Connect with us

Kollam

ചരിത്ര സ്മാരകമായ കളത്തട്ടുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു

Published

|

Last Updated

പത്തനാപുരം: ചരിത്ര സ്മാരകങ്ങളും വഴിയോര വിശ്രമ കേന്ദ്രങ്ങളുമായ കളത്തട്ടുകള്‍ സംരക്ഷിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര സ്മാരകങ്ങളായ കളത്തട്ടുകള്‍ യഥാസമയം അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
പട്ടാഴി, പാണ്ടിത്തിട്ട, താമരക്കുടി, കുര എന്നിവിടങ്ങളില്‍ ഓരോന്നും തലവൂരിലെ രണ്ടെണ്ണവും ഉള്‍പ്പെടെ മേഖലയില്‍ ആറോളം കളത്തട്ടുകളാണുളളത്. മുന്‍ തലമുറക്കാര്‍ നടത്തിവന്നിരുന്ന ഗ്രാമ സഭകളെന്ന നാട്ടുകൂട്ടത്തിന്റെ പ്രധാന വേദികളായിരുന്നു നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളായ കളത്തട്ടുകള്‍. ഗതാഗത സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് കാല്‍ നടയായി വരുന്നവര്‍ക്ക് അഭയവും വിശ്രമകേന്ദ്രങ്ങളുമായിരുന്നു ഇവ. ഇതിനോട് ചേര്‍ന്ന് ചുമട്താങ്ങിയും പൊതു കിണറുകളും ഉണ്ടായിരുന്നു. ഇതൊക്കെ സംരക്ഷണമില്ലാതെ നശിച്ച നിലയിലാണ്. പൂര്‍ണമായും തടിയില്‍ നിര്‍മിച്ച് ഓട് പാകിയിട്ടുള്ള കളത്തട്ടുകള്‍ മണ്‍മറഞ്ഞുപോയ സംസ്‌കാരത്തിന്റെ തിരുശേഷിപ്പുകളാണ്. നാട്ടിലെ ചില പ്രമാണികളാണ് ഇത് നിര്‍മിച്ച് നല്‍കിയിരുന്നത്. പുതുതലമുറകള്‍ക്ക് ഇന്നും കൗതുകമുണര്‍ത്തുന്ന ഇത്തരം ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ ഫലപ്രദമായ നടപടികളെടുക്കണമെന്നതാണ് ആവശ്യം.