Connect with us

Kozhikode

കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തേടിയെത്തിയവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട്: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടു പോകാനെത്തിയ സംഘവും നാട്ടുകാരും തമ്മില്‍ നഗരമധ്യത്തില്‍ സംഘര്‍ഷം. സംഘത്തിലെ ഒരാള്‍ പിടിയിലായി. നടക്കാവ് കാരാട്ട് റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നൗല്‍ ഖാദറിനെ (19) യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചിന് ബാങ്ക് റോഡില്‍ ഗള്‍ഫ് ബസാറിന് മുന്‍വശത്തായിരുന്നു വാഹനം തടഞ്ഞുനിര്‍ത്തി സിനിമാ സ്റ്റൈലിലുള്ള അക്രമം.

പന്നിയങ്കരയില്‍ ബിസിനസ് നടത്തുന്ന ഫ്രാന്‍സിസ് റോഡ് സ്വദേശിയുടെ 19 കാരിയായ മകളാണ് കഴിഞ്ഞ ഞായറാഴ്ച കാമുകന്‍ മാത്തോട്ടം സ്വദേശി ഷബീബിനൊപ്പം ഒളിച്ചോടിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ ചെമ്മങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നഗരത്തില്‍ പെണ്‍കുട്ടിയെ കണ്ടതും തിരികെ കൊണ്ടുപോകാന്‍ ശ്രമം നടത്തിയതും.
മെഡിക്കല്‍ കോളജിനു സമീപത്തെ വീട്ടില്‍ നാല് ദിവസം തങ്ങിയ കമിതാക്കള്‍ കോടതിയില്‍ ഹാജരാകാനായി പോകുന്നതിനിടെ കുട്ടിയുടെ സഹോദരന്‍ ഷഹിനും സംഘവും നടുറോഡില്‍ വാഹനം തടയുകയായിരുന്നു. പന്തീരാങ്കാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘവും ഏതാനും സുഹൃത്തുക്കളുമാണ് ഷഹിനിനൊപ്പമുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. വാടകക്കെടുത്ത വാഹനത്തില്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായാണ് ഇവരെത്തിയത്. കമിതാക്കള്‍ക്കൊപ്പം സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്ന ചിലരുമുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയുടെ സഹോദരനെയും സംഘത്തെയും ചെറുക്കാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തതോടെ ബാങ്ക് റോഡ് സംഘര്‍ഷഭരിതമായി. പോലീസെത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സംഭവസ്ഥലത്തു നിന്നും പിടിയിലായ നൗല്‍, ഷഹിനിന്റെ സുഹൃത്താണ്. ആക്രമണത്തില്‍ പരുക്കേറ്റ ഫിറോസ് മാമു എന്ന യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിസംഘത്തിലെ മറ്റംഗങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. പിടിയിലായ നൗലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാണാതായെന്ന കേസ് നിലവിലുള്ളതിനാല്‍ പെണ്‍കുട്ടിയെയും കോടതിയില്‍ ഹാജരാക്കും.
സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്, അസിസ്റ്റന്റ് കമ്മീഷണര്‍ എ ജെ ബാബു എന്നിവര്‍ കസബ സ്റ്റേഷനിലെത്തി. സി ഐ ബാബു പെരിങ്ങത്ത്, എസ് ഐ കൃഷ്ണന്‍കുട്ടി എന്നിവരാണ് സംഭവം അന്വേഷിക്കുന്നത്.

Latest