ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ ഉപവാസം

Posted on: November 1, 2014 12:54 pm | Last updated: November 1, 2014 at 12:54 pm

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ ഉപവാസമനുഷ്ഠിച്ചു. യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഏകദിനഉപവാസ സമരം ബിജെപി ജില്ലാ അധ്യക്ഷന്‍ കെ സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ആദിവാസികളടക്കംനൂറുകണക്കിന് രോഗികള്‍ നിത്യേനയെന്നോണം ആശ്രയിക്കുന്ന ജില്ലാആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്ഥലം എംഎല്‍എംയും മന്ത്രിയുമായ പി കെ ജയലക്ഷ്മിയേയും ബന്ധപ്പെട്ട വകുപ്പുകളെയും സമീപിച്ചെങ്കിലും ആശുപത്രിയുടെ വികസനകാര്യത്തില്‍ ഇതുവരെയും അനുകൂലനിലപാട് ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിയെ ജില്ലയില്‍ പ്രവേശിക്കുന്നത് തടയുന്നതടക്കമുളള സമരപരിപാടികള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ചയുടെ ഗാന്ധിയന്‍മാര്‍ഗത്തിലുളള അവസാനത്തെ സമരമാണ് ഇതെന്നുംഅദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാ ആശുപത്രിയിലെ സ്‌കാനിംഗ് യൂണിറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുളള ചിലരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു. അഖില്‍ പ്രേം,എം ആര്‍ രഞ്ജിത്ത്, ജിതിന്‍ഭാനു, ടി.എന്‍ സുബീഷ്, ധനില്‍കുമാര്‍, ശ്യാംകുമാര്‍ എന്നിവര്‍ഉപവാസ സമരത്തിന് നേതൃത്വംനല്‍കി. പി ജി.ആനന്ദ് കുമാര്‍,സജിശങ്കര്‍, കണ്ണന്‍, പിപരമേശ്വരന്‍, ടി.എ മാനു, പി.ആര്‍ വിജയന്‍, സി കെ ദേവദാസ് പ്രസംഗിച്ചു.