മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ പട്ടിക വര്‍ഗ വകുപ്പ് കനിയുന്നില്ല

Posted on: November 1, 2014 12:41 pm | Last updated: November 1, 2014 at 12:41 pm

പാലക്കാട്: മലമ്പുഴ അകമലവാരത്ത് ആദിവാസികള്‍ക്കു അവകാശപ്പെട്ട ഭൂമി നല്‍കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടും പട്ടിക വര്‍ഗ വകുപ്പ് കനിയുന്നില്ല. അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയ ഭൂമിയും ലഭിച്ചില്ല, ഭൂമിക്കായി സമരം നടത്തിയ ആദിവാസി സമൂഹം വര്‍ഷങ്ങളായി കേസുമായി കോടതിയും കയറുന്നു. 1980-82ല്‍ പാലക്കാട്ടെത്തിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ആദിവാസികള്‍ മന്ത്രി സി എം സുന്ദരം സ്വാമിയുടെ നേതൃത്വത്തില്‍ കണ്ടു നിവേദനം നല്‍കിയിരുന്നു.
അന്നത്തെ മുഖ്യമന്ത്രിയായ കെ കരുണാകരന്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു ആദിവാസികള്‍ക്കായി പ്രത്യേക പ്രോജക്ട് തയാറാക്കുകയും പൂഴിക്കുന്ന് എന്ന സ്ഥലത്ത് വനംവകുപ്പിന്റെ കീഴിലുള്ള 100 ഏക്കര്‍ ഭൂമി കണ്ണമൂപ്പന്റെ നേതൃത്വത്തില്‍ കാടുവെട്ടി എ, ബി, സി എന്നീ മൂന്നു ബ്ലോക്കുകളായി ഭൂമി അളന്നു തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചു. പിന്നീട് മാറിവന്ന സര്‍ക്കാരുകള്‍ ഭൂമി പതിച്ചു നല്‍കുന്നതില്‍ താല്‍പര്യം കാണിച്ചില്ല. ഇതിനിടെ ഭൂരഹിത ആദിവാസികള്‍ക്ക് കൃഷിക്കു അനുയോജ്യമായ ഭൂമി 2010 ജൂലായ് 31നകം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നു.
ഉത്തരവ് പിന്തുടര്‍ന്ന് അളന്നു തിട്ടപ്പെടുത്തിയ ഭൂമിക്കായി ആദിവാസികള്‍ സമരം നടത്തി. 22 ആദിവാസികള്‍ക്കെതിരെ മലമ്പുഴ പോലീസ് കേസെടുത്തു. ഈ കേസിനായി ഇവര്‍ ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. ഭൂമിയും ലഭിച്ചില്ല കേസിലകപ്പെടുകയും ചെയ്തു. ബുദ്ധിമുട്ട് ഏറിയതോടെ കേസില്‍ നിന്നു ഒഴിവാക്കണമെന്നും ഭൂമി പതിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് ആദിവാസി സംരക്ഷണ സമിതി കെ അച്യുതന്‍ എംഎല്‍എ മുഖേന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പരാതി നല്‍കി.
മുഖ്യമന്ത്രി തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്നു കലക്ടര്‍ ആര്‍ഡിഒയ്ക്കും അവിടെ നിന്നു തഹസില്‍ദാര്‍, വനംവകുപ്പ്, ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവരോടും റിപ്പോര്‍ട്ട് തയാറാക്കാന്‍ ആവശ്യപ്പെട്ടു.വനംവകുപ്പ്, തഹസില്‍ദാര്‍ എന്നീ വകുപ്പുകളുടെ റിപ്പോര്‍ട്ട് തയാറായെങ്കിലും ജില്ലാ പട്ടിക വര്‍ഗ വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട് ഒരന്വേഷണവും നടത്തിയിട്ടില്ലെന്നു സമിതി പറഞ്ഞു. ഇരു വകുപ്പുകളും ഭൂമി നല്‍കുന്നതിനു അനുകൂലമാണെന്നും അവര്‍ പറയുന്നു. അഞ്ചുമാസം മുന്‍പ് ഓഫിസിലെത്തിയെന്നു രേഖകള്‍ പറയുന്ന ഫയല്‍ ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പില്‍ ഇല്ലെന്ന മറുപടിയാണു ല’ിച്ചതെന്നു സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് സി ഹരി, ജനറല്‍ സെക്രട്ടറി എം വി വീരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
മറ്റു വകുപ്പുകളുടെ റിപ്പോര്‍ട്ടുകളെല്ലാം അനുകൂലമായിരിക്കെ ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യത്തില്‍ നിര്‍ണായകം. ആദിവാസി ക്ഷേമം ലക്ഷ്യം വയ്ക്കുന്ന ജില്ലാ ഓഫിസിലെ നിസംഗത സമൂഹത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. പണിയ, ഇരുള, മുഡുക വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ആദിവാസികളാണ് അളന്നു തിട്ടപ്പെടുത്തിയ ഭൂമിക്കായി ഇപ്പോഴും കോടതി കയറിയിറങ്ങുന്നത്.