കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിക്കായി ക്വട്ടേഷന്‍ നല്‍കിയത് നാല് ലക്ഷത്തിന്

Posted on: November 1, 2014 12:21 pm | Last updated: November 1, 2014 at 12:21 pm

murderകോഴിക്കോട്: കാമുകന്റെ കൂടെ ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുപോകാനായി പട്ടാപ്പകല്‍ നഗരത്തില്‍ ഗുണ്ടാ ആക്രമണം നടത്തിയ എട്ടംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. ക്വട്ടേഷന്‍ തലവന്‍മാരായ ആയുര്‍മന നിസാര്‍, സഹോദരന്‍ ആയുര്‍മന നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

പെണ്‍കുട്ടിയുടെ സഹോദരന്‍ ഫ്രാന്‍സിസ് റോഡ് മഞ്ഞപ്പാലം മുഹമ്മദ് ഷെഹിന്‍ (21), നടക്കാവ് പണിക്കര്‍ റോഡ് വണ്ടിക്കാരന്റകത്ത് ഷമീര്‍ ബാബു (26), കല്ലായി ചെമ്മങ്ങാട് പറമ്പ് ജാസിര്‍ എന്ന ജാനു, കോര്‍ട്ട് റോഡ് ഫാഹിം അഹമ്മദ് (22), പള്ളിക്കണ്ടി തെക്കും പറമ്പ് ഹനീഫ എന്ന ഫാറൂഖ് (35), ഒളവണ്ണ മര്‍ജാത മന്‍സില്‍ ഫവാസ് എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന നടക്കാവ് സ്വദേശി നൗല്‍ ഖാദറി (19)നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
പിടിയിലായവര്‍ നിരവധി മോഷണ കേസുകളിലും കവര്‍ച്ചാ കേസുകളിലും പ്രതികളാണ്. നിസാര്‍ ഒന്നരമാസം മുമ്പാണ് ജയില്‍ മോചിതനായത്. ഹനീഫ എന്ന ഫാറൂഖ് മാറാട് കേസില്‍ ഉള്‍പ്പെട്ട് കോടതി വെറുതെ വിട്ടയാളാണ്.
സംഭവത്തിനു ശേഷം നിസാര്‍ മലപ്പുറം ഭാഗത്തേക്ക് രക്ഷപ്പെടുന്നതിനിടെ മാത്തറ ജംഗ്ഷനടുത്തു വെച്ച് കസബ സി ഐ ബാബു പെരിങ്ങത്തും ക്രൈം സ്‌ക്വോഡ് അംഗങ്ങളും പിടികൂടുകയായിരുന്നു.
നിസാര്‍ വടിവാള്‍ വീശി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. നിസാറിന്റെ ബാഗില്‍ നിന്ന് ഉറുമിയും വടിവാളും കണ്ടെടുത്തു. മുതലക്കുളത്തുള്ള ഹോട്ടലിന്റെ പരിസരത്തു വെച്ചാണ് നവാസിനേയും ഹാഷിം അഹമ്മദിനേയും പിടികൂടിയത്.
ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന കാറുകളിലൊന്ന് പ്രതികളുടേതാണെന്ന സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. പാലാഴി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറിനെ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സഹോദരനുള്‍പ്പെടെയുള്ള മറ്റു പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് പേനാക്കത്തി, ഇരുമ്പുദണ്ഡ് എന്നിവയും ക്വട്ടേഷന്‍ ഇനത്തില്‍ ലഭിച്ച 65,000 രൂപയും ബോക്‌സിംഗ് ഗ്ലൗസും ബോക്‌സിംഗ് പഞ്ചിംഗ് പാഡുകളും കണ്ടെത്തി.
പ്രതികള്‍ക്കെതിരേ ഗുണ്ടാ ആക്ട് ചുമത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
ക്വട്ടേഷന്‍ സഹോദരങ്ങള്‍ എന്നറിയപ്പെടുന്ന നവാസിന്റേയും നിസാറിന്റേയും കിക്ക് ബോക്‌സിംഗ് കേന്ദ്രത്തിലെ ശിഷ്യന്‍മാരാണ് മറ്റു പ്രതികള്‍. ബോക്‌സിംഗ് പരിശീലനത്തിന്റെ മറവില്‍ യുവാക്കളെ ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന രീതിയാണ് ഇവരുടേതെന്ന് കമ്മീഷണര്‍ പറഞ്ഞു. 45,000 രൂപ ക്വട്ടേഷന്‍ വാങ്ങിയാണ് നിസാറും നവാസും പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടു വരാമെന്നേറ്റത്. നിസാറിന്റെ ബോക്‌സിംഗ് സെന്റര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ബോക്‌സിംഗ് സെന്റര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കും.
പെണ്‍കുട്ടിയുടെ 19 വയസുള്ള സഹോദരന് ക്വട്ടേഷന്‍ തുകയായി നാല് ലക്ഷം രൂപ നല്‍കാന്‍ കഴിയുമോ എന്നതും സംശയമാണ്. ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരേയും പ്രതികളാക്കും. പിടിയിലായവരെ കൂടാതെ സഹായികളാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഘം വടിവാളുകളും കത്തിയും മറ്റുമായി കാറിലെത്തി അരമണിക്കൂറോളം നഗരത്തില്‍ അക്രമം അഴിച്ചുവിട്ടത്. തിങ്കളാഴ്ച ഫ്രാന്‍സിസ് റോഡിലെ വീട്ടില്‍ നിന്ന് ഫാത്വിമ ഷേബ (19) എന്ന പെണ്‍കുട്ടിയെ കാണാതായെന്ന് ചെമ്മങ്ങാട് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതറിഞ്ഞ് ഷബീബ് (24) എന്ന യുവാവിനൊപ്പം കോടതിയില്‍ ഹാജരാകാന്‍ വരുന്നതിനിടെയാണ് ആക്രമണം നടന്നത്.
ഷബീബിനും ഫാത്വിമ ഷേബക്കും സംരക്ഷണം നല്‍കാന്‍ മറ്റൊരു സംഘവും പ്രവര്‍ത്തിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് കമ്മീഷണര്‍ അറിയിച്ചു. അസി. കമ്മീഷണര്‍ എ ജെ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക സംഘം രൂപവത്കരിച്ചത്. കസബ സി ഐ ബാബു പെരിങ്ങേത്തിനാണ് അന്വേഷണച്ചുമതല.