Connect with us

Editorial

ഭക്ഷ്യസുരക്ഷാ നിയമം: ആശങ്ക ദുരീകരിക്കണം

Published

|

Last Updated

കേരളത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനവും പാളി. പദ്ധതി ഡിസംബറിലേ ആരംഭിക്കാനാകുകയുള്ളൂവെന്നാണ് സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ പുതിയ അറിയിപ്പ്. ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ തുടങ്ങുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. മതിയായ സംഭരണ സംവിധാനം, റേഷന്‍ ഷാപ്പുകളുടെ കമ്പ്യൂട്ടര്‍വത്കരണം തുടങ്ങി പദ്ധതിക്കാവശ്യമായ പല സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണ് പദ്ധതി തുടങ്ങുന്നതിന് വിഘാതമായത്. തുടര്‍ന്നാണ് നവംബര്‍ ഒന്നിന്റെ പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ കൂടുതല്‍ സൗകര്യമേര്‍പ്പെടുത്തി പദ്ധതിക്കാവശ്യമായ സംഭരണ ശേഷി കൈവരിച്ചതായി ജനറല്‍ മാനേജര്‍ ജെ ബൈജു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പദ്ധതി വൈകുന്നത് കേന്ദ്രത്തിന്റെ നിസ്സഹകരണം കൊണ്ടാണെന്ന് കേരളവും കേരളത്തിന്റെ വീഴ്ച കാരണമെന്ന് കേന്ദ്രവും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
കമ്പ്യൂട്ടറൈസേഷന്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കാത്തതാണ് പദ്ധതി തുടങ്ങുന്നതിന് തടസ്സമെന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പസ്വാന്‍ പറയുന്നത്. കമ്പ്യൂട്ടറൈസേഷന് ക്വട്ടേഷന്‍ ക്ഷണിക്കുന്ന നടപടി മാത്രമേ ഇതിനകം നടന്നിട്ടുള്ളു. അത് പൂര്‍ത്തിയാകാതെ അനുമതി നല്‍കില്ലെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനകം പദ്ധതി നടപ്പാക്കിയ പതിനൊന്ന് സംസ്ഥാനങ്ങളിലും ഇതുവരെ കമ്പ്യൂട്ടര്‍ വത്കരണം നടപ്പാക്കിയിട്ടില്ലെന്നും ഇതേ ചൊല്ലി കേരളത്തിന് പദ്ധതി നിഷേധിക്കുന്നത് കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിന്റെ ഭാഗമാണെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പരാതി.
ബി പി എല്‍ വിഭാഗത്തില്‍ 73.08 ലക്ഷം കുടുംബങ്ങള്‍ക്കും എ എ വൈ വിഭാഗത്തില്‍ 27.57 ലക്ഷത്തിനുമായി 100.65 ലക്ഷം കുടുംബങ്ങള്‍ക്കാണ് നിലവില്‍ കുറഞ്ഞ വിലക്ക് അരിയും ഗോതമ്പും നല്‍കുന്നത്. ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍ കീഴില്‍ ഈ പട്ടിക പുനഃക്രമീകരിച്ചപ്പോള്‍ 54.15 ലക്ഷം കുടുംബങ്ങള്‍ കൂടി മുന്‍ഗണനാ വിഭാഗത്തില്‍ വന്നിട്ടുണ്ട്. നിയമം നടപ്പാകുന്നതോടെ ഇവര്‍ക്കും കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതി പല കാരണങ്ങളാലും നീണ്ടുപോകുമ്പോള്‍ ന്യായമായും ഇവര്‍ക്ക് കിട്ടേണ്ട ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. ഇതിന് കേന്ദ്രവും കേരളവും ഒരു പോലെ ഉത്തരവാദികളാണെങ്കിലും സംസ്ഥാനത്തിനാണ് കാര്യമായ വീഴ്ച സംഭവിച്ചത്. ഈ വര്‍ഷം ജൂലൈ അഞ്ചിന് പദ്ധതി തുടങ്ങണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. കേരളം സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒക്‌ടോബര്‍ പത്ത് വരെ നീട്ടിക്കൊടുക്കുകയും ചെയ്തു. ഈ സമയ പരിധിയും കടന്നുപോയിട്ടും കമ്പ്യൂട്ടര്‍ വത്കരണം എങ്ങുമെത്തിയില്ലെന്ന് മാത്രമല്ല, മുന്‍ഗണനാ ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ക്ക് പ്രയോറിറ്റി കാര്‍ഡുകള്‍ നല്‍കാനുള്ള നടപടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇവരുടെ ഫോമുകള്‍ റേഷന്‍ഷാപ്പുകളില്‍ സ്വീകരിക്കുന്ന ഘട്ടം വരെയേ ഇപ്പോള്‍ ഇതുസംബന്ധിച്ച നടപടികള്‍ എത്തിയിട്ടുള്ളു. ഇതടിസ്ഥാനത്തില്‍ കാര്‍ഡുകള്‍ നല്‍കാന്‍ അടുത്ത മാര്‍ച്ചെങ്കിലുമാകുമെന്നാണറിയുന്നത്. കാര്‍ഡ് വിതരണം പൂര്‍ത്തിയായാലേ പദ്ധതി അനുവദിക്കുകയുളളൂവെന്ന നിലപാടില്‍ നിന്ന് കേന്ദ്രം പിറകോട്ട് പൂകുന്നില്ലെങ്കില്‍ 54 ലക്ഷം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി ബദല്‍ മാര്‍ഗങ്ങള്‍ കാണേണ്ടതാണ്.
പുതുതായി മുന്‍ഗണനാ ലിസ്റ്റില്‍ വന്നവര്‍ ഉള്‍പ്പെടെ കേരളത്തില്‍ 46 ശതമാനം കുടുംബങ്ങളാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍ കീഴില്‍ വരുന്നത്. അവശേഷിക്കുന്ന 54 ശതമാനത്തിന് റേഷന്‍ കടകളും പൊതുവിതരണ കേന്ദ്രങ്ങളും വഴി നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിലയ്ക്കു തന്നെ അരി നല്‍കുമെന്ന് യു പി എ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇവര്‍ക്ക് സബ്‌സിഡി നിഷേധിക്കുമ്പോള്‍ ഭക്ഷ്യസുരക്ഷാ നിയമത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയരാനിടയുള്ള സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേക ഇളവെന്ന നിലയിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. നിയമം പ്രാബല്യത്തിലായിക്കഴിഞ്ഞാല്‍ ഏറെ താമസിയാതെ മുന്‍ഗണനാ ലിസ്റ്റിന് പുറത്തുള്ളവരുടെ ആനുകൂല്യം എടുത്തുകളയുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്രത്തില്‍ ഭരണം മാറുകയും കേരളത്തോടുള്ള കേന്ദ്രവിവേചനം പൂര്‍വോപരി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍ഗണനാ ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് നല്‍കുന്ന സബ്‌സിഡി എടുത്തു കളയുമെന്ന ആശങ്ക ശക്തിപ്പെട്ടിട്ടുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ഈ ആശങ്ക ദൂരീകരിക്കാനുള്ള നടപടികള്‍ കൂടി സംസ്ഥാനം കൈക്കൊള്ളേണ്ടതുണ്ട്.

Latest