വോട്ടര്‍ പട്ടിക പുതുക്കുന്നു: നവംബര്‍ 25 വരെ പേര് ചേര്‍ക്കാം

Posted on: November 1, 2014 12:30 pm | Last updated: November 1, 2014 at 12:30 pm

മലപ്പുറം: ലോക്‌സഭാ-നിയമസഭാ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പുതിയ വോട്ടര്‍മാര്‍ക്കും ഈമാസം 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്ക് ഓണ്‍ലൈനായി പേര് ചേര്‍ക്കാം.
വോട്ടര്‍പട്ടികയിലെ ഫോട്ടോ മാറ്റുന്നതിനും സംവിധാനം ഉപയോഗപ്പെടുത്താം. വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എം പങ്കജാക്ഷി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഈമാസം ഒമ്പതിനും 23നും വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിനും നടത്തും. ശാരീരിക വെല്ലുവിളി നേരിടുന്നവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഇവരുടെ പേര് ചേര്‍ക്കുക. കന്നി വോട്ടര്‍മാരെ ചേര്‍ക്കുന്നതിന് കോളജുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം പുതു വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഈമാസം 25 വരെ കലക്ടറേറ്റ്, താലൂക്ക് – വില്ലേജ് ഓഫീസുകള്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കും. താലൂക്ക് ഓഫീസുകളില്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും ഉണ്ടെന്ന് ഉറപ്പ് വരുത്താനും കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്താം.