ഇത് ആഭാസകരമായ ഒരു വേഷം കെട്ട്

Posted on: November 1, 2014 6:02 am | Last updated: October 31, 2014 at 8:05 pm

kiss of love2മാതൃകാപരവും തീക്ഷ്ണവുമായ സമരപോരാട്ടങ്ങളുടെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാന്‍ സാധിക്കുന്ന പ്രബുദ്ധ മണ്ണാണ് കേരളത്തിന്റെത്. ചരിത്രത്തില്‍ ഐതിഹാസികമെന്നു പുകള്‍പെറ്റ സമരങ്ങളുടെ നിര ഏറെ ദീര്‍ഘമുള്ളതാണ്. ചരിത്രബോധവും അവകാശ ബോധവും മതിയായ വിവേകമുള്ള നേതൃത്വവും വേണ്ടത്ര രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ഒരു തലമുറയും ജീവിതത്തിന്റെ തേജസ്സാര്‍ന്ന ഒരു ആത്മീയതയും നീതിബോധവും എല്ലാം അത്തരം സമര കാലഘട്ടങ്ങളിലെ യുവതക്കുണ്ടായിരുന്നു എന്നാണ് സൂക്ഷ്മമായ പഠനത്തില്‍ ഒരു ചരിത്ര വിദ്യാര്‍ഥിക്ക് ബോധ്യമാകുക.
‘ന്യൂ ജനറേഷന്‍’ എന്നാണ് കേരളത്തിന്റെ പുതിയ തലമുറയെ, അവരുടെ ജീവിത രീതികളെ, കലയെയും സിനിമകളെയും എല്ലാം പൊതുവേ (നവ)മാധ്യമങ്ങളും സംവാദങ്ങളും അടയാളപ്പെടുത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഭാഷ. ‘പുതിയ തലമുറ’ എന്നത് മാത്രമാണ് ആ ആംഗലേയ പദത്തിന്റെ മലയാള തര്‍ജമ. പക്ഷേ, ഈ തലമുറയുടെ ആര്‍ജവത്തെയും അത്ഭുതകരമായ ധൈര്യത്തെയും ടെക്‌നോളജിയോടും വിവരസാങ്കേതികവിദ്യയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന അവരുടെ ജീവിതത്തെയും അവരുടെ അരാജകത്വത്തെയും ചരിത്രരാഷ്ട്രീയ ബോധമില്ലായ്മയെയും എല്ലാം സൂചിപ്പിക്കാന്‍ ‘ന്യൂ ജനറേഷന്‍’ എന്ന പദം ഉപയോഗിക്കപ്പെടുന്നുണ്ട്. ആ നിലക്ക് ചിലപ്പോഴൊക്കെ ആ പദം അശുഭകരമായ ചില പ്രവണതകളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു. ചുരുക്കത്തില്‍, അല്‍പ്പം അരാഷ്ട്രീയതയും ചരിത്രബോധമില്ലായ്മയും നേരിയ അരാജകത്വവും എല്ലാം ഈ തലമുറയുടെ, ആര്‍ജവത്വത്തിനും പുരോഗമനപരമായ പുതുചിന്തകള്‍ക്കും ഒപ്പം ചേര്‍ത്തുവെച്ചു കണ്ടില്ലെങ്കില്‍ അത് യാഥാര്‍ഥ്യപരമായ ഒരു നിരീക്ഷണം അല്ലാതെ പോകും.
