ലിവര്‍പൂളിന് തോല്‍വി; ആഴ്‌സണല്‍, ചെല്‍സി ജയിച്ചു

Posted on: November 1, 2014 12:16 pm | Last updated: November 2, 2014 at 12:19 pm

ENGLISH PREMIER LEAGUEലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ വീഴ്ത്തി ന്യൂകാസിലിന്റെ കരുത്തറിയിക്കല്‍ (1-0).അയോസ് പെരെസാണ് വിജയഗോള്‍ നേടിയത്. തുടരെ രണ്ടാം മത്സരത്തിലും വിജയഗോളടിച്ചാണ് പെരെസ് താരമായത്. ലീഗില്‍ തുടരെ നാലാം ജയമാണ് ന്യൂകാസില്‍ നേടിയത്. അതേ സമയം ആഴ്‌സണല്‍ 3-0ന് ബണ്‍ലിയെയും ചെല്‍സി 2-1ന് ക്യുപിആറിനെയും തോല്‍പ്പിച്ചു.
ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി നടക്കും. നിലവിലെ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കളിക്കാനിറങ്ങുമ്പോള്‍ അത് ഫുട്‌ബോള്‍ വിരുന്നായി മാറും. യുദ്ധ സമാനമായ പോരില്‍ സമനില കൊണ്ട് ഇരുകൂട്ടരും തൃപ്തിപ്പെടില്ല. ജയം മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്ക് അനിവാര്യം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയമില്ലാതെ മുടന്തുന്ന സിറ്റിക്ക് ലീഗ് ടേബിളിലെ മേല്‍ക്കോയ്മ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഒമ്പത് മത്സരങ്ങളില്‍ പതിനേഴ് പോയിന്റോടെ മൂന്നാം സ്ഥാനത്താണിപ്പോള്‍ മാനുവല്‍ പെല്ലെഗ്രിനിയുടെ സിറ്റി. പത്ത് മത്സരങ്ങളില്‍ 26 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് കുതിക്കുമ്പോള്‍ സിറ്റിക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ലൂയിസ് വാന്‍ ഗാലിന് ക്ലബ്ബ് ആരാധകര്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ ഡെര്‍ബി ജയം അനിവാര്യം.
തോറ്റാല്‍, സ്ഥാനമൊഴിഞ്ഞു പോകാനുള്ള മുറവിളി ഉയരും. ഒമ്പത് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റുള്ള യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്. റെലഗേഷന്‍ സോണിലുള്ള സണ്ടര്‍ലാന്‍ഡുമായി അഞ്ച് പോയിന്റിന്റെ മാത്രം വ്യത്യാസമാണ് യുനൈറ്റഡിനുള്ളത്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ പതിനൊന്ന് ഗോളുകളോടെ ടോപ് സ്‌കോറര്‍ സ്ഥാനത്തുള്ള വെയിന്‍ റൂണി പരുക്ക് ഭേദമായി ഇന്ന് കളിക്കാനിറങ്ങും. ആദ്യ ലൈനപ്പില്‍ ഇംഗ്ലണ്ട് താരമുണ്ടാകുമെന്ന് കോച്ച് വാന്‍ ഗാല്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ 4-1നും 3-0നും യുനൈറ്റഡിനെ തകര്‍ത്തു വിട്ട സിറ്റി ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത് ഡെര്‍ബി വിജയങ്ങളിലായിരുന്നു.