Connect with us

Articles

കള്ളപ്പണ സമ്പദ്ഘടനയും ജെയ്റ്റ്‌ലിയുടെ ബ്ലാക്‌മെയിലിംഗും

Published

|

Last Updated

അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനകം വിദേശ ബേങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെ കല്‍തുറങ്കിലടക്കുമെന്ന പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നരേന്ദ്ര മോദി നടത്തിയത്. ഹസന്‍ അലിഗാന്‍ കേസില്‍ വിദേശനിക്ഷേപമുള്ള കള്ളപ്പണക്കാരുടെ കാവല്‍ക്കാരാണോ സര്‍ക്കാറെന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് യു പി എസര്‍ക്കാര്‍ മനമില്ലാമനസ്സോടെ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറായത്. യു പി എ സര്‍ക്കാറിന്റെ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് നരേന്ദ്ര മോഡി അഴിച്ചുവിട്ടത്. വിദേശ ബേങ്കുകളിലെ നിയമവിരുദ്ധ രഹസ്യനിക്ഷേപങ്ങളെക്കുറിച്ച് തങ്ങളധികാരത്തില്‍ വന്നാല്‍ അനേ്വഷണം നടത്തുമെന്ന് കള്ളപ്പണക്കാരുടെ പട്ടികപ്രസിദ്ധീകരിക്കുമെന്നും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മോദി വീമ്പിളക്കിയിരുന്നു. യു പി എസര്‍ക്കാര്‍ വിദേശ ബേങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യപട്ടിക കൈപ്പറ്റിയെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. രണ്ടാം പട്ടിക ഒരിക്കലും കിട്ടാതിരിക്കാനുള്ള മുന്‍കരുതലുകളും യു പി എ സര്‍ക്കാര്‍ കൈകൊണ്ടു. ഈയൊരു സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണപ്രശ്‌നം കോണ്‍ഗ്രസിനെതിരെ വലിയ ആയുധമാക്കി നരേന്ദ്ര മോദി ഉപയോഗിച്ചത്.
അധികാരത്തലേറിയതോടെ മോദി കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കള്ളപ്പണക്കാരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലും മുഴുവന്‍പേരുടെയും വിവരങ്ങള്‍ സ്വിസ് ബേങ്കുകളില്‍ നിന്ന് ശേഖരിക്കാത്തതിലും കോണ്‍ഗ്രസിനെ നിരന്തരമായി കുറ്റപ്പെടുത്തിയ മോദി നിലപാടാകെ മാറ്റുകയായിരുന്നു. ഇത് മോദിയുടെ രാഷ്ട്രീയ കാപട്യവും അവസരവാദത്തെയുമാണ് സ്വയം തുറന്നുകാട്ടിയത്. കോണ്‍ഗ്രസുകാരെപോലെ കള്ളപ്പണക്കാരുടെ നല്ല സംരക്ഷകനാണ് മോദിസര്‍ക്കാറുമെന്നകാര്യമാണ് വ്യക്തമായിരിക്കുന്നത്. സ്വസ് ബേങ്കുകളില്‍ നിന്നും ജനീവന്‍സര്‍ക്കാരില്‍ നിന്നും ഇന്ത്യയിലെ രഹസ്യനിക്ഷേപകരെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പറ്റില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. കള്ളപ്പണക്കാരെ സംബന്ധിച്ച പേരുവിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാനുള്ള വ്യഗ്രതയാണ് മോദിയുടെയും ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലിയുടെയും നടപടികളിലുടനീളം ഉള്ളത്. അത്യന്തം ലജ്ജാകരമായ നീക്കമാണ് അവര്‍ നടത്തുന്നത്. യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിയ ആദ്യപട്ടികക്ക് പുറമെ രണ്ടാമത്തെ പട്ടികയും കൈമാറാന്‍ സ്വിസ് അധികൃതര്‍ തയ്യാറായിട്ടുണ്ട്. യു പി എ സര്‍ക്കാറിനെ പോലെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് നമ്മുടെ നിയമങ്ങള്‍ക്കുവിരുദ്ധമായി വിദേശ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നവരെ തൊട്ടുകളിക്കാന്‍ മോദിസര്‍ക്കാറിന് താല്പര്യമില്ല. വിചിത്രമായ മറ്റൊരുകാര്യം ഇന്ത്യന്‍ അധികാരികളുടെ ഈ മനോഭാവത്തില്‍ സ്വിസ് ബേങ്ക് അധികാരികളും ജനീവന്‍ ഭരണാധികാരികളും അത്ഭുതം പ്രകടിപ്പിച്ചിരിക്കുന്നു എന്നതാണ്.