‘നന്മയുടെ നഗരം’ എന്ന് പൊതുവേ അറിയപ്പെടുന്ന കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ എന്ന ഭക്ഷണശാല കഴിഞ്ഞ ദിവസമാണ് യുവമോര്‍ച്ച എന്ന ബി ജെ പിയുടെ യുവജന സംഘടന അടിച്ചു തകര്‍ത്തത്. ജയ്ഹിന്ദ് എന്ന കോണ്‍ഗ്രസ് ചാനലില്‍ വന്ന ഒളിക്യാമറ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വാര്‍ത്ത വന്ന് നിമിഷങ്ങള്‍ക്കകമാണ് ആ സ്ഥാപനത്തിന് നേരെ ആക്രമണം നടന്നത്. കോഴിക്കോട്ടുകാരുടെ സമാനതകളില്ലാത്ത മൂല്യബോധം കൊണ്ടാകാം, രാവിലെ വാര്‍ത്തയും ആക്രമണവും എല്ലാം നടക്കുകയും വൈകുന്നേരം ആയപ്പോഴേക്കും ആ സ്ഥാപനം ഒന്നും സംഭവിക്കാത്ത മട്ടില്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഒട്ടൊരു അത്ഭുതത്തോടെ കേരളം നോക്കിക്കണ്ടത്. യേശുദാസിന്റെ ജീന്‍സ് വിവാദത്തിനു ശേഷം, സാമൂഹിക മാധ്യമങ്ങളില്‍ അത്ഭുതകരമായ പ്രതിഷേധങ്ങളും രൂക്ഷമായ പ്രതികരണങ്ങളും ഈ ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായി. ഒളിക്യാമറ ജേര്‍ണലിസത്തിന്റെ നൈതികത മുതല്‍, ഭക്ഷണശാല ഒരു പ്രത്യേക മതത്തില്‍ പെടുന്ന യുവസംരംഭകരുടെ വിജയകരമായ ഉദ്യമം ആയതിനാലാണ് ആക്രമണം ഉണ്ടായത് എന്ന രൂപത്തില്‍ വരെയുള്ള ചര്‍ച്ചകള്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ പൊടിപൊടിച്ചു. യുവമോര്‍ച്ചയും ബി ജെ പിയും പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വൈകിയാണെങ്കിലും ബി ജെ പിയുടെ ഉത്തരവാദപ്പെട്ട നേതൃത്വം ആക്രമണത്തെ തള്ളിപ്പറയുകയും കുറ്റക്കാര്‍ക്കെതിരെ സംഘടനാ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു .
പിന്നീട് ഈ അക്രമണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ സ്വഭാവത്തില്‍ വലിയ രൂപത്തിലുള്ള രാസമാറ്റം ഉണ്ടായി. പ്രബുദ്ധ കേരളത്തില്‍ പോലും നടമാടിയ സംഘ്പരിവാര്‍ ഫാസിസത്തിനെതിരെയുള്ള രാഷ്ട്രീയപരമായ ചെറുത്തു നില്‍പ്പ് എന്നതിലുപരി, യുവതലമുറ, സ്ത്രീ പുരുഷ ഇടപഴകലുകള്‍ക്കും പരസ്യ ചുംബനങ്ങള്‍ക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങള്‍ ആയി പ്രതിഷേധങ്ങളെ മാറ്റിത്തീര്‍ത്തു. ഏറ്റവും ഒടുവിലായി കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നവംബര്‍ രണ്ടിന് ചുംബന ദിനവും ചുംബന മേളയുമൊക്കെയായി,’സംഘ്പരിവാര്‍ ആക്രമണം ചുംബനത്തിന് എതിരെയായിരുന്നു’ എന്ന പ്രതീതി ജനിപ്പിക്കുന്ന മട്ടില്‍ മുഴുവന്‍ പ്രതിഷേധങ്ങളെയും വഴിതിരിച്ചു വിട്ടിരിക്കുന്നു. ഈ വിഷയത്തെ വിശകലനം ചെയ്യുമ്പോള്‍ യുവമോര്‍ച്ചയുടെതാണോ ആദ്യ സദാചാര പോലീസിംഗ് എന്ന് പരിശോധിക്കേണ്ടേ? മറ്റു യുവജന സംഘടനകള്‍ ഈ വിഷയത്തില്‍ മാതൃകാപരമായിരുന്നോ?
ക്രിസ്റ്റ്യാനിറ്റി ഉള്‍പ്പെടെയുള്ള സെമിറ്റിക് മതങ്ങളാണ് തുറന്ന സ്ത്രീ പുരുഷ ഇടപഴകലുകളെയും ലൈംഗികതയെയും പാപമായി കാണുന്ന സങ്കല്‍പ്പം ലോകത്തിന്റെ ചിന്തകളിലേക്ക് വ്യാപിപ്പിച്ചത്. പുതിയ കാലത്ത് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഉദയം കൊണ്ട ഫാസിസമോ സംഘ്പരിവാരോ കമ്മ്യൂണിസമോ യുക്തിചിന്തയോ ആകട്ടെ, മതങ്ങളുടെ ‘അശാസ്ത്രീയത’യെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രത്യയശാസ്ത്രങ്ങള്‍ എന്ന രൂപത്തില്‍ കേരളത്തിലെങ്കിലും അതിജീവനത്തിനു ശ്രമിച്ചത്. കമ്യൂണിസത്തിന്റെയും യുക്തിചിന്തയുടെയും വസന്ത കാലത്തിലൂടെ കടന്നുപോയി നവോത്ഥാനത്തിന്റെ സുവര്‍ണ കാലഘട്ടം പിന്നിട്ട് മുന്നോട്ടു പോകുമ്പോള്‍ കേരളത്തിലെ സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ പോലും ക്രിസ്റ്റ്യാനിറ്റിയുടെ സ്ത്രീ പുരുഷ ലൈംഗിക സങ്കല്‍പ്പങ്ങള്‍, 2014 അവസാനിക്കാറാകുന്ന ഈ ഘട്ടത്തിലും സദാചാര അളവുകോലായി കണക്കാക്കുന്നു.!
കേരളത്തിന്റെ പൊതുവായ സദാചാര കാപട്യം നമ്മുടെ യുവജന സംഘടനകളെയും മാധ്യമങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലാം പല കാലങ്ങളായി പൊതുവായി ബാധിച്ചിട്ടുണ്ട് എന്നതിന് തെളിവുകള്‍ ഏറെയാണ്. ഈയടുത്താണ് സരിതാ നായരുടെ ‘വെളിപ്പെടുത്തല്‍’ കേട്ട് അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഒരു യുവജന സംഘടന കൈകാര്യം ചെയ്തത്. നിലത്തു വീണുകിടക്കുന്ന അബ്ദുല്ലക്കുട്ടിയുടെ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ കണ്ടപ്പോള്‍ നമ്മുടെ യുവജനസംഘടനകളുടെ രാഷ്ട്രീയ ബോധത്തോട് തന്നെയാണ് സഹതാപം തോന്നിയത്, അബുല്ലക്കുട്ടിയോട് ആയിരുന്നില്ല. കുറച്ചു മുമ്പാണ്, ഒരു പൊതു ചടങ്ങില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാല ജീവിതത്തെ അഹിതകരമായി പരാമര്‍ശിച്ചു എന്ന് പറഞ്ഞു ഫാസിസ്റ്റ്‌വിരുദ്ധന്‍ കൂടിയായ എഴുത്തുകാരന്‍ സക്കറിയയെ ആക്രമിച്ചത്. വേദിയും അവസരവും അറിഞ്ഞു വേണം സംസാരിക്കാന്‍ എന്നായിരുന്നു സക്കറിയക്ക് നേതാവില്‍ നിന്ന് പിന്നീട് കിട്ടിയ ഉപദേശം. ഏറ്റവും ഒടുവില്‍, കഴിഞ്ഞ ദിവസം മുപ്പതുകാരിയായ ഒരു വീട്ടമ്മ താനുമായുള്ള ബന്ധം ആരോപിച്ചു ഒരു ഓട്ടോ െ്രെഡവറെ മര്‍ദിക്കുന്നതറിഞ്ഞു ആത്മഹത്യ ചെയ്തതും ശഹീദ് ബാവ എന്ന ചെറുപ്പക്കാരന്‍ കൊലചെയ്യപ്പെട്ടതും കോഴിക്കോട്ടെ വ്യാപാരി നേതാവായിരുന്ന വ്യക്തി കൊലചെയ്യപ്പെട്ടതുമെല്ലാം മലയാളിയുടെ അനാരോഗ്യകരമായ സദാചാര ചിന്തകളുമായി ചേര്‍ത്ത് വായിക്കേണ്ടത് തന്നെയാണ്.
ഡൗണ്‍ ടൗണ്‍ ഹോട്ടലിന് എതിരായ ചുംബന സമരത്തിലേക്ക് വന്നാല്‍, മോശമല്ലാത്ത ആഭാസകരമായ ഒരു വേഷം കെട്ട് എന്നല്ലാതെ ഇതിനെ മറ്റൊന്നും വിളിക്കാന്‍ ആകില്ല. നഗ്‌നതാ സമരങ്ങള്‍ (ിൗറല ുൃീലേേെ) ലോകത്ത് അടുത്തിടെയായി വളര്‍ച്ച പ്രാപിക്കുന്ന ഒരു സമര രീതിയായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. കേരളത്തില്‍ പൊതു ഇടങ്ങളില്‍ അത്തരം സമരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി? നവംബര്‍ രണ്ടിന് മറൈന്‍ഡ്രൈവില്‍ നടക്കുമെന്ന് പറയപ്പെടുന്ന ചുംബന സമരം ഇതില്‍ നിന്നും എത്രമാത്രം വിഭിന്നമാണ്? സഹനസമരവും ഉപവാസ നിരാഹാര സമരവും പോലുള്ള ലോകമാകെ നെഞ്ചേറ്റിയ സമരരീതികള്‍ സംഭാവന ചെയ്ത രാജ്യമാണ് ഇന്ത്യ എന്ന് ഈ അവസരത്തില്‍ നാം ഓര്‍മിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍, ചാനല്‍ ക്യാമറകള്‍ക്കും വായ് നോക്കുന്ന മനുഷ്യര്‍ക്കും മുന്നില്‍ മറൈന്‍ഡ്രൈവില്‍ ലൈവ് ചുംബന മേള സംഘടിപ്പിക്കുന്നത് തികഞ്ഞ പ്രദര്‍ശനപരതയാണ്. പ്രതിഷേധത്തിന്റെ കാല്‍പ്പനികവത്കരണം എന്നും ഇതിനെ വിളിക്കാം. ഇങ്ങനെയൊക്കെ പ്രതിഷേധം പ്രകടിപ്പിച്ച് എന്തിനാണ് യുവമോര്‍ച്ചയെ ആളാക്കുന്നത്? അവരെന്താ വല്ല അമേരിക്കന്‍ സാമ്രാജ്യത്വം വല്ലതും ആണോ? യുവമോര്‍ച്ച എന്ന യുവജന സംഘടനക്ക് എന്ത് പ്രസക്തിയും പ്രാധാന്യവുമാണ് കേരളം പോലൊരു സംസ്ഥാനത്ത് ഉള്ളത്? മാത്രമല്ല, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വൈകിയാണെങ്കിലും വി മുരളീധരന്‍ പറഞ്ഞ സ്ഥിതിക്ക് അതിന്റെ രാഷ്ട്രീയ പ്രസക്തിയും നഷ്ടമായിരിക്കുന്നു. ഏറ്റവും തീക്ഷ്ണമായ വാത്സല്യമോ പ്രണയമോ സ്‌നേഹമോ സൗഹൃദമോ ഒക്കെ തോന്നുമ്പോഴാണ് നമുക്ക് ഒരാളെ ഉമ്മ വെക്കാന്‍ തോന്നുക. അതൊരു പ്രതിഷേധ മാര്‍ഗമാകുന്നത് കൃത്രിമത്വം നിറഞ്ഞ ഒന്നായിരിക്കും.
‘ന്യൂ ജനറേഷന്‍’ ഒരു നെഗറ്റീവ് പദമാകുന്നത് ഇത്തരം ചില പ്രതിലോമകതകളെ രാഷ്ട്രീയപരമായി താലോലിക്കുമ്പോള്‍ ആണ്. എന്തായാലും ചരിത്രബോധമില്ലായ്മയും മതിയായ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാത്തതുമാണ് ഇത്തരം അരാജകത്വ സമരരീതികള്‍ വളര്‍ന്നുവരാന്‍ കാരണം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിന് ഈ തലമുറയെ ഒട്ടും കുറ്റപ്പെടുത്താന്‍ ആകില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. സമൂഹവും നമ്മുടെ വിദ്യാഭ്യാസരീതികളും, ടി വിയും ഇന്റര്‍നെറ്റും മാത്രമായി അണുകുടുംബങ്ങളിലേക്ക് ഒതുങ്ങിയ ജീവിതവും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയവും കുറേ കാലമായി നിര്‍ജീവമായി കിടക്കുന്ന യുവജന സംഘടനകളും തന്നെയാണ് ഇതിനു ഉത്തരവാദികള്‍. സമരങ്ങളുടെ പ്രദര്‍ശനപരത, അതിന്റെ കാല്‍പ്പനികവത്കരണം, പാശ്ചാത്യര്‍ ചെയ്യുന്നത് എല്ലാം ശരിയെന്ന മിഥ്യാധാരണകള്‍, നമ്മുടേതായ സംസ്‌കൃതികളെയും പൈതൃകത്തെയും വിസ്മരിക്കല്‍, എല്ലാറ്റിനുമുപരി ഹൈന്ദവ ഫാസിസത്തിനെതിരെ യഥാര്‍ഥ വസ്തുതകളില്‍ നിന്ന് വഴിതെറ്റി നടക്കാന്‍ പോകുന്ന ചരിത്രത്തിലെ ഏറ്റവും ജുഗുപ്‌സാവഹമായ സമരം; ചുളുവില്‍ യുവമോര്‍ച്ചക്ക് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കിക്കൊടുക്കല്‍…. ചുംബനദിനം, ചുംബനമേള എന്നൊക്കെ പേരിട്ടു നവംബര്‍ രണ്ടിന് നടക്കുന്ന സമരാഭാസം ഇത്രയൊക്കെയാണ്.
സമരങ്ങളില്‍ രാഷ്ട്രീയവും യുക്തിയും ഒരു സമൂഹത്തിന്റെ ജനതയുടെ ഉത്കടമായ ഇച്ഛകളും പ്രതിഫലിക്കേണ്ടത് ആവശ്യമാണ് . അല്ലാത്ത ‘സമരങ്ങള്‍’ ചരിത്രത്തില്‍ അരാഷ്ട്രീയപരമായ സമരാഭാസങ്ങളായി മാത്രമാണ് അടയാളപ്പെടുത്തുക.