇത്തരമൊരു നീക്കം നടത്തില്ലെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് തുറന്നടിച്ചത് വിവാദത്തിന് കൂടുതല്‍ കൊഴുപ്പേകി.
അതേ സമയം, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, എക്‌സൈസ് മന്ത്രി കെ ബാബു, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍ എം എല്‍ എ എന്നിവര്‍ കെ എം മാണിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിക്ക് പിന്നാലെ സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണ് കോഴ വിവാദം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest