Connect with us

National

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജെ എം എം സഖ്യം തകര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഝാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്- ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം) വിശാല സഖ്യം തകര്‍ന്നു. 475 ദിവസം നീണ്ടുനിന്ന സഖ്യം തകര്‍ന്നതായി ഇരു പാര്‍ട്ടി നേതാക്കളും വെളിപ്പെടുത്തി. 81 അംഗ സംസ്ഥാന നിയമസഭയിലേക്ക് മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് ഇരു കക്ഷികളുടെയും തീരുമാനം. അഞ്ച് ഘട്ടങ്ങളായുള്ള വോട്ടെടുപ്പ് നവംബര്‍ 25ന് ആരംഭിക്കും.
കോണ്‍ഗ്രസ് അവസാന നിമിഷത്തില്‍ തങ്ങളെ പിന്നില്‍ നിന്ന് കുത്തിയതായി മുഖ്യമന്ത്രിയും ജെ എം എം നേതാവുമായ ഹേമന്ദ് സോറന്‍ പ്രതികരിച്ചു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളുടെയും നേതാക്കള്‍ കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. നിരവധി വട്ടം ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഇരു പാര്‍ട്ടികളും കടുംപിടിത്തത്തില്‍ ഉറച്ച് നിന്നപ്പോള്‍ അനുരഞ്ജന ശ്രമങ്ങള്‍ വിഫലമായി.
ജാംതാര, ഘാട്ശില, പകുര്‍ എന്നീ മണ്ഡലങ്ങള്‍ വിട്ടുകിട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ ജെ എം എം തയ്യാറായില്ല. 45 സീറ്റുകള്‍ ലഭിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും സഖ്യം തകരാന്‍ കാരണമായി. മുന്നണി പങ്കാളികളായ ജെ ഡി- യു, ആര്‍ ജെ ഡി എന്നീകക്ഷികള്‍ക്ക് ജെ എം എം സീറ്റ് നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ ഝാര്‍ഖണ്ഡില്‍ തനിച്ച് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ പ്രബല വിഭാഗം ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയെ നേരിടാന്‍ വേണ്ട ശക്തി കോണ്‍ഗ്രസിനുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് സുക്‌ദേവ് ഭഗത് പ്രസ്താവിച്ചു. ഭഗതിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തനിച്ച് മത്സരിക്കാന്‍ നേരത്തെ ജെ എം എമ്മിനൊപ്പം സംസ്ഥാന ഭരണം കൈയാളിയിരുന്ന ബി ജെ പി തീരുമാനിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ ഗംഭീരവിജയമാണ് ബി ജെ പിയുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ 12 ഉം ബി ജെ പി. സ്വന്തമാക്കിയിരുന്നു. മൊത്തം 40.1 ശതമാനം വോട്ടും ബി ജെ പി നേടിയിരുന്നു. കോണ്‍ഗ്രസിന് 13.3 ശതമാനവും ജെ എം എമ്മിന് 12.1 ശതമാനം വോട്ടുമാണ് ലഭിച്ചത്. നിലവില്‍ ബി ജെ പിക്ക് പതിനേഴും ജെ എം എമ്മിന് 15 ഉം കോണ്‍ഗ്രസിന് 12 ഉം സീറ്റാണുള്ളത്.