Connect with us

National

മത്സ്യത്തൊഴിലാളികള്‍ക്ക് വധശിക്ഷ: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം

Published

|

Last Updated

ചെന്നൈ: അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചതില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം. മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. അഞ്ച് പേരെയും വിട്ടയക്കുന്നതില്‍ കേന്ദ്രം ഉറപ്പുനല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ചെന്നൈയില്‍ ശ്രീലങ്കന്‍ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിച്ചവരെ കരുതല്‍ തടങ്കലിലാക്കി. വധശിക്ഷക്കെതിരെ ലങ്കന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലങ്കന്‍ സര്‍ക്കാറുമായി ബന്ധപ്പെടണമെന്നും മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കണമെന്നും ഡി എം കെ നേതാവ് എം കരുണാനിധി ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചിട്ടുണ്ട്. കീഴ്‌ക്കോടതിയുടെതാണ് ഉത്തരവെന്നും മേല്‍ക്കോടതികളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി മത്സ്യത്തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നുണ്ടെന്നും നിയമപരമായും ഉദ്യോഗസ്ഥതലത്തിലും ഇടപെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ട്രെയിന്‍ ട്രാക്കുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് രാമേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് പ്രതിഷേധക്കാര്‍ തങ്കച്ചിമഠത്തിന് സമീപത്തുള്ള ട്രാക്കുകള്‍ തകര്‍ത്തത്. സന്ദര്‍ശകര്‍ റെയില്‍വേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രാത്രി കഴിച്ചുകൂട്ടിയത്. വടക്കേ ഇന്ത്യക്കാരാണ് ഇവരില്‍ അധികവും. രാമേശ്വരം ദ്വീപില്‍ നിന്ന് പുറത്തേക്കുള്ള പ്രധാന റോഡും പ്രതിഷേധക്കാര്‍ ഉപരോധിച്ചിരുന്നു. ഇതുകാരണമായി രാമേശ്വരത്തും രാമനാഥപുരത്തും വിനോദസഞ്ചാരികളും തീര്‍ഥാടകരും കുടുങ്ങി. തകര്‍ത്ത ട്രാക്ക് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ശരിയാക്കി

Latest