സ്വിറ്റ്‌സര്‍ലണ്ടിലെ ജനീവയില്‍ എച്ച് എസ് ബി സി ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന 50 ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സ്വിറ്റ്‌സര്‍ലണ്ടിന് കൈമാറുമെന്നാണ് ഔദേ്യാഗിക കേന്ദ്രങ്ങളില്‍ നിന്നറിയുന്നത്. 2011-ല്‍ തന്നെ എച്ച് എസ് ബി സി ബേങ്കിലെ ജീവനക്കാരന്‍ വഴി 700 ഇന്ത്യന്‍ നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ചോര്‍ത്തികിട്ടിയതാണ്. ഇതില്‍ പെട്ട 50 പേരുടെ പട്ടിക സ്വിസ് അധികൃതര്‍ക്ക് കൈമാറുന്നത് ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാണ് എന്നാണ് കരുതുന്നത്. കേന്ദ്ര റവന്യൂ വകുപ്പിലെ ഉന്നതസംഘം ഒരാഴ്ചമുമ്പ് ജനീവയില്‍ സ്വിസ് അധികൃതരുമായി ചര്‍ച്ചനടത്തിയെങ്കിലും അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കാന്‍ അവര്‍ വിമുഖത പ്രകടിപ്പിച്ചു. എന്നാല്‍ പട്ടികയുടെ ആധികാരികത സ്ഥിരീകരിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ 50 പേരുടെ ലിസ്റ്റ് കൈമാറുന്നത്. കേന്ദ്ര റവന്യ സെക്രട്ടറി ശക്തികാന്തദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സ്വിസ് വിദേശകാര്യ സെക്രട്ടറി ജാക്വിസ്‌വാറ്റ്‌വിലെയാണ് ഇന്ത്യ ആവശ്യപ്പെട്ട വിവരം സമയബന്ധിതമായി നല്‍കാമെന്ന് സമ്മതിച്ചത്. ജാക്വിസ്‌വാറ്റ്‌വിലെ അന്താരാഷ്ട്ര ധനവിഷയങ്ങളുടെ ചുമതലയുള്ള സെക്രട്ടറി കൂടിയാണ്. ഈയൊരു പ്രതികൂല സാഹചര്യത്തില്‍ കള്ളപ്പണക്കാര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ച് മറ്റുവഴികള്‍ തേടാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൈയിലുള്ള കള്ളപ്പണക്കാരുടെ ലിസ്റ്റ് പരസ്യപ്പെടുത്തിയില്ല എന്നുമാത്രമല്ല കോടതിക്കു പോലും നല്‍കിയില്ല. രണ്ടാം ലിസ്റ്റ് ലഭിക്കാന്‍ ഭരണം നൂറ് ദിവസം പിന്നിട്ടിട്ടും സ്വിസ് അധികാരികള്‍ക്ക് ഒരു കത്ത് പോലും അയക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറായില്ല.
