Connect with us

National

ഇന്ദിരാ ഗാന്ധിക്ക് അവഗണന: കോണ്‍ഗ്രസിന് അതൃപ്തി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പതാം ചരമദിനത്തില്‍ അവരുടെ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴിവാക്കി. സര്‍ക്കാറിന്റെ ഈ നടപടിയില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ശക്തിസ്ഥലില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ശക്തിസ്ഥലില്‍ ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ തൊട്ടപ്പുറത്ത് മോദി “യൂനിറ്റി റണ്‍” ഫഌഗ് ഓഫ് ചെയ്യുകയായിരുന്നു. ഇന്ദിരാ ഗാന്ധി ജീവിച്ചതും മരിച്ചതും രാഷ്ട്രത്തിന് വേണ്ടിയാണെന്നും അവരുടെ രക്തസാക്ഷി ദിനത്തെ ആദരിക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും മുതിര്‍ന്ന നേതാവ് മനീഷ് തിവാരി പറഞ്ഞു. കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാറിന്റെ ഭരണകാലത്ത് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയ് ഇന്ദിരാ ഗാന്ധിയുടെ ചരമദിനത്തില്‍ ശക്തിസ്ഥല്‍ സന്ദര്‍ശിച്ചിരുന്നു.
ഇന്നലെ രാവിലെ ഇന്ദിരാ ഗാന്ധിയുടെ ചരമ ദിനത്തെ സംബന്ധിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു ഇന്ദിരാ ഗാന്ധിയെ സ്മരിക്കുന്നവര്‍ക്കൊപ്പം താന്‍ ചേരുന്നുവെന്നായിരുന്നു ട്വീറ്റ്. രാജ്പഥില്‍ നടന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനാഘോഷ പരിപാടിക്കിടെ ഇന്ദിരയുടെ ചരമദിനം മോദി പരാമര്‍ശിച്ചിരുന്നു. മോദി മന്ത്രിസഭയിലെ അംഗം ഹര്‍ഷ വര്‍ധന്‍ ഇന്ദിരക്ക് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം സ്‌പെയിനിലാണ്.

Latest