റവന്യൂ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും പിഴയും

Posted on: November 1, 2014 12:31 pm | Last updated: November 1, 2014 at 12:31 pm

മഞ്ചേരി: പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ മലപ്പുറം ഡി പി ഒ റോഡ് ജോതി ഹൗസില്‍ ജോയ് ജോണിനെയും സംഘത്തെയും ലോറിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് മൂന്ന് പ്രതികളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എന്‍ ഹരിദാസ് ശിക്ഷിച്ചു.
ഒന്നാം പ്രതി ലോറി ഡ്രൈവര്‍ കൂട്ടിലങ്ങാടി സ്വദേശികളായ കപ്പക്കുത്ത് പൊറ്റമ്മല്‍ അഹമ്മദ് കുട്ടി മകന്‍ അബ്ദുല്‍ ശുക്കൂര്‍ (34), രണ്ടാം പ്രതി യും ക്ലീനറുമായ കൂരിമണ്ണില്‍ വിലങ്ങുംപുറത്ത് ശംസുദ്ദീന്‍ മകന്‍ അനീസ് (24), മൂന്നാം പ്രതി ചാത്തംകുളം അബൂബക്കര്‍ മകന്‍ ഹാരിസ് (31) എന്നിവരെയാണ് ശിക്ഷിച്ചത്. ഒന്നും രണ്ടൂം പ്രതികള്‍ക്ക് വധശ്രമത്തിന് മൂന്ന് വര്‍ഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 6 മാസം തടവ്, ഉദ്യോഗസ്ഥരെ പരുക്കേല്‍പ്പിച്ചതിന് ഒരു വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ്, സ്വത്തുവഹകള്‍ക്ക് നഷ്ടം വരുത്തിയതിന് ആറു മാസം കഠിന തടവ്, 2000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
സര്‍ക്കാര്‍ മുതലുകള്‍ക്ക് നഷ്ടം വരുത്തിയതിന് ഒന്നാം പ്രതിക്ക് ആറു മാസം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം തടവ് എന്നും കോടതി ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഇരു പ്രതികളെയും സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് മൂന്നാം പ്രതിയെ ഒരു വര്‍ഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവനുഭവിക്കാനും കോടതി ശിക്ഷിച്ചു. കേസിലെ നാലാം പ്രതി മങ്കട വെണ്ണക്കോട് ഊരക്കോട്ടില്‍ അയമുട്ടി മകന്‍ അബ്ബാസ് (32), അഞ്ചാം പ്രതി മങ്കട പള്ളിപ്പുറം തെക്കേടത്ത് അബു മകന്‍ അബ്ദുസലീം (32) ആറാം പ്രതിയും കൂരിമണ്ണില്‍ വിലങ്ങുംപുറത്ത് ശംസുദ്ദീന്റെ ഭാര്യയും ലോറി ഉടമയുമായ പറമ്പത്ത് സക്കീന (44) എന്നിവരെ കോടതി വെറുതെ വിട്ടു.
2009 ജനുവരി 30ന് രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. കടലുണ്ടി പുഴയിലെ മോദി കടവില്‍ നിന്നും അനധികൃതമായി മണല്‍ കടത്തി കൊണ്ടുപോകവെ, കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ലോറിയെ തഹസില്‍ദാറും സ്‌ക്വാഡ് അംഗങ്ങളും പിന്തുടരുകയായിരുന്നു. നമ്പൂരിക്കാട് എന്ന സ്ഥലത്തു വെച്ച് തഹസില്‍ദാറും സ്‌ക്വാഡ് അംഗങ്ങളായ കരുവമ്പലം വില്ലേജ് മാന്‍ എ ബി ആല്‍ബര്‍ട്ട്, ഡ്രൈവര്‍ പ്രകാശന്‍, മേലാറ്റൂര്‍ വില്ലേജ് ഓഫീസര്‍ സുഗതന്‍, പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് സ്റ്റാഫ് യു പി രാജേഷ്, കാര്യവട്ടം വില്ലേജ് അസിസ്റ്റന്റ് പ്രണേഷ് കുമാര്‍ എന്നിവര്‍ സഞ്ചരിച്ച ജീപ്പിനെ കെ എല്‍ 10 യു 5949 നമ്പര്‍ മിനിലോറി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് കൂട്ടിലങ്ങാടി ഭാഗത്തേക്ക് ലോറിയുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബൈക്കില്‍ വന്ന് മറ്റ് പ്രതികള്‍ റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
പരുക്കേറ്റ ഉദ്യോഗസ്ഥരെ പെരിന്തല്‍മണ്ണ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മലപ്പുറം സി ഐ ഇ ജലീലാണ് പ്രതികളെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. കേസില്‍ 26 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാരാട്ട് അബ്ദുര്‍റഹ്മാന്‍ ഹാജരായി.