കള്ളപ്പണ നിക്ഷേപകര്‍ക്കും അവരെ സംരക്ഷിക്കുന്ന മോദി സര്‍ക്കാറിനുമെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിരിക്കുന്നത്. ഈ പ്രതിഷേധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് കള്ളപ്പണക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടാന്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന് ധനമന്ത്രി പ്രസ്താവിച്ചത്. യു പി എ സര്‍ക്കാറിലെ ഒരു പ്രമുഖനായ മന്ത്രിയുടെ പേരും സര്‍ക്കാരിന് ലഭിച്ച കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉണ്ടെന്നാണ് ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും നേതാക്കള്‍ കള്ളപ്പണനിക്ഷേപകരുടെ പട്ടികയിലുണ്ടെന്ന കാര്യം അരമനരഹസ്യമൊന്നുമല്ല. അത് ജയ്റ്റ്‌ലിക്കും കോണ്‍ഗ്രസ് വക്താവ് അജയ്മാക്കനും മാത്രമല്ല എല്ലാവര്‍ക്കും അറിയാം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭരണവര്‍ഗനേതാക്കള്‍ അഴിമതിയിലൂടെയും മറ്റ് അനധികൃത വഴികളിലൂടെയും സമ്പാദിക്കുന്ന പണം ഇന്ത്യയുടെ നിയമങ്ങള്‍ ബാധകമല്ലാത്ത വിദേശ ബേങ്കുകളിലേക്ക് ഒഴുക്കുകയാണെന്ന കാര്യം ഇന്ന് അങ്ങാടിപ്പാട്ടാണ്. എന്നു മാത്രമല്ല കോണ്‍ഗ്രസിനും ബി ജെ പിക്കും പിറകില്‍ കളിക്കുന്ന വന്‍കിടകുത്തകകള്‍ക്കും മാഫിയമൂലധനശക്തികള്‍ക്കും സ്വിസ്‌ബേങ്കില്‍ നിക്ഷേപമുണ്ട്. രാഷ്ട്രീയ പക്ഷപാതിത്വത്തോടെ കള്ളപ്പണപ്രശ്‌നം കൈകാര്യം ചെയ്യുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രസമ്പത്ത് കവര്‍ന്ന് വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന രാജ്യദ്രോഹനടപടികളെക്കുറിച്ച് കൗശലപൂര്‍വം മൗനം പാലിക്കുകയാണ്. ലിസ്റ്റ് പുറത്തുവന്നാല്‍ കോണ്‍ഗ്രസിന് ബുദ്ധമുട്ടാകും എന്നാണ് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്. അതായത് ബ്ലാക്മണിയുടെ പേരില്‍ അരുണ്‍ ജയ്റ്റ്‌ലി ബ്ലാക്‌മെയിലിംഗ് നടത്തുകയാണ്. കോണ്‍ഗ്രസ് പ്രശ്‌നമാക്കേണ്ട നമുക്ക് രണ്ട് പേര്‍ക്കും കൂടി കള്ളപ്പണക്കാരെയെല്ലാം സംരക്ഷിച്ചുകളയാം എന്നാണ് ഈ ബ്ലാക്‌മെയിലിംഗിന്റെ അര്‍ഥം.
ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകാനുള്ള വികസനത്തിന് ഉപയോഗിക്കേണ്ട പണമാണ് കള്ളപ്പണക്കാര്‍ തട്ടിയെടുത്ത് കൊണ്ടു പോയി വിദേശ ബേങ്കുകളില്‍ കുന്നുകൂട്ടിയത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കണക്കനുസരിച്ചുതന്നെ 1,36,000 കോടിയുടെ കള്ളപ്പണനിക്ഷേപമുണ്ട് വിദേശ ബേങ്കുകളില്‍ ഇന്ത്യക്കാരുടേതായി. ഇതെല്ലാം നാടിന്റെ വികസനത്തിനു വേണ്ടിയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും ഉപയോഗിക്കേണ്ട പണമാണെന്ന കാര്യമാണ് കള്ളപ്പണക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ കോണ്‍ഗ്രസും ബി ജെ പിയുമെല്ലാം വിസ്മരിച്ചുകളയുന്നത്. കള്ളപ്പണത്തിനെതിരെ ആഗോളതലത്തില്‍ കാമ്പയിന്‍ നടത്തുന്ന ടാക്‌സ്ജസ്റ്റിസ്‌നെറ്റ്‌വര്‍ക്ക് സമീപകാലത്ത് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമുള്ള കള്ളപ്പണം 21 ലക്ഷം കോടി ഡോളറാണത്രെ! അതായത് 1160 ലക്ഷം കോടി രൂപ! നികുതിയടക്കാത്ത മറ്റ് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ 31 ലക്ഷം കോടിയാണ് പോലും! അതായത് 1767 ലക്ഷം കോടിരൂപ!
ഇതില്‍ ഇന്ത്യയുടെ വിഹിതം 3.87 ട്രില്യന്‍ ഡോളര്‍ വരും പോലും! അതായത് 220 ലക്ഷം കോടി രൂപ. ഷാഡോ ബേങ്കിംഗ് 67 ലക്ഷം കോടി ഡോളര്‍! 3819 ലക്ഷം കോടി രൂപ! ബേങ്കിംഗ് വഴിയല്ലാത്ത കടം കൊടുക്കല്‍ അഥവാ ബ്ലേഡ് വായ്പക്കാണ് ഷാഡോ ബേങ്കിംഗ് എന്നു പറയുന്നത്. 10 വര്‍ഷം മുമ്പ് ഇത് 26 ട്രില്യനായിരുന്നു. ലോകരാജ്യങ്ങളുടെ ഔപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍പകുതി വരുന്നതാണ് ഈ കള്ളപ്പണസമ്പദ്ഘടന. ഊഹക്കച്ചവടവും അഴിമതിയും വഴി വളരുന്ന ആഗോളഫൈനാന്‍സ് മൂലധനത്തിന്റെ ചൂതാട്ടവികാസത്തിന്റെ അനിവാര്യഫലമാണിത്.
ഇന്ത്യയില്‍ 37 ലക്ഷം കോടി രൂപയുടെ ഷാഡോ ബേങ്കിംഗ് ഉണ്ട്. ഗ്ലോബല്‍ ഫിനാന്‍സ് ഇന്റഗ്രിറ്റി 2010ല്‍ പുറത്തുവിട്ട പഠനവിവരമനുസരിച്ച് 10 വര്‍ഷം കൊണ്ട് 6,75,300 കോടി രൂപയുടെ നികുതി നഷ്ടമാണ് കള്ളപ്പണ ഇടപാട് മൂലം ഇന്ത്യക്കുണ്ടായത്. നികുതി നിരക്ക് 30 ശതമാനം കണക്കാക്കിയാല്‍ 14,18,130 കോടി രൂപയുടെ നികുതിരഹിത കള്ളപ്പണ നിക്ഷേപം നടത്തിയതായി കാണാം.
രാഷ്ട്ര സമ്പത്ത് കവര്‍ന്നെടുക്കുന്ന, നിയമാതീതമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് മുതലാളിത്തം രാജ്യത്തെ ബഹുഭൂരിപക്ഷത്തെയും ദരിദ്ര കോടികളായി അധഃപതിപ്പിച്ചിരിക്കുന്നു. നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനം നിയമാനുസൃതമാക്കി കള്ളപ്പണക്കാരെ വാഴിക്കുകയാണ് നവലിബറല്‍ ഭരണനയങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യക്കാരുടെ കള്ളപ്പണം സൂക്ഷിക്കുന്ന വിദേശ ബേങ്കുകളെ കുറിച്ച് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ നമ്മുടെ മുമ്പിലുണ്ട്. സോണിയാ ഗാന്ധി മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഭരണവര്‍ഗ നേതാക്കള്‍ സ്വിസ് ബേങ്കില്‍ വിവിധ ട്രേഡ്മാര്‍ക്കുകളില്‍ സ്വകാര്യ ലോക്കറുകളുണ്ടത്രെ. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഉന്നതന്മാരും അവര്‍ക്ക് പിറകിലുള്ള കോര്‍പ്പറേറ്റുകളുമാണ് രാജ്യസമ്പത്ത് വിദേശങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി രഹസ്യനിക്ഷേപങ്ങളാക്കി മാറ്റിയിരിക്കുന്നത്. ഈ പണം തിരിച്ചുപിടിക്കണം. ഇത്തരം രാജ്യദ്രോഹികളെ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിക്കണം. അതിന് സഹായകരമാകുംവിധം കള്ളപ്പണ നിക്ഷേപകരെയും അവരുടെ നിക്ഷേപത്തെയും സംബന്ധിച്ച സമ്പൂര്‍ണ വിവരം ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. നസ്രേത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ല എന്നുപറയുന്നതുപോലെ മന്‍മോഹന്‍സിംഗില്‍ നിന്നെന്നപോലെ മോദിയില്‍ നിന്നും കള്ളപ്പണക്കാര്‍ക്കെതിരെ കാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും വലിയ ബഹുജനസമ്മര്‍ദത്തിന്റെയും കോടതി ഇടപെടലിന്റെയും പശ്ചാത്തലത്തില്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍ നിന്ന് കോണ്‍ഗ്രസുകാരും ബി ജെ പിക്കാരും വന്‍കിടക്കാരുമല്ലാത്ത ആരെയെങ്കിലും തെരഞ്ഞെടുത്ത് ചില നടപടി പ്രഹസനങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിയെന്നുവരും. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന പ്രതീതിയുണ്ടാക്കുക എന്നതുമാത്രമാണ് പ്രചാരണ വിദ്യകളുടെ ആശാനായ മോദിയുടെ ശ്രമം. കോണ്‍ഗ്രസും ബി ജെ പിയും ഈ കാര്യത്തില്‍ ഒത്തുകളിക്കുകയാണ